പ്രബന്ധ മോഷണം: കേരള പിവിസിയില്‍ നിന്ന് ഇന്നു തെളിവെടുക്കും

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സൈക്കോളജി പഠനവിഭാഗത്തില്‍ നിന്ന് ഡോ. ജോണ്‍ ബേബിയുടെ ഗൈഡ്ഷിപ്പില്‍ പിഎച്ച്ഡി നേടിയ കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ക്കെതിരെയുള്ള പ്രബന്ധമോഷണ ആരോപണത്തില്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് തെളിവെടുപ്പ് നടത്തും. കേരള പിവിസി ഡോ. വീരമണികണ്ഠനെ സര്‍വകലാശാലയില്‍ നേരിട്ടു വിളിച്ചുവരുത്തിയാണു വാദം കേള്‍ക്കുക. അമേരിക്കന്‍ സര്‍വകലാശാല പ്രഫസറുടെ പിഎച്ച്ഡി തീസിസില്‍ നിന്നുള്ള പ്രധാന ഭാഗങ്ങള്‍ വീരമണികണ്ഠന്‍ സ്വന്തം തീസിസിലേക്ക് കോപ്പിയടിച്ചെന്നാണു പ്രബന്ധ പരിശോധനാ കമ്മിറ്റിയിലെ വിദഗ്ധര്‍ നല്‍കിയ റിപോര്‍ട്ട്. ഡല്‍ഹി സര്‍വകലാശാലയിലെ പ്രഫസര്‍ ഉള്‍പ്പെടെയുള്ള മൂന്നു വിഷയവിദഗ്ധരായിരുന്നു കേരള പിവിസിയുടെ പ്രബന്ധം പരിശോധിച്ച് കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് റിപോര്‍ട്ട് നല്‍കിയിട്ടുള്ളത്. വീരമണികണ്ഠനെ കൂടാതെ ഇദ്ദേഹത്തിനെതിരെയുള്ള പരാതിക്കാരനായ കേരള സര്‍വകലാശാല സെനറ്റംഗം ജ്യോതികുമാര്‍ ചാമക്കാലയില്‍ നിന്നും സിന്‍ഡിക്കേറ്റ് ഉപസമിതി വാദം കേള്‍ക്കും.
വീരമണികണ്ഠന്റെ പ്രബന്ധം, വിഷയ വിദഗ്ധരുടെ റിപോര്‍ട്ട്, സിന്‍ഡിക്കേറ്റ് ഉപസമിതിക്ക് ലഭിച്ച വിശദീകരണങ്ങള്‍ തുടങ്ങിയവ വീണ്ടും വിശദമായി പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനത്തിലെത്തി സിന്‍ഡിക്കേറ്റിന് റിപോര്‍ട്ട് സമര്‍പ്പിക്കൂവെന്ന് ഉപസമിതിയംഗങ്ങളായ ഡോ. മുരുകന്‍ ബാബു, ഡോ. ആബിദാ ഫാറൂഖി, കെ എം നസീല്‍, ഡോ. വി പി അബ്ദുല്‍ നവീദ്, ആബിദ് ഹുസയ്ന്‍ തങ്ങള്‍ എന്നിവര്‍ വ്യക്തമാക്കി. ഏറെ വിവാദങ്ങളുണ്ടാക്കിയ വിഷയമായതിനാല്‍ വളരെ സൂക്ഷ്മതയോടെ പഠിച്ചു മാത്രമേ അന്തിമ റിപോര്‍ട്ട് സിന്‍ഡിക്കേറ്റിന് സമര്‍പ്പിക്കൂവെന്ന് ഉപസമിതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it