പ്രധാനമന്ത്രിയുടെ സുരക്ഷാഉദ്യോഗസ്ഥര്‍ മന്ത്രി മോഹനനെ തടഞ്ഞു; ക്ഷമ ചോദിച്ചു

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച വില്ലിങ്ടണ്‍ ഐലന്റിലെ താജ് ഹോട്ടലില്‍ എത്തിയ മന്ത്രി കെ പി മോഹനനെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.
കേരള സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രിയെ അനുഗമിക്കാന്‍ മിനിസ്റ്റര്‍ ഇന്‍ വെയ്റ്റിങ് ആയി മന്ത്രി കെ പി മോഹനനെയാണ് നിയോഗിച്ചിരുന്നത്. നാവികസേനാ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കൊപ്പം മന്ത്രി കെ പി മോഹനനും സ്വീകരിക്കാന്‍ എത്തിയിരുന്നു. ഇവിടെ നിന്നു പ്രധാനമന്ത്രി തൃശൂരിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതിനു പിന്നാലെയാണ് മന്ത്രി കെ പി മോഹനന്‍ കൊച്ചിയിലെ താജ് ഹോട്ടലിലെത്തിയത്. അവിടെ കെ പി മോഹനന് താമസിക്കാന്‍ 206ാം നമ്പര്‍ മുറി സജ്ജമാക്കിയിട്ടുണ്ടെന്നാണ് നേരത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചിരുന്നത്. എന്നാല്‍ ഹോട്ടലിന് മുന്നില്‍ എസ്പി ജി കമാന്‍ഡോകള്‍ മന്ത്രിയെ തടഞ്ഞു. മന്ത്രി ഐഡന്റിറ്റി കാര്‍ഡ് കാണിച്ചെങ്കിലും അകത്തു കടക്കാന്‍ അനുവദിച്ചില്ല. അതോടെ മന്ത്രി ഉടന്‍ അവിടെ നിന്ന് തിരിച്ച് എറണാകുളം ഗസ്റ്റ് ഹൗസിലെത്തി. വിവരം മുഖ്യമന്ത്രിയെ അറിയിച്ചു. തുടര്‍ന്ന് നടന്ന ആശയവിനിമയങ്ങള്‍ക്കൊടുവില്‍ കെ പി മോഹനനെ ഡല്‍ഹിയില്‍ നിന്ന് എസ്പിജി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പിയൂഷ് പാണ്ഡെ വിളിച്ച് അബദ്ധം സംഭവിച്ചതിന് ക്ഷമ ചോദിച്ചു.
ഇന്ന് സൈനിക മേധാവികളുടെ യോഗത്തിനു ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാനമന്ത്രി കൊല്ലത്തേക്ക് പുറപ്പെടുമ്പോള്‍ നാവികസേനാ വിമാനത്താവളത്തില്‍ അദ്ദേഹത്തോടൊപ്പം ചേരാനാണ് മന്ത്രിയുടെ തീരുമാനം.
Next Story

RELATED STORIES

Share it