പ്രത്യേക വിദ്യാഭ്യാസമേഖല കച്ചവടവല്‍ക്കരണത്തിന്  ആക്കം കൂട്ടുമെന്ന് ആശങ്ക

എം ബി ഫസറുദ്ദീന്‍

തിരുവനന്തപുരം: കേരളത്തില്‍ പ്രത്യേക ഉന്നത വിദ്യാഭ്യാസ മേഖലകള്‍ തുടങ്ങാനുള്ള നീക്കം വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരണത്തിന് ആക്കം കൂട്ടുമെന്ന് വിലയിരുത്തല്‍. ആഗോള വിദ്യാഭ്യാസ സംഗമം കഴിഞ്ഞതോടെ അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മേഖലകളും അക്കാദമിക് സിറ്റികളും കേരളത്തില്‍ ആരംഭിക്കാനുള്ള നീക്കം ശക്തിപ്പെട്ടു. വിദേശത്തു നിന്നും സ്വദേശത്തുനിന്നുമുള്ള സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അക്കാദമിക് സോണുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള നീക്കമാണ് നടക്കാന്‍ പോവുന്നത്. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് സമാനമായ ഈ അക്കാദമിക് സോണുകളിലെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവില്ലെന്നും ഉറപ്പായി.
ഉന്നത നിലവാരമുള്ള വിദേശ സര്‍വകലാശാലകളുമായി അക്കാദമിക് ബന്ധമുള്ള സര്‍വകലാശാലകള്‍ കേരളത്തിലുണ്ടായിരിക്കേ സര്‍ക്കാര്‍ നടത്തുന്ന പുതിയ നീക്കങ്ങള്‍ക്കെതിരേ ശക്തമായ ആരോപണവുമായി വിദഗ്ധര്‍ രംഗത്തെത്തി കഴിഞ്ഞു. നിലവിലുള്ള സര്‍വകലാശാലകള്‍ ശക്തിപ്പെടുത്താതെ വിദേശ സര്‍വകലാശാലയ്ക്ക് ഉപാധികളില്ലാതെ വിദ്യാഭ്യാസരംഗം തുറന്നു കൊടുക്കുന്നത് വിദ്യാഭ്യാസരംഗത്തെ കച്ചവടവല്‍ക്കരിക്കാനാണെന്നാണ് ആരോപണം.
ദുബയ് അക്കാദമിക് സിറ്റിയെ മാതൃകയാക്കിയാണ് കേരളത്തിലും അക്കാദമിക് സിറ്റി തുടങ്ങുന്നതെന്നാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പറയുന്നത്. എന്നാല്‍, ദുബയ് അക്കാദമിക് സിറ്റിയുടെ പഠന നിലവാരത്തെക്കുറിച്ച് ഉയര്‍ന്നുവരുന്ന പരാതികളെ സംഗമം നടത്തുന്നവര്‍ അവഗണിക്കുന്നു. ദുബയ് അക്കാദമിക് സിറ്റി തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന സര്‍വകലാശാലകളില്‍ ഭൂരിഭാഗവും പിന്‍മാറിയതായാണ് റിപോര്‍ട്ട്. ഉള്ളവതന്നെ വിദ്യാര്‍ഥികളെ കിട്ടാനില്ലാതെ വീര്‍പ്പുമുട്ടുകയാണ്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയ ശേഷമാണ് അക്കാദമിക് സിറ്റിയിലേക്ക് സര്‍വകലാശാലകളെ ദുബയ് ക്ഷണിച്ചത്. എന്നിട്ടും അവര്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല.
പ്രത്യേക സാമ്പത്തിക മേഖലക്കുള്ളതുപോലെ പ്രത്യേക വിദ്യാഭ്യാസമേഖലയ്ക്കും പല വ്യവസ്ഥകളിലും ഇളവു നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. സ്വദേശത്തെയും വിദേശത്തെയും സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ നടത്തി വിദ്യാര്‍ഥികള്‍ക്ക് ബിരുദം നല്‍കാന്‍ അധികാരമുണ്ടാവും. പ്രമുഖ അന്താരാഷ്ട്ര സര്‍വകലാശാലകളുമായി അക്കാദമിക ബന്ധവും വിദ്യാഭ്യാസമേഖലയില്‍ മുതല്‍ മുടക്കാന്‍ ശേഷിയുമുള്ള സ്ഥാപനങ്ങള്‍ക്കാകും പ്രത്യേക വിദ്യാഭ്യാസ മേഖലയ്ക്കായി സര്‍ക്കാര്‍ അനുമതി നല്‍കുക. 20 ഏക്കര്‍ സ്ഥലവും അഞ്ച് വര്‍ഷം ഈ രംഗത്ത് പരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഇവിടെ അന്താരാഷ്ട്രനിലവാരമുള്ള വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കണം. പീരുമേട് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ മരിയം കോളജ് കുട്ടിക്കാനം, അഹല്യ ഇന്റര്‍നാഷനല്‍ പാലക്കാട്, ആറന്മുള വിമാനത്താവളത്തിന് തുടക്കമിട്ട കമ്പനിയുടെ നിയന്ത്രണത്തിലുള്ള മൗണ്ട് സോണ്‍, തിരുവനന്തപുരം നിംസ്, രാജഗിരി കോളജ്, ഡിഎം റിസര്‍ച്ച് ഫൗണ്ടേഷന്‍, ചാലക്കുടി നിര്‍മലഗിരി കോളജ് ഓഫ് എന്‍ജിനീയറിങ്, വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിങ്, ശ്രീഗോകുലം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യുക്കേഷന്‍ എന്നീ ഏജന്‍സികളാണ് പ്രത്യേക വിദ്യാഭ്യാസ മേഖല തുടങ്ങാന്‍ താത്പര്യപത്രം നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it