പ്രധാനമന്ത്രിക്ക് അഞ്ചുരൂപ അയച്ച് തൊഴിലാളികളുടെ പ്രതിഷേധം

റാഞ്ചി: മെയ്ദിനത്തില്‍ വ്യത്യസ്ഥമായ സമരമുറയുമായി ജാര്‍ഖണ്ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. വരള്‍ച്ചാ വറുതിയില്‍ കൈത്താങ്ങാവേണ്ട ഭരണകൂടം തങ്ങളുടെ വേതനം നാമമാത്രമായി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് സമരം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേതനവര്‍ധനവായ അഞ്ച് രൂപ കത്ത് മുഖേന അയച്ചാണ് തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രതിഷേധം.
പ്രതിദിന ശമ്പളത്തില്‍ അഞ്ച് രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. 162 രൂപയാണ് നേരത്തെ പ്രതിദിന ശമ്പളം. വരള്‍ച്ചാവറുതിയില്‍ നട്ടംതിരിയുന്ന തങ്ങളെ തുച്ഛമായ വേതനവര്‍ധനവിലൂടെ അപമാനിക്കുകയാണെന്നു തൊഴിലാളികള്‍ കുറ്റപ്പെടുത്തി. 212 രൂപയാണ് സംസ്ഥാനത്തെ മറ്റു തൊഴില്‍മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ മിനിമം വേതനം. അഞ്ച് രൂപ വര്‍ധനവ് അംഗീകരിക്കാനാവില്ല. ഇതുവളരെ തുച്ഛമാണ്.
അതിനാല്‍ തപാല്‍ മുഖേന അഞ്ച് രൂപ വീതം പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കാനാണ് തീരുമാനം. ആ പണം പ്രധാനമന്ത്രിക്ക് ഉപകരിക്കട്ടെയെന്നും തൊഴിലാളി പ്രതിനിധിയായ കമലേഷ് ഒറായിന്‍ വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉപജീവനമാര്‍ഗം തേടുന്ന നിരവധി കുടുംബങ്ങള്‍ സംസ്ഥാനത്തുണ്ട്. ഈ വര്‍ഷം തൊഴില്‍ദിനങ്ങള്‍ കുറവായിരുന്നു. ശമ്പളവും കൃത്യസമയത്ത് ലഭിച്ചിരുന്നില്ല. വരള്‍ച്ച കൂടിയായപ്പോള്‍ ജീവിതം പട്ടിണിയുടെ വക്കിലെത്തിയെന്ന് 65കാരിയായ ഫൂല്‍മാനിയ ദേവി പരാതിപ്പെടുന്നു.
തങ്ങളുടെ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപ്പെട്ടില്ലെങ്കില്‍. പ്രതിഷേധം ശക്തമാക്കാനാണ് തൊഴിലാളി നേതാക്കളുടെ തീരുമാനം. എന്‍ആര്‍ഇജിഎ ഫണ്ട് ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി രഘൂബാര്‍ ദാസ് കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു.
മൂന്ന് മാസത്തെ ഫണ്ട് സംസ്ഥാനത്തിന് ഇനിയും ലഭിച്ചിട്ടില്ല. ശമ്പളം 300 രൂപയായി ഉയര്‍ത്തണമെന്നാണ് തൊഴിലുറപ്പ് പദ്ധതിയുടെ ശില്‍പ്പികളിലൊരാളായ സാമ്പത്തിക വിദഗ്ധന്‍ ജീന്‍ ഡ്രെസിയുടെ അഭിപ്രായം.
Next Story

RELATED STORIES

Share it