പ്രധാനമന്ത്രിയുടെ റാലിക്കെതിരേ പ്രതിഷേധം; ശെയ്ഖ് അബ്ദുല്‍ റാഷിദ് എംഎല്‍എ പോലിസ് കസ്റ്റഡിയില്‍

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രീനഗറിലെ റാലിക്കെതിരേ പ്രതിഷേധിച്ചതിന് സ്വതന്ത്ര എംഎല്‍എ ശെയ്ഖ് അബ്ദുല്‍ റാഷിദിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗറിലെ ജവഹര്‍ നഗറില്‍ കുപ്‌വാര ജില്ലയിലെ ലങ്ഗാതെയില്‍ നിന്നാണ് എംഎല്‍എയായ റാഷിദിനെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത ബലൂണില്‍ ബാനറുകള്‍ കെട്ടി ഇദ്ദേഹം ആകാശത്തേക്കു പറത്തിയിരുന്നു.
രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരേ പ്രധാനമന്ത്രിയുടെ റാലി നടക്കുന്ന ഷേര്‍ എ കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്ത് പ്രതിഷേധ പ്രകടനം നടത്തുമെന്നും ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ നടപടിയുടെ ഭാഗമായി സംസ്ഥാനത്ത് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു.
ഇന്നലെ രാവിലെ 10 മുതല്‍ മോദിയുടെ സന്ദര്‍ശനം കഴിയുന്നതുവരെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സേവന ദാദാക്കള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രീനഗറിലെ പൊതുയോഗത്തിനെതിരേ ബദല്‍ റാലി നടത്താന്‍ ശ്രമിച്ചതിന് ഹുര്‍രിയത്ത് ചെയര്‍മാന്‍ സയ്യിദ് അലി ഗീലാനിയെ പോലിസ് കസ്റ്റഡിയിലെടുത്തു.
ഹൈദര്‍പോറയിലെ വസതിക്കു സമീപം വച്ചാണ് ഗീലാനിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ കുറേ മാസങ്ങളായി വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു ഗീലാനി. ഗീലാനി ആഹ്വാനം ചെയ്ത മാര്‍ച്ച് തടയുന്നതിനായി പോലിസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
Next Story

RELATED STORIES

Share it