പ്രധാനമന്ത്രി സാമാന്യ മര്യാദ കാട്ടിയില്ലെന്ന് കെ സി ജോസഫ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ സി ജോസഫ്. ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദനച്ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയിട്ടും നേരിട്ടുകണ്ടപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കാനുള്ള സാമാന്യ മര്യാദ പ്രധാനമന്ത്രി കാട്ടാത്തതില്‍ പ്രതിഷേധമുണ്ടെന്നു കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
പിആര്‍ഡി മന്ത്രി എന്ന നിലയിലാണ് താന്‍ സര്‍ക്കാരിനു വേണ്ടി വാര്‍ത്താസമ്മേളനം നടത്തി ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കൊല്ലത്തെ പരിപാടിയില്‍നിന്നു വിട്ടുനില്‍ക്കേണ്ടിവന്ന സാഹചര്യം വിമാനത്താവളത്തില്‍ വച്ച് രേഖാമൂലം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ആദ്യസന്ദര്‍ശനമെന്ന നിലയ്ക്ക് അദ്ദേഹത്തെ ആദരിക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍, 11ന് വെള്ളാപ്പള്ളി മന്ത്രി കെ ബാബുവിനെ വിളിച്ച് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്താല്‍ ചില പ്രതിഷേധങ്ങളുണ്ടാവുമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടുണ്ടെന്ന് അറിയിച്ചു.
അപ്പോഴും പരിപാടിയില്‍ പങ്കെടുക്കാന്‍ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. പിന്നീട് അടുത്ത ദിവസം മുഖ്യമന്ത്രിയെ നേരിട്ടുവിളിച്ച വെള്ളാപ്പള്ളി പരിപാടിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് പലതവണ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് കൊല്ലത്തെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുമോയെന്നു ചോദിച്ചു. പിഎംഒ കാണിച്ച ഈ ജാഗ്രത സംശയകരമാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്നില്ലെങ്കില്‍ അത് അറിയിക്കേണ്ടത് അദ്ദേഹമാണ്. ആവര്‍ത്തിച്ച് വിളിച്ചു ചോദിച്ചതിനെ തുടര്‍ന്ന് 12ന് ഉച്ചയ്ക്ക് മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി(ഒഎസ്ഡി)യെ വിളിച്ച് സംഘാടകര്‍ പറഞ്ഞതിനാല്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു. വൈകീട്ട് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസര്‍ ഇക്കാര്യം രേഖാമൂലം പിഎംഒയെ അറിയിക്കുകയും ചെയ്തു. വിമാനത്താവളത്തില്‍വച്ച് കത്ത് കൊടുക്കുന്നതിനു മുമ്പ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടില്ല. ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചിട്ടില്ലെന്നും ജോസഫ് വിശദീകരിച്ചു.
അതേസമയം, ആര്‍ ശങ്കറിന്റെ പ്രതിമ അനാവരണ ചടങ്ങുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നു കാണിച്ച് ജോസഫ് രാജ്‌നാഥിന് കത്തയച്ചു.
Next Story

RELATED STORIES

Share it