പ്രഥമ ബജറ്റ് സമ്മേളനം: വാഗ്ദാനം വാരിക്കോരി, ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കം

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ പ്രഥമ ബജറ്റ് സമ്മേളനത്തിനു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. ആരോഗ്യ-കാര്‍ഷിക-വ്യാവസായിക-വിവരസാങ്കേതിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന നയപ്രഖ്യാപനത്തില്‍ ജനക്ഷേമ പദ്ധതികള്‍ക്കും പ്രാമുഖ്യം നല്‍കുന്നു.
ജനങ്ങള്‍ പുതിയ സര്‍ക്കാരിനെ ഉയര്‍ന്ന പ്രതീക്ഷകളോടെയാണ് അധികാരത്തിലേറ്റിയതെന്ന പരാമര്‍ശത്തോടെയാണ് ഗവര്‍ണറുടെ പ്രസംഗം ആരംഭിക്കുന്നത്. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുമെന്നും നയപ്രഖ്യാപനം ഉറപ്പുനല്‍കുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും അഭിപ്രായത്തോടെ പുതിയ മദ്യനയം നടപ്പാക്കുമെന്നതാണു പ്രധാന പ്രഖ്യാപനം. മദ്യ ഉപഭോഗത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്നു വ്യക്തമാക്കിയ ഗവര്‍ണര്‍, സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗത്തിലും ലഭ്യതയിലും ഉണ്ടായ വര്‍ധന അസ്വസ്ഥതയുളവാക്കുന്നതാണെന്നു ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭ പാസാക്കിയ പ്രമേയത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നു പ്രഖ്യാപിക്കുമ്പോള്‍ ആതിരപ്പിള്ളി പദ്ധതിയെക്കുറിച്ചു മൗനം പാലിക്കുകയാണ്.  [related]
പ്രധാന പ്രഖ്യാപനങ്ങള്‍:
25 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍. വനിതാ ശിശുക്ഷേമത്തിനു പുതിയ വകുപ്പ്. കേരളത്തെ സമ്പൂര്‍ണ ലിംഗ-സൗഹൃദ സംസ്ഥാനമാക്കും. തദ്ദേശസ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ്. സിവില്‍ സര്‍വീസിലേക്ക് യുവാക്കളെ ആകര്‍ഷിക്കും. സംസ്ഥാനത്തെ പട്ടിണിമുക്തമാക്കും. ജെന്‍ഡര്‍ ബജറ്റും ജെന്‍ഡര്‍ ഓഡിറ്റും. തൊഴിലാളി അവകാശങ്ങള്‍ കാക്കും. പരിസ്ഥിതിയെയും വികസനത്തെയും ഒരുമിച്ചു കൊണ്ടുപോവും. വികസനപദ്ധതികള്‍ പരിസ്ഥിതിസൗഹൃദം. ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ പുനരധിവാസം ഉറപ്പാക്കും. ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധം.
ജില്ലാതലങ്ങളില്‍ ജനസമ്പര്‍ക്ക പരിപാടി. 1,500 പുതിയ സ്റ്റാര്‍ട്ട്അപ് സംരംഭങ്ങള്‍. ഇ-ഗവേണന്‍സിന് മുന്‍ഗണന. കോഴിക്കോട് സൈബര്‍ സിറ്റിക്കും തിരുവനന്തപുരം ടെക്‌നോസിറ്റിക്കും മുന്‍ഗണന. പൊതുജനങ്ങള്‍ക്ക് 1000 വൈ ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍. അധികാര വികേന്ദ്രീകരണത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കും. അംഗപരിമിതര്‍ക്കും വയോജനങ്ങള്‍ക്കും അയല്‍ക്കൂട്ട സംഘങ്ങള്‍. ജില്ലകളിലും ബ്ലോക്ക് പഞ്ചായത്തിലും സ്റ്റാര്‍ട്ട്അപ് വില്ലേജ് ഓണ്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാം. റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകള്‍ക്കു പ്രത്യേക പാക്കേജ്. കര്‍ഷകര്‍ക്കു സോയില്‍ ഹെല്‍ത്ത് കാര്‍ഡ്. നാലു ശതമാനം പലിശനിരക്കില്‍ കാര്‍ഷിക വായ്പ.
താലൂക്ക്- ജില്ലാ ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍. രണ്ടു സ്ഥാപനങ്ങളെ എയിംസ് പദവിയിലേക്ക് ഉയര്‍ത്തും. ജീവിതശൈലീ രോഗങ്ങള്‍ക്കു കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍. ഇന്‍ഷുറന്‍സ് കമ്പനികളുടെ സഹായത്തോടെ പുതിയ പ്രീ പേമെന്റ് സ്‌കീം.
കരിമണല്‍ ഖനനം പൊതുമേഖലയുടെ കീഴില്‍. മലിനീകരണ നിയന്ത്രണത്തിനു സമഗ്രനയം. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണത്തിനായി ഡാറ്റാബേസ് പ്രസിദ്ധീകരിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിന് ഇന്‍ഫര്‍മേഷന്‍ പവര്‍ ഹൗസ്. വിവിധ ഏജന്‍സികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കായികഭവന്‍. പെണ്‍കുട്ടികള്‍ക്കു മാത്രമായി സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍. കലാമണ്ഡലത്തെ സാംസ്‌കാരിക സര്‍വകലാശാലയാക്കും. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ പുതിയ ഫിലിം സിറ്റി. പട്ടിണിരഹിത സംസ്ഥാനത്തിന് വണ്‍ ടൈം ഫ്രീ മീല്‍സ് ഫോര്‍ ദി നീഡി പദ്ധതി. നെല്‍കൃഷി ഭൂമിയുടെ വിസ്തൃതി മൂന്നുലക്ഷം ഹെക്റ്ററും പച്ചക്കറികൃഷിയുടേത് 50,000 ഹെക്റ്ററുമാക്കും.
Next Story

RELATED STORIES

Share it