പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രിക്ക് വിലക്ക് ഇരുസഭയിലും ബഹളം

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയ സംഭവത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. ഇന്നു കൊല്ലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങില്‍നിന്നു കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയ സംഭവം ഇന്നലെ ഇരുസഭകളിലും ശക്തമായ ബഹളത്തിനിടയാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്‌സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം കെ സി വേണുഗോപാല്‍, എം ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ സുമിത്ര മഹാജന്‍ തള്ളി. ഇക്കാര്യം അടിയന്തരമായി ചര്‍ച്ചയ്‌ക്കെടുക്കേണ്ട കാര്യമില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ശൂന്യവേളയില്‍ ഉന്നയിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. പിന്നീട് ശൂന്യവേളയില്‍ വിഷയം അവതരിപ്പിച്ച കെ സി വേണുഗോപാല്‍, പ്രധാനമന്ത്രിയുടെ ഓഫിസ് അറിയാതെ മുഖ്യമന്ത്രിയെ ചടങ്ങില്‍നിന്ന് ഒഴിവാക്കാനാവില്ലെന്നു പറഞ്ഞു. പരിപാടി നടക്കുന്ന പ്രദേശത്തെ എംപി, എംഎല്‍എ എന്നിവരെ ക്ഷണിച്ച ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം, വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. വിവാദത്തിനു പിന്നില്‍ എസ്എന്‍ഡിപിയും സംസ്ഥാനത്തെ കോണ്‍ഗ്രസ്സും തമ്മിലുള്ള പ്രശ്‌നമാണെന്നും പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫിസിനോ ഇതില്‍ പങ്കില്ലെന്നും രാജ്‌നാഥ് വ്യക്തമാക്കി. ഇത് ഒരു പ്രാദേശിക പ്രശ്‌നമാണെന്നും ഇതില്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെ വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാവാത്ത പ്രതിപക്ഷം പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് ബഹളം വച്ചു. തുടര്‍ന്ന് സഭയില്‍നിന്ന് ഇറങ്ങിപ്പോവുകയും പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തു.
കേരളത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍നിന്ന് സംസ്ഥാന മുഖ്യമന്ത്രിയെ ഒഴിവാക്കിയതിലൂടെ പ്രധാനമന്ത്രി കേരള ജനതയെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയാണ് ഒരു സംസ്ഥാനത്തിന്റെ ശബ്ദം. അതിനാല്‍ ഈ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, കൊല്ലത്ത് നടക്കുന്നത് സ്വകാര്യ ചടങ്ങാണെന്നും ആരൊക്കെ പരിപാടിയില്‍ പങ്കെടുക്കണമെന്നു തീരുമാനിക്കേണ്ടത് സംഘാടകരാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) അറിയിച്ചു. മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പിഎംഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it