kozhikode local

പ്രഥമ തിരഞ്ഞെടുപ്പില്‍ സഹകരണ സംരക്ഷണ സമിതി പാനലിന് ഉജ്വല ജയം

താമരശേരി: പ്രൈമറി കോ-ഓപറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്റ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന പ്രഥമ തിരഞ്ഞെടുപ്പില്‍ സഹകരണ സംരക്ഷണ സമിതി പാനലിന് ഉജ്വല വിജയം. സമിതി സ്ഥാനാര്‍ഥികളായ എ രാഘവന്‍, ഇസ്മയില്‍ കുറുമ്പൊയില്‍, എം ദേവസ്യ, തമ്പി തോമസ്, രാധാകൃഷ്ണന്‍നായര്‍, പി വിനയകുമാര്‍, തിയ്യക്കണ്ടി രാമചന്ദ്രന്‍, ഇന്ദിര സുരേഷ്, രാധ, പാലത്ത്കണ്ടി സുനീറ എന്നിവര്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് മുഖം രക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. താമരശേരി ഗവ. യുപി സ്‌കൂളില്‍ നടന്ന തിരഞ്ഞടുപ്പ് റിട്ടേണിങ് ഓഫിസറായ സഹകരണ വകുപ്പ് കോഴിക്കോട് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ ഇന്‍്‌സ്‌പെക്ടര്‍ എ സുനില്‍കുമാര്‍ നിയന്ത്രിച്ചു.
ആകെ 14,665 അംഗങ്ങളാണ് ബാങ്കിനുള്ളത്. ഇതില്‍ 1307 പേര്‍ മാത്രമാണ് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങിയത്. ആകെ 979 വോട്ടുകള്‍ പോള്‍ ചെയ്തു. സംരക്ഷണ സമിതി സ്ഥാനാര്‍ഥികള്‍ക്കെല്ലാം 930-ലധികം വോട്ടുകള്‍ ലഭിച്ചു. പുതുതായി രൂപീകരിച്ച താമരശേരി താലൂക്ക് പരിധിയിലെ 20 വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് ബാങ്കിന്റെ പ്രവര്‍ത്തന മേഖല. നേരത്തെ കോഴിക്കോട്, കൊയിലാണ്ടി കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളുടെ പരിധിയിലുണ്ടായിരുന്ന പ്രദേശങ്ങള്‍ താമരശേരി ബാങ്കിന് കീഴിലായിരിക്കും. ഇരു ബാങ്കുകളിലെയും ഭരണസമിതിക്ക് നേതൃത്വം നല്‍കുന്നത് എല്‍ഡിഎഫാണ്. അഴിമതി വിമുക്തവും സുതാര്യവും പക്ഷപാത രഹിതവുമായ ഭരണ സംവിധാനത്തിന് ലഭിച്ച അംഗീകാരമാണ് താമരശേരി ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയം.
റിട്ടേണിങ് ഓഫീസറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ആദ്യ ഭരണസമിതി യോഗത്തില്‍ എ രാഘവനെ പ്രസിഡന്റായും ഇസ്മയില്‍ കുറുമ്പൊയിലിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.
തുടര്‍ന്ന് താമരശേരി ടൗണില്‍ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ആര്‍ പി ഭാസ്‌ക്കരകുറുപ്പ് ഉദ്ഘാടനം ചെയ്തു. വി ബാബു അധ്യക്ഷനായി.
Next Story

RELATED STORIES

Share it