പ്രധാനമന്ത്രിയുടെ ജനന തിയ്യതി സംബന്ധിച്ചും വിവാദം

അഹ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച വിവാദങ്ങള്‍ക്കു പിന്നാലെ ജനന തിയ്യതി സംബന്ധിച്ചും തര്‍ക്കം. വിവിധ രേഖകളില്‍ മോദിയുടെ ജനന തിയ്യതി വ്യത്യസ്തമായാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് ആരോപണം. ഇതുസംബന്ധിച്ച തെളിവുകളും വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
മോദി പ്രീ-സയന്‍സ് പഠിച്ച വിസ്‌നഗര്‍ എംഎന്‍ കോളജിലെ രജിസ്റ്ററില്‍ 1949 ആഗസ്ത് 29 എന്നാണ് ജന്മദിനമായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാ ല്‍, മോദിയുടെ ജനന തിയ്യതിയായി അറിയപ്പെടുന്നത് 1950 സപ്തംബര്‍ 17 ആണ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ജനന തിയ്യതി രേഖപ്പെടുത്തിയിട്ടില്ല. പകരം പ്രായമാണു നല്‍കിയത്. മോദിയുടെ വ്യത്യസ്ത തരത്തിലുള്ള ജനന തിയ്യതികള്‍ എന്തുകൊണ്ടാണെന്ന് ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ടെന്നും പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവയില്‍ നല്‍കിയിരിക്കുന്ന ജനന തിയ്യതി എത്രയാണെന്നു വ്യക്തമാക്കണമെന്നും മുതിര്‍ന്ന കോ ണ്‍ഗ്രസ് നേതാവ് ശക്തിസിന്‍ഹ് ഗോഹില്‍ ആവശ്യപ്പെട്ടു.
56 ഇഞ്ച് നെഞ്ചളവ് എന്ന മോദിയുടെ പ്രസ്താവനയെയും അദ്ദേഹം വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ നെഞ്ചളവിനെക്കുറിച്ച് അറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കു താല്‍പര്യമില്ല. എന്നാ ല്‍, അദ്ദേഹത്തിന്റെ ശരിയായ ജനന തിയ്യതി എത്രയാണെന്നറിയാന്‍ ആകാംക്ഷയുണ്ട്. ഏതു സര്‍വകലാശാലയില്‍നിന്നാണ് അദ്ദേഹം ബിരുദം നേടിയത് ? അങ്ങനെയെങ്കില്‍ കൂടെ പഠിച്ച 10 സഹപാഠികളുടെ പേരുകള്‍ വെളിപ്പെടുത്താനും ശക്തിസിന്‍ഹ് ഗോഹില്‍ വെല്ലുവിളിച്ചു.
മോദിയുടെ വിദ്യാഭ്യാസരേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം 70 അപേക്ഷകളാണ് ഗുജറാത്ത് സര്‍വകലാശാലയ്ക്കു സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, അവയെല്ലാം രഹസ്യരേഖകളാണെന്നും വെളിപ്പെടുത്താന്‍ സാധ്യമല്ല എന്നുമാണ് വാഴ്‌സിറ്റി അധികൃതരുടെ വിശദീകരണം. ഒടുവില്‍ വിവരാവകാശ കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയതോടെ മാര്‍ക്ക് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍വകലാശാല നിര്‍ബന്ധിതമായി. മോദി 62.3 ശതമാനം മാര്‍ക്കോടെ രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയതായി ഗുജറാത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം എന്‍ പട്ടേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മോദിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിവരാവകാശ കമ്മീഷണര്‍ക്ക് കത്തെഴുതിയതിനു പിന്നാലെയാണ് ഈ നടപടി.
പന്ത്രണ്ടാം ക്ലാസിനു തുല്യമായ ഒരു വര്‍ഷത്തെ പ്രീ-സയന്‍സിന്റെ വിവരങ്ങളും ലഭ്യമല്ല. അതേസമയം, മോദിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 1978ല്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍നിന്നാണ് ബിരുദം കരസ്ഥമാക്കിയത്.
Next Story

RELATED STORIES

Share it