പ്രധാനമന്ത്രിസ്ഥാനത്തിന് മോദി യോഗ്യനല്ലെന്നു കോണ്‍ഗ്രസ്; രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: പരോക്ഷമായി കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചും ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 140ാം ജന്മദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. അധികാരത്തിലേക്ക് കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ തിരുകിക്കയറ്റാന്‍ ശ്രമിക്കാത്ത ആളായിരുന്നു സര്‍ദാര്‍ പട്ടേലെന്നായിരുന്നു കോണ്‍ഗ്രസ്സിനെ ഉന്നംവച്ച് മോദിയുടെ പരാമര്‍ശം.

രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നു വ്യക്തമാക്കിയാണ് മോദി പ്രസംഗം ആരംഭിച്ചത്. ചാണക്യനു ശേഷം രാജ്യത്തെ ഐക്യത്തോടെ നിലനിര്‍ത്തിയ വ്യക്തിയായിരുന്നു സര്‍ദാര്‍ പട്ടേല്‍. അദ്ദേഹത്തെപ്പോലെ പലരുടെയും ശ്രമങ്ങളുടെ ഫലമായാണു രാജ്യം ഐക്യത്തോടെ നിലകൊണ്ടത്. ഈ ഏകത താറുമാറാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മോദി പറഞ്ഞു.
അതേസമയം, മോദി പ്രധാനമന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നു കോണ്‍ഗ്രസ് പ്രതികരിച്ചു. അദ്ദേഹത്തിന് പ്രധാനമന്ത്രി പദവിയുടെ മാന്യത കാത്തുസൂക്ഷിക്കാനറിയില്ല. അറിഞ്ഞിരുന്നെങ്കില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലി കഴിച്ചവരെ അപമാനിക്കുകയില്ലായിരുന്നെന്നു കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.
പ്രധാനമന്ത്രി ഐക്യത്തിനു വേണ്ടി കൂട്ടയോട്ടം ഉദ്ഘാടനം ചെയ്യുമ്പോള്‍ ബിജെപി പ്രസിഡന്റ് ഭിന്നതയുടെയും തീവ്രവികാരം ഉണര്‍ത്തുന്നതുമായ പ്രസംഗങ്ങളാണു നടത്തുന്നത്. സര്‍ദാര്‍ പട്ടേലിനെ അനുസ്മരിക്കുന്നുവെങ്കില്‍ ആര്‍എസ്എസിനെ സംരക്ഷിച്ചുനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ ആദ്യം മാപ്പുപറയുകയാണു വേണ്ടതെന്നും ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസിനെ നിരോധിച്ച സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്കു ചുവട്ടില്‍നിന്നുതന്നെ ആര്‍എസ്എസിനെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിടാന്‍ മോദി ധൈര്യം കാണിക്കണം. സര്‍ദാര്‍ പട്ടേല്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമായിരുന്നുവെന്നത് മറക്കരുതെന്നും അദ്ദേഹത്തിന്റെ മഹത്ത്വം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതു ശരിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തെ അവഗണിച്ച സര്‍ക്കാര്‍ നടപടിയിക്കെതിരേ ഡല്‍ഹി മാണ്ഡിഹൗസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it