പ്രധാനമന്ത്രിയുടെ പ്രസംഗം; വിമര്‍ശനവുമായി മുന്നണികള്‍

പ്രധാനമന്ത്രിയുടെ  പ്രസംഗം;  വിമര്‍ശനവുമായി മുന്നണികള്‍
X
modiതിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്ത്. കേരളത്തിലെ വോട്ടര്‍മാരെ വികസനത്തിന്റെ മറയിട്ട വര്‍ഗീയതയുടെ വിഷംചീറ്റി ഭിന്നിപ്പിക്കാനും അതില്‍നിന്നു നേട്ടമുണ്ടാക്കി ജയിച്ചുകയറാനും മോദി നടത്തുന്ന ശ്രമം പ്രബുദ്ധരായ ജനം അംഗീകരിക്കില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. കേരളജനത ബിജെപിയെ നിയമസഭയുടെ പടികയറ്റില്ല. വികസനത്തെക്കുറിച്ച് പറയുമ്പോള്‍ അങ്ങ് മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിനെക്കൂടി പരാമര്‍ശിക്കണമെന്നും  ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. മാരകവിഷം കുടത്തില്‍ വന്നാലും താമരയില്‍ പൊതിഞ്ഞാലും കേരളത്തില്‍ ചെലവാകില്ലെന്നു വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വര്‍ഗീയവിഷവുമായി ചില ഹെലികോപ്റ്ററുകള്‍ തലയ്ക്കു മുകളില്‍ കറങ്ങിനടക്കുകയാണ്. സൗമ്യഭാഷയില്‍ വാഗ്ദാനങ്ങളില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നത് വര്‍ഗീയ അജണ്ട തന്നെയാണെന്നും വിഎസ് ആരോപിച്ചു.   പ്രധാനമന്ത്രിയുടെ  പ്രസ്താവനകള്‍ സംഘപരിവാര പ്രചാരകന്റെ നിലവാരത്തിലായിപ്പോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുമ്പ് ആര്‍എസ്എസ് പ്രചാരകനായിരുന്നു മോദി. ആ തലത്തില്‍നിന്നുള്ള പ്രസ്താവനകളാണ് അദ്ദേഹത്തില്‍നിന്ന് ഉണ്ടായത്. അതേസമയം, പൂന്തോട്ടത്തെ നശിപ്പിക്കുന്ന കള്ളിമുള്‍ച്ചെടിയാണ് ഉമ്മന്‍ചാണ്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it