പ്രധാനമന്ത്രിപദം വിധിയെ ആശ്രയിച്ച്: നിതീഷ്

പട്‌ന: ബിജെപിയെ തോല്‍പിക്കാന്‍ ബിജെപി വിരുദ്ധ ശക്തികളെ ഒന്നിപ്പിക്കുന്നതിന്റെ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിക്കാന്‍ താന്‍ ശ്രമിച്ചുവരുകയാണെന്നു ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ്‌കുമാര്‍. ജെഡിയു ദേശീയ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും പദവി താന്‍ ആഗ്രഹിക്കുന്നില്ല. ബിജെപിക്കെതിരേ എല്ലാവരും ഒന്നിക്കണമെന്നാണു പറയുന്നത്. എന്നാല്‍, ഇത്തരമൊരു സഖ്യത്തിന്റെ നേതൃത്വം ആര്‍ക്കായിരിക്കുമെന്നു കാലം തീരുമാനിക്കും. പ്രധാനമന്ത്രിയാവാനാണ് ഒരാളുടെ തലവിധിയെങ്കില്‍ ഒരുനാള്‍ അയാള്‍ ആ പദവിയിലെത്തുകതന്നെ ചെയ്യും. ആദ്യം ബിജെപിക്കെതിരേ ഐക്യപ്പെടുകയാണു വേണ്ടത്. എല്ലാവരും അതിനു ത്യാഗം ചെയ്യേണ്ടിവരും. ബിഹാറില്‍ താനും ലാലുപ്രസാദ് യാദവും പ്രത്യേക ലക്ഷ്യത്തിനുവേണ്ടി ത്യാഗം ചെയ്തില്ലായിരുന്നുവെങ്കില്‍ വിശാലമായ മതനിരപേക്ഷസഖ്യം യാഥാര്‍ഥ്യമാവുമായിരുന്നില്ല. ബിഹാര്‍ മാതൃകയിലുള്ള സഖ്യം ദേശീയതലത്തിലുമുണ്ടാവണം. അങ്ങനെ സംഭവിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിയെ തോല്‍പിക്കാനാവും- നിതീഷ് പറഞ്ഞു.രാജ്യം ബിജെപി, ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന്റെ വെല്ലുവിളി നേരിടുകയാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം ബിജെപി മറന്നിരിക്കുന്നു. തിരിച്ചുകൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത കള്ളപ്പണമെവിടെ? ഓരോദിവസവും സര്‍ക്കാര്‍ ഓരോ മുദ്രാവാക്യം കൊണ്ടുവരുകയാണ്. മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുകയാണ് ആവശ്യം.
രാജ്യത്ത് മദ്യനിരോധനം നടപ്പാക്കാനുള്ള പ്രസ്ഥാനത്തില്‍ താന്‍ അണിചേരും. ജാര്‍ഖണ്ഡില്‍നിന്നും ഉത്തരാഖണ്ഡില്‍നിന്നുമാണ് അത് ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നിതീഷിന്റെ ദേശീയ അധ്യക്ഷപദവിക്ക് ജെഡിയു ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it