Editorial

പ്രധാനമന്ത്രിയുടെ ഗൂഢാലോചനാസിദ്ധാന്തം

ഭരണത്തില്‍ രണ്ടുവര്‍ഷം തികയ്ക്കാന്‍ പോവുന്ന വേളയില്‍ തന്റെ സര്‍ക്കാരിനെതിരേ ഗൂഢാലോചന നടക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡീഷയില്‍ ഒരു കര്‍ഷകറാലിയില്‍ പ്രസംഗിക്കുന്ന വേളയിലാണ് ഭരണത്തെ അസ്ഥിരീകരിക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നു പ്രധാനമന്ത്രി ആരോപിച്ചത്. ഗൂഢാലോചന നടക്കുന്നുണ്ട് എന്നു പ്രധാനമന്ത്രി പറയുമ്പോള്‍ അതിനു പിന്നില്‍ ആരാണ് എന്ന് ചൂണ്ടിക്കാട്ടാനുള്ള ഉത്തരവാദിത്തം കൂടി പ്രധാനമന്ത്രിക്കുണ്ട്. രാജ്യത്ത് ഗൂഢാലോചന നടക്കുന്നുണ്ടെങ്കില്‍ അതിന്റെ ഭീകരമായ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങളാണ്. അവരുടെ അവകാശങ്ങളാണ് കവര്‍ന്നെടുക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മുതല്‍ പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്ക് അത്താണിയായിരുന്ന സംവരണം വരെ അട്ടിമറിക്കപ്പെടുകയാണ്. നരേന്ദ്രമോദി അധികാരമേറ്റശേഷം രാജ്യത്ത് സാധാരണക്കാരുടെയും പിന്നാക്ക, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളുടെയും അവകാശങ്ങളുടെ മേല്‍ വലിയ കടന്നാക്രമണമാണു നടന്നുകൊണ്ടിരിക്കുന്നത്. അതിനു പിന്നില്‍ ശക്തമായ ഒരു ഗൂഢാലോചന പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍, ആരാണ് ഈ ഗൂഢാലോചനയ്ക്കു പിന്നില്‍ എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം, നരേന്ദ്രമോദിയെ അധികാരത്തിലെത്തിച്ച അതേ ശക്തികള്‍ തന്നെയാണ് രാജ്യത്തെ അസ്ഥിരീകരിക്കാനുള്ള അട്ടിമറിപ്പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്നു കാണാന്‍ കഴിയും. പോലിസിനെയും സര്‍ക്കാര്‍ ഏജന്‍സികളെയും തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി അവര്‍ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്.

സമൂഹത്തിന്റെ എല്ലാ മേഖലകളിലും തങ്ങള്‍ക്ക് ഹിതമല്ലാത്ത നിലപാടുകള്‍ എടുക്കുന്നയാളുകളെ ദേശദ്രോഹികള്‍ എന്ന് മുദ്രകുത്തി തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ഈ കൂട്ടര്‍. കേന്ദ്രമന്ത്രിമാരും ഭരണകക്ഷിക്കാരായ ജനപ്രതിനിധികളും അവരുടെ പിണിയാളുകളായ പോലിസുകാരും ഉദ്യോഗസ്ഥരും ഒക്കെ ഈ ഹീനമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ച് അണിനിരന്നിരിക്കുകയാണ്. സ്വാഭാവികമായും അതിനെതിരേ ശക്തമായ ജനകീയ പ്രതിരോധവും ഉയര്‍ന്നുവരുന്നുണ്ട്. അപ്പോഴാണ് ഗൂഢാലോചനാ ആരോപണവുമായി പ്രധാനമന്ത്രി അരങ്ങത്തുവരുന്നത്. സംഘപരിവാരത്തിന്റെ സാമൂഹികവിരുദ്ധവും ദേശദ്രോഹപരവുമായ സമീപനങ്ങള്‍ക്കെതിരേ രാജ്യത്ത് ശക്തമായ ഒരു പ്രക്ഷോഭതരംഗം അലയടിച്ച് ഉയരുകയാണ്. സാമൂഹികദ്രോഹികള്‍ അഴിഞ്ഞാട്ടം നടത്തുമ്പോള്‍ മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിച്ച നരേന്ദ്രമോദി, അതിനെതിരേ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരുന്നത് കാണുമ്പോഴാണ് പരിഭ്രാന്തനാവുന്നത്. കാറ്റു വിതച്ചാല്‍ കൊടുങ്കാറ്റ് കൊയ്യുകയെന്നത് സ്വാഭാവികം. തന്റെ പിന്നിലുള്ള ശക്തികളുടെ നിലവിട്ട പെരുമാറ്റം തടയുന്നതിനും ജനാധിപത്യമര്യാദകള്‍ പാലിക്കുന്നതിനും പ്രധാനമന്ത്രി ഒരിക്കലും തയ്യാറായില്ല എന്നതാണ് അദ്ദേഹം ഇന്നു നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിക്കു യഥാര്‍ഥ കാരണം. വരുംവര്‍ഷങ്ങളില്‍ നരേന്ദ്രമോദി ഭരണം കൂടുതല്‍ ഒറ്റപ്പെടുമെന്നും അതിന്റെ ജനവിരുദ്ധ സ്വഭാവം കൂടുതല്‍ വ്യക്തമായിവരുമെന്നും തീര്‍ച്ചയാണ്. ഭരണപരാജയങ്ങള്‍ മൂടിവയ്ക്കാന്‍ പണ്ട്് ഇന്ദിരാഗാന്ധിയും ഇത്തരം ഗൂഢാലോചനാസിദ്ധാന്തവും വിദേശക്കൈയും ഒക്കെ തനിക്കെതിരായ പ്രക്ഷോഭങ്ങളില്‍ കാണുകയുണ്ടായി. ഇപ്പോള്‍ മോദിയും അതേ വഴിക്കുതന്നെ പോവുന്നു. അധികാരം എല്ലാവരെയും ഒരേപോലെ ദുഷിപ്പിക്കും എന്നതിനു വേറെ തെളിവ് ആവശ്യമില്ല.
Next Story

RELATED STORIES

Share it