Idukki local

പ്രമാദമായ മോഷണക്കേസുകളില്‍ പോലിസ് ഇരുട്ടില്‍ തപ്പുന്നു

തൊടുപുഴ: ഏറെ കൊട്ടിഘോഷിച്ച് കുറ്റാന്വേഷണവും നിയമപാലനവും വേര്‍തിരിച്ചെങ്കിലും കാര്യമായ പ്രയോജനങ്ങളൊന്നും ഇതിലൂടെ നാടിനു ലഭിക്കുന്നില്ലെന്നു ആക്ഷേപമുയര്‍ന്നു. പ്രമാദമായ പല മോഷണക്കേസുകളിലും പ്രതികളെ പിടികൂടാന്‍ കഴിയാത്തതാണ് ഈ വിമര്‍ശനത്തിന്റെ അടിസ്ഥാനം.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ തൊടുപുഴ സബ് ഡിവിഷന്റെ കീഴില്‍ നടന്ന മോഷണങ്ങളില്‍ തുമ്പ് ലഭിക്കാതെ പോലിസ് ഇരുട്ടില്‍ തപ്പുകയാണ്.കുമാരംമംഗലം വള്ളിയാനിക്കാട് ദേവിക്ഷേത്രത്തിന്റെ ഭണ്ഡാരകുറ്റി കുത്തിത്തുറന്ന് മോഷണം നടന്നിട്ട് നാല് മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടിയിട്ടില്ല.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് മോഷണങ്ങളാണ് ഈ ക്ഷേത്രത്തില്‍ മാത്രം നടന്നത്.ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് ക്ഷേത്രത്തില്‍ അവസാനമായി മോഷണം നടന്നത്.നാല് ഭണ്ഡാര കുറ്റികളില്‍ നിന്നായി 10,000 രൂപയോളം നഷ്ടപെട്ടതായാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്.ക്ഷേത്രത്തില്‍ മോഷണം തുടര്‍ക്കഥയായതോടെ ക്ഷേത്രം കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചിരുന്നു.സംഭവുമായി ബന്ധപെട്ട് ശക്തമായ അന്വേഷണം നടത്താന്‍ കോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.കലക്ടര്‍ പോലിസിനു നിര്‍ദേശം നല്‍കിയെങ്കിലും കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല. കാഞ്ഞാര്‍ സര്‍ക്കിളിന്റെ കീഴിലും മോഷണം സംബന്ധിച്ച അന്വേഷണങ്ങളെങ്ങുമെത്താതെ പോലിസ് നിസഹായവസ്ഥയിലാണ്. വൃദ്ധയെ തലയ്ക്കടിച്ച് മാല കവര്‍ന്ന കേസില്‍ യഥാര്‍ഥ പ്രതിയെ പിടികൂടാനാവാതെ പോലിസ് നട്ടം തിരിയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍ നഷ്ടപെട്ടിട്ടും പോലിസിനു കാര്യമായി ഒന്നും ചെയ്യാനായില്ല.സംഭവുമായി ബന്ധപ്പെട്ട തലയ്ക്കടിയേറ്റ വൃദ്ധ അതീവ ഗുരുതരാവസഥയില്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.
ഇതിനുശേഷം മൂലമറ്റം ടൗണില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന വ്യക്തിയുടെ 35000 രൂപ കവര്‍ന്ന സംഭവം,ഉറങ്ങിക്കിടന്ന സ്ത്രീയുടെ പാദസ്വരം കവര്‍ച്ച,കുളിച്ചുകൊണ്ട് നിന്ന സ്ത്രീയുടെ മാല ജനലില്‍ക്കുടി തട്ടിയെടുത്ത കേസ്,ജില്ലാ പഞ്ചായത്തംഗത്തിന്റെ പിതാവിനെ മര്‍ദിച്ച കേസില്‍ നടത്തിയ കള്ളക്കളികള്‍,കുടയത്തൂരില്‍ ഹോട്ടലുകളില്‍ നടന്ന മോഷണത്തില്‍ കേസാക്കാതെ ഒതുക്കിയ സംഭവം എന്നിങ്ങനെ നിരവധി വീഴ്ചകള്‍ പോലിസിനെതിരെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.മുലമറ്റം,മുട്ടം മേഖലകളില്‍ നടക്കുന്ന മോഷണത്തില്‍ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞാല്‍ ഇലപ്പള്ളിയില്‍ വൃദ്ധയുടെ തലയ്ക്കടിയേറ്റ സംഭവത്തില്‍ നിര്‍ണായക സൂചനകള്‍ ലഭിച്ചേക്കാം.ഇലപ്പള്ളി സംഭവത്തിനുശേഷമാണ് മൂലമറ്റം മേഖലയില്‍ മോഷണങ്ങള്‍ വ്യാപകമായത്.
Next Story

RELATED STORIES

Share it