Flash News

പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല; 15ന് ശേഷം പ്രതികരിക്കാമെന്ന് വെള്ളാപ്പള്ളി

കൊല്ലം: 15ന് കൊല്ലത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന ആര്‍ ശങ്കര്‍ പ്രതിമ അനാഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി. മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന് വെള്ളാപ്പള്ളി ഫോണില്‍ ഉമ്മന്‍ചാണ്ടിയെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് പിന്‍മാറി.ഒഴിഞ്ഞ് നിന്ന് സഹായിക്കണമെന്ന് വെള്ളാപ്പള്ളി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ തയ്യാറായില്ല. താനും മുഖ്യമന്ത്രിയും തമ്മില്‍ അങ്ങനെ പലതും സംസാരിക്കുമെന്നും അതൊന്നും മാധ്യമങ്ങളോട് പറയാനാകില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കൊല്ലത്ത് പ്രതികരിച്ചു. വിഷയത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തേണ്ട സമയമല്ല ഇതെന്നും പലകാര്യങ്ങളും പരസ്യമായി പറയുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇക്കാര്യത്തില്‍ 15 ന് ശേഷം വിശദമായ ചര്‍ച്ചകളോ പ്രതികരണങ്ങളോ ആകാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
15ന് ഉച്ചയ്ക്ക് 2.45ന് കൊല്ലം എസ്എന്‍ കോളജില്‍ നടക്കുന്ന ആര്‍ ശങ്കര്‍ പ്രതിമ അനാഛാദന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു അധ്യക്ഷന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ അനാഛാദനവും വെള്ളാപ്പള്ളി മുഖ്യപ്രഭാഷണവും നടത്തുമെന്നുമായിരുന്നു നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവരില്‍ സ്ഥലം എംഎല്‍എ പി കെ ഗുരുദാസന്‍, എംപി എന്‍ കെ പ്രേമചന്ദ്രന്‍, മേയര്‍ വി രാജേന്ദ്രബാബു എന്നിവര്‍ക്ക് പുറമെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുരളീധരനും ഉണ്ട്. ഇവരെ കൂടാതെ വേദിയിലുള്ള ആറു പേരും എസ്എന്‍ഡിപി നേതാക്കളാണ്. ബിജെപിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

Next Story

RELATED STORIES

Share it