പ്രഫ. സായിബാബ വീണ്ടും ജയിലില്‍; സായിബാബക്കും അരുന്ധതിക്കുംഎതിരായ ഉത്തരവ് തെറ്റെന്ന് കട്ജു

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ പ്രഫ. ജി എന്‍ സായിബാബ അഞ്ച് മാസത്തിന് ശേഷം വീണ്ടും ജയിലിലായി. കഴിഞ്ഞ വര്‍ഷം മെയിലാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ശാരീരിക പരിമിതികളുള്ള സായിബാബയെ അറസ്റ്റ് ചെയ്തത്. 14 മാസത്തെ ജയില്‍ വാസത്തിനു ശേഷം ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അദ്ദേഹത്തിന്റെ മോശം ആരോഗ്യസ്ഥിതി പരിഗണിച്ച് ഡിവിഷന്‍ ബെഞ്ച് അനുവദിച്ച ജാമ്യമാണ് ബുധനാഴ്ച ജസ്റ്റിസ് അരുണ്‍ ചൗധരി അധ്യക്ഷനായ ഏകാംഗ ബെഞ്ച് റദ്ദാക്കിത്. 48 മണിക്കൂറിനകം കീഴടങ്ങണമെന്നും അല്ലെങ്കില്‍ അറസ്റ്റ് നേരിടണമെന്നും കോടതി സായിബാബയെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കീഴടങ്ങിയത്.
എന്നാല്‍ ജാമ്യാപേക്ഷയുമായി സുപ്രിം കോടതിയെ സമീപിക്കുമെന്ന് സായിബാബയുടെ അഭിഭാഷകന്‍ നിഹാല്‍ സിങ് റാഥോഡ് പറഞ്ഞു. താന്‍ തുടര്‍ച്ചയായി വേട്ടയാടപ്പെടുകയാണെന്ന് സായിബാബ പറഞ്ഞു. അതിനിടെ സായിബാബയെ ജയിലിലടച്ചതിനെ വിമര്‍ശിച്ച് ലേഖനമെഴുതിയ പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ കോടതിയലക്ഷ്യത്തിന് ഇതേ കോടതി നോട്ടീസയച്ചു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഔട്ട്‌ലുക്ക് മാഗസിനിലാണ് അരുന്ധതി ലേഖനമെഴുതിയത്. സായിബാബയെ അറസ്റ്റ് ചെയ്ത രീതിയെ വിമര്‍ശിക്കുന്ന ലേഖനത്തില്‍, 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്‌ലിം വിരുദ്ധ കൂട്ടക്കൊലയ്ക്കിടെ നരോദ പാട്യയില്‍ 97 പേരുടെ കൊലപാതകത്തില്‍ പങ്കെടുത്തതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ബാബു ബജ്രംഗി, അതേ സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട ഗുജറാത്ത് മുന്‍ മന്ത്രി കൂടിയായ മായ കോട്‌നാനി, വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് ഉത്തരവിട്ടതിന് അറസ്റ്റ് ചെയ്യപ്പെട്ട അമിത് ഷാ എന്നിവര്‍ വ്യത്യസ്ത കാരണങ്ങളാല്‍ ജയിലില്‍ നിന്നു പുറത്ത് വന്നപ്പോഴാണ് സായിബാബയെ പോലൊരാള്‍ക്ക് ജാമ്യം നിഷേധിക്കപ്പെടുന്നതെന്ന് ലേഖനത്തില്‍ അരുന്ധതി ചൂണ്ടിക്കാട്ടിയിരുന്നു.
സായിബാബക്ക് ജാമ്യം നിഷേധിക്കപ്പെട്ടതിലൂടെ മുഴുവന്‍ പൗരന്മാരുടെയും ജനാധിപത്യ അവകാശങ്ങളാണ് മുറിവേല്‍പിക്കപ്പെട്ടിരിക്കുന്ന—തെന്ന് സാമൂഹിക പ്രവര്‍ത്തകരും അധ്യാപകരും അഭിഭാഷകരുമടങ്ങിയ ഒരു സംഘം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സായിബാബക്കും അരുന്ധതി റോയിക്കും എതിരായ ബോബെ ഹൈക്കോടതിയുടെ ഉത്തരവുകളെ വിമര്‍ശിച്ച് സുപ്രിംകോടതി മുന്‍ ജഡ്ജി മര്‍ക്കണ്ഡേയ കട്ജുവും രംഗത്തു വന്നു. സായിബാബക്ക് ജാമ്യം നിഷേധിച്ചതും അരുന്ധതിക്കെതിരെ നോട്ടീസയച്ചതും തെറ്റായ നടപടിയാണ്. സായിബാബക്ക് നിരോധിത മാവോവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ പരിഗണിച്ച് കൊണ്ട്, ഒരു നിരോധിത സംഘടനയില്‍ അംഗമായി എന്ന ഒറ്റക്കാരണത്താല്‍ ഒരാള്‍ കുറ്റവാളിയാവുന്നില്ലെന്ന് 2011ലെ സുപ്രിംകോടതി നിരീക്ഷണമുള്‍പ്പെടെയുള്ള നിരവധി കോടതി രേഖകള്‍ ഉദ്ധരിച്ച് കൊണ്ട് കട്ജു വ്യക്തമാക്കി.
കൂടാതെ, അരുന്ധതിയുടെ ലേഖനം താന്‍ ശ്രദ്ധാപൂര്‍വം വായിച്ചുവെന്നും എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് തരുന്ന ഒരു ഭരണഘടനയുള്ള ജനാധിപത്യ രാജ്യത്ത് പ്രസ്തുത ലേഖനം എങ്ങനെയാണ് കോടതിയലക്ഷ്യമാവുന്നതെന്ന് തനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ലെന്നും ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടു. അരുന്ധതിയുടെ ലേഖനം നീതിന്യായ നടപടികളിലെ ഇടപെടലാണെന്ന പരാതി അംഗീകരിച്ചു കൊണ്ടാണ് കോടതി നോട്ടീസയച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it