Kerala

പ്രധാനമന്ത്രിക്കു വഴിയൊരുക്കിയത് രോഗികളുമായി വന്ന ആംബുലന്‍സ് തടഞ്ഞ്

തിരുവനന്തപുരം: വിവിഐപികളുടെ സന്ദര്‍ശനം ആശുപത്രികളില്‍ അടിയന്തര ചികില്‍സാ നടപടികളില്‍ തടസ്സം സൃഷ്ടിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും തിരക്കുപിടിച്ചുള്ള സന്ദര്‍ശനമാണ് ഡോക്ടര്‍മാരെ വലച്ചത്. നേതാക്കള്‍ക്കൊപ്പം സംസ്ഥാന-ജില്ലാ നേതാക്കളും അണികളുമടക്കം നിരവധി പേര്‍ രോഗികളെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലേക്കു പ്രവേശിച്ചത് പൊള്ളലേറ്റു കിടക്കുന്നവരുടെ സുരക്ഷയ്ക്കു തന്നെ ഭീഷണിയായി.
ഗുരുതരമായി പൊള്ളലേറ്റവരടക്കം 124 പേരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് അടിയന്തര ചികില്‍സ നല്‍കുന്നതിനിടെയാണ് പരിവാരങ്ങളുമായി വിവിഐപികള്‍ ആശുപത്രിയില്‍ ചുറ്റിക്കറങ്ങിയത്. ഡോക്ടര്‍മാര്‍ക്ക് ഇവരുടെ അകമ്പടി സേവിക്കേണ്ടിവന്നതും ചികില്‍സയ്ക്കു തടസ്സം സൃഷ്ടിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അമിത് ഷാ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. അദ്ദേഹത്തെ അനുഗമിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, നേതാക്കളായ എസ് സുരേഷ്, വി മുരളീധരന്‍, മറ്റു ജില്ലാ നേതാക്കള്‍ അടക്കം നിരവധി പേര്‍ ആശുപത്രിക്കുള്ളില്‍ പ്രവേശിച്ചു. നേതാക്കള്‍ക്കു പുറമെ ആശുപത്രിക്കു പുറത്ത് ഗണവേഷ ധാരികളായ ആര്‍എസ്എസുകാര്‍ തടിച്ചുകൂടിയത് ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചു. ഇതോടെയാണ് ആശുപത്രിയില്‍ അനൗണ്‍സ്‌മെന്റ് മുഴങ്ങിയത്. രോഗികളുടെ കൂടെ വന്നവരും നാട്ടുകാരും പ്രതിഷേധിച്ചതോടെ ഉച്ചയ്ക്കുശേഷം ജില്ലാ കലക്ടറെത്തി കൂട്ടംകൂടി നിന്ന ആര്‍എസ്എസുകാരെ ആശുപത്രിയില്‍ നിന്ന് ഒഴിപ്പിച്ചു.
[related]പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊല്ലം-തിരുവനന്തപുരം റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതു പ്രതിഷേധത്തിനിടയാക്കി. രോഗികളുമായി വരുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് രോഗികളെ കൊണ്ടുവരുന്നതും അല്‍പസമയത്തേക്കു നിയന്ത്രിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആശുപത്രി അധികൃതര്‍ക്ക് രഹസ്യനിര്‍ദേശം നല്‍കിയാണ് രോഗികളെ മാറ്റുന്നതു നിയന്ത്രിച്ചത്. ഈ വിവരം പുറത്തായതോടെ ഗുരുതരമായി പരിക്കേറ്റവരുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. തുടര്‍ന്നാണ് ഗതാഗതനിയന്ത്രണം നീക്കിയത്.
Next Story

RELATED STORIES

Share it