Pravasi

പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം പ്രവാസികളെ നിരാശരാക്കി

പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം പ്രവാസികളെ നിരാശരാക്കി
X
modi-saudi-1

റിയാദ്: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിനു മുന്നില്‍ പ്രവാസി സംബന്ധിയായ ഒന്നും പരാമര്‍ശിക്കാതെ പ്രധാനമന്ത്രി മോദി. തന്റെ ഭരണനേട്ടത്തെക്കുറിച്ചു മാത്രം വാചാലനായ പ്രധാനമന്ത്രി ഏവരെയും നിരാശരാക്കി.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് സൗദിയിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുമെന്ന് എംബസി ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിനായി റിയാദ് ഇന്റര്‍ കോണ്ടിനന്റല്‍ ഹോട്ടലില്‍ പ്രത്യേക സജ്ജീകരണവും ഒരുക്കി. നാലര മണിക്ക് ആരംഭിക്കുന്ന പരിപാടിക്ക് പതിനഞ്ചു മിനിറ്റ് മുമ്പ് എത്താനായിരുന്നു നിര്‍ദേശം. എംബസിയില്‍ നിന്നുള്ള ഔദ്യോഗിക ക്ഷണം സ്വീകരിച്ചെത്തിയവര്‍ക്ക് ഇരിപ്പിടം പോലും ഒരുക്കിയിരുന്നില്ല. സ്ത്രീകളും വൃദ്ധരുമടങ്ങുന്ന പ്രവാസി സമൂഹം മൂന്നു മണിക്കൂറോളം ഹാളില്‍ പ്രധാനമന്ത്രിയെ കാത്തുനിന്നു.
മണിക്കൂറുകള്‍ കാത്തുനിന്ന പ്രവാസി സമൂഹത്തോട് കേവലം നാലു മിനിറ്റ് മാത്രമാണ് മോദി സംസാരിച്ചത്. ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തെക്കുറിച്ച് ഒരു വാക്കുപോലും പരാമര്‍ശിച്ചില്ല. ഇന്ത്യയുമായി ചരിത്രാതീത കാലം മുതല്‍ മികച്ച ബന്ധം പുലര്‍ത്തുന്ന സൗദിയെക്കുറിച്ചോ ഔദ്യോഗികമായി തന്നെ ക്ഷണിച്ച സൗദി ഭരണനേതൃത്വത്തെ കുറിച്ചോ ഒന്നും പരാമര്‍ശിക്കാതിരുന്നതും വിമര്‍ശനത്തിനിടയാക്കി.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രഖ്യാപിച്ചതു മുതല്‍ സൗദിയിലെ സംഘപരിവാര പ്രവര്‍ത്തകര്‍ ചടങ്ങ് പൂര്‍ണമായി തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ എംബസിക്കുമേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ചില എംബസി ഉദ്യോഗസ്ഥരുടെ പ്രത്യേക താല്‍പര്യവും സംഘപരിവാര സമ്മര്‍ദ്ദവുമാണ് മോദി ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുന്ന സദസ്സില്‍ നിന്ന് കസേരകള്‍ ഒഴിവാക്കാന്‍ കാരണമെന്ന ആക്ഷേപമുണ്ട്. പ്രവാസികളിലെ മുതിര്‍ന്ന പൗരന്മാരായ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ ഇരിക്കാന്‍ പോലും സൗകര്യമില്ലാത്ത സ്വീകരണ ഹാളില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു. പ്രധാനമന്ത്രി വരാന്‍ വൈകിയതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒടുവില്‍ വെറും തറയില്‍ ഇരിക്കാന്‍ നിര്‍ബന്ധിതരായി.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സൗദിയിലെത്തിയപ്പോള്‍ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തിലായിരുന്നു സ്വീകരണം ഒരുക്കിയിരുന്നത്. അന്ന് പ്രധാനമന്ത്രി മണിക്കൂറുകളോളം പ്രവാസികള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. പങ്കെടുത്ത എല്ലാവരെയും നേരില്‍ പരിചയപ്പെടാനും അദ്ദേഹം അവസരം നല്‍കി. എന്നാല്‍, നരേന്ദ്ര മോദി വരുന്നതുമായി ബന്ധപ്പെട്ട് ഒരുക്കിയ അമിത സുരക്ഷാ നിബന്ധനകളും ഔദ്യോഗിക ചടങ്ങു വരുതിയിലാക്കാന്‍ ചില സംഘപരിവാര പ്രവര്‍ത്തകര്‍ നടത്തിയ ശ്രമങ്ങളും ജനാധിപത്യ ഇന്ത്യയിലെ പൗരന്‍മാര്‍ക്ക് അംഗീകരിക്കാനാവുന്ന തരത്തില്‍ ഉള്ളതായിരുന്നില്ല.
Next Story

RELATED STORIES

Share it