പ്രതീക്ഷകളും ആശങ്കകളും

എന്‍ പി ചെക്കുട്ടി

പുതുവര്‍ഷത്തെ പ്രതീക്ഷകളോടെയും ആശങ്കകളോടെയുമാണ് മലയാളി എതിരേല്‍ക്കുന്നത്. കേരളീയ സമൂഹത്തിന്റെ അകക്കാമ്പില്‍ എന്തോ ചീഞ്ഞുനാറുന്നതായും സമൂഹം വലിയൊരു പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുന്നതായുമുള്ള തോന്നലുകള്‍ ഉള്ളില്‍ അസ്വസ്ഥതയുണര്‍ത്തുംവിധം വര്‍ധിച്ചുവരുകയാണ്.
ഒരുപക്ഷേ, കഴിഞ്ഞുപോയ മാസങ്ങളിലെ പ്രചണ്ഡമായ വിഭാഗീയതയുടെയും വര്‍ഗീയതയുടെയും മുദ്രാവാക്യങ്ങളും പ്രഖ്യാപനങ്ങളും നമ്മെ അസ്വസ്ഥരാക്കുകയായിരിക്കാം. കഴിഞ്ഞുകൂടാന്‍ നാലടി മണ്ണും ചെറിയൊരു കെട്ടിടവും കഷ്ടിച്ചു നാള്‍ തള്ളിനീക്കാന്‍ എന്തെങ്കിലുമൊരു തൊഴിലുമായി ദിനരാത്രങ്ങള്‍ ഉന്തിനീക്കുന്ന സാധാരണ മലയാളിയെ സംബന്ധിച്ചിടത്തോളം ചുറ്റിലും കാണുന്ന കാഴ്ചകളും കേള്‍ക്കുന്ന വാക്കുകളും നടുക്കമുളവാക്കുന്നതാണ്. കേരളം നമുക്ക് അപരിചിതമായ ഏതോ ചതിക്കുഴികളിലേക്കു കണ്ണുംമൂടി എടുത്തുചാടുകയാണോ എന്ന ആശങ്ക മനസ്സില്‍ നിറയുന്നു.
നഗ്നമായ വര്‍ഗീയ നിലപാടുകളും ജാതി-മതവിഭജനത്തിന്റെ വാദഗതികളും സാമൂഹികവിരുദ്ധമായ ചിന്താപദ്ധതികളും പൊതുസമൂഹത്തിലും മാധ്യമങ്ങളിലും നിറഞ്ഞാടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. പ്രകോപനപരമായ നിലപാടുകള്‍ സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിരന്തരമായി വന്നുകൊണ്ടിരിക്കുന്നു. അതിനെ പ്രതിരോധിക്കാനുള്ള കേരളീയ സമൂഹത്തിന്റെ ശേഷി തുലോം ശോഷിച്ചതായി അനുഭവപ്പെടുന്നു.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആരവം ഒടുങ്ങും മുമ്പേ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ഒരുപക്ഷേ, ഈ രണ്ടു തിരഞ്ഞെടുപ്പുകള്‍ക്കിടയിലാണ് പുതുവര്‍ഷം കയറിവരുന്നത് എന്നതുകൊണ്ടുകൂടിയാവാം, അങ്ങേയറ്റം മലീമസമായ ഒരു സാമൂഹിക ചുറ്റുപാടില്‍ നാം പുതുവര്‍ഷത്തെ വരവേല്‍ക്കേണ്ടിവരുന്നത്. അപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം, കേരളത്തില്‍ നമുക്കു തിരഞ്ഞെടുപ്പുകളില്‍ ചര്‍ച്ച ചെയ്യാന്‍ വര്‍ഗീയതയും വിഭാഗീയതയുമല്ലാതെ മറ്റൊരു വിഷയവും ഇല്ലാതായോ എന്നതുതന്നെ. ചുറ്റും നടക്കുന്ന വായ്ത്താരി കേള്‍ക്കുമ്പോള്‍ മലയാളി പൂര്‍ണമായും വര്‍ഗീയവല്‍ക്കരിക്കപ്പെട്ടതായി അനുഭവപ്പെടും. കാഫ്കയുടെ മെറ്റമോര്‍ഫോസിസ് എന്ന കഥയുടെ ഒരു പുനരാഖ്യാനം പോലെ. ഇന്നു ശരാശരി മലയാളി നിഷേധാത്മക ചിന്തകള്‍ക്കപ്പുറം മറ്റൊന്നും ആലോചിക്കാനാവാത്തവിധം മാനസികമായ മുരടിപ്പില്‍ എത്തിച്ചേര്‍ന്നുകഴിഞ്ഞുവോ?
എന്തുകൊണ്ടാണ് ഇത്തരമൊരു ചേരിതിരിവ് കേരളത്തില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്? സമൂഹത്തില്‍ വര്‍ഗീയവും വിഭാഗീയവുമായ നിലപാടുകള്‍ ആഴത്തില്‍ വേരു പടര്‍ത്താന്‍ തുടങ്ങിയോ? അതോ മറ്റെന്തെങ്കിലും സാമൂഹിക-സാമ്പത്തിക ഘടകങ്ങള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?
കേരളീയ സമൂഹത്തെ എന്നും കെട്ടുറപ്പോടെ നിര്‍ത്തിയത് വ്യത്യസ്ത സമുദായങ്ങളെ പരസ്പര സഹായത്തിന്റെയും സഹകരണത്തിന്റേതുമായ ഒരു തലത്തില്‍ നിലനിര്‍ത്തിയ സാമൂഹിക-സാമ്പത്തിക ഘടകങ്ങളാണ്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങള്‍ തമ്മില്‍ ആഴത്തിലുള്ള കൊടുക്കല്‍വാങ്ങലുകള്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ്. മലബാറില്‍ സാമൂതിരിയുടെയും തെക്ക് കൊച്ചി, തിരുവിതാംകൂര്‍ രാജ്യങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ ഹിന്ദു ഭരണാധികാരികളും അവരുടെ വ്യത്യസ്ത സമുദായക്കാരായ പ്രജകളും തമ്മിലുള്ള ബന്ധത്തിലെ കൊടുക്കല്‍വാങ്ങലുകളുടെയും സഹകരണത്തിന്റേതുമായ ഈ ഘടകങ്ങളെ വേര്‍തിരിച്ചെടുക്കാനാവും. വിവിധ ഘട്ടങ്ങളില്‍ പുതിയ സാമൂഹിക ശക്തികള്‍ രംഗത്തുവന്ന് അതിനു വെല്ലുവിളി ഉയര്‍ത്തിയ വേളയില്‍ സമൂഹം എങ്ങനെയാണ് പ്രതികരിച്ചത് എന്നതില്‍ നിന്ന് സമകാല കേരളത്തിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരം തേടി ചില ദിശാസൂചനകള്‍ ഒരുപക്ഷേ ലഭ്യമായെന്നും വരാം.
ധാരാളം ക്ഷേത്രങ്ങളും ക്ഷേത്രസ്വത്തുക്കളും കൈവശം വച്ച ഹിന്ദു രാജാവായിരുന്നു സാമൂതിരിപ്പാട്. സാമൂതിരിപ്പാടും മൈസൂര്‍ സുല്‍ത്താനും തമ്മില്‍ ചില സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കാനുണ്ടായിരുന്നതില്‍ സാമൂതിരിക്കു വീഴ്ച വന്നപ്പോഴാണ് മലബാറിലേക്കുള്ള ടിപ്പുവിന്റെ പടയോട്ടം നടന്നത്. ടിപ്പു മലബാര്‍ കീഴടക്കിയെങ്കിലും അദ്ദേഹത്തിന്റെ ഭരണകാലത്തോ പില്‍ക്കാലത്തോ മലബാറില്‍ എവിടെയും മുന്‍കാല പ്രമാണിമാരായ ഹിന്ദുക്കളും പുതിയ അധികാരശക്തികളായ മുസ്‌ലിംകളും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മയോ തര്‍ക്കങ്ങളോ ഉണ്ടായതായി കാണാന്‍ കഴിയില്ല. ഭരണരംഗത്ത് സമുദായങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള സാമൂതിരിയുടെ നയസമീപനങ്ങളില്‍ കാര്യമായ മാറ്റമൊന്നും മൈസൂര്‍ ഭരണകാലത്തും സംഭവിച്ചിട്ടില്ല. സാമൂതിരിയുടെ പ്രധാന വരുമാനമാര്‍ഗമായ തുറമുഖവും കച്ചവടവും കോഴിക്കോട്ടെ മുസ്‌ലിംകളുടെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു നൂറ്റാണ്ടുകളോളം. ഷാബന്ദര്‍ കോയ എന്നായിരുന്നു സാമൂതിരിയുടെ തുറമുഖ ചുമതലക്കാരന്റെ നാമവും.
ഇതേ സാമൂഹിക കൂട്ടുകെട്ട് തെക്കന്‍ ഭാഗങ്ങളിലും കാണാന്‍ കഴിയും. 16ാം നൂറ്റാണ്ടിലെ ഉദയംപേരൂര്‍ സുനഹദോസിന്റെ കാലത്ത് പോര്‍ച്ചുഗീസ് സഭയുടെ ആധിപത്യത്തെ ചെറുത്തുനിന്ന പരമ്പരാഗത സുറിയാനി ക്രിസ്ത്യാനികളെ വരുതിയിലാക്കാന്‍ കൊച്ചി രാജാവിന്റെ സഹായം തേടി ഗോവയിലെ പോര്‍ച്ചുഗീസ് ബിഷപ് തന്നെ വരാപ്പുഴയില്‍ എത്തിച്ചേരുകയുണ്ടായി. കൊച്ചി രാജ്യത്തെ വാണിജ്യരംഗത്ത് ഈ സാമൂഹിക വിഭാഗങ്ങള്‍ സുപ്രധാനമായ സ്ഥാനമാണ് കൈവശംവച്ചിരുന്നത്. രാജാവും പ്രജകളും തമ്മിലുള്ള ഇഴയടുപ്പം തങ്ങളുടെ കാര്യസാധ്യത്തിന് ഉപയോഗിക്കാനാണ് പോര്‍ച്ചുഗീസുകാര്‍ തയ്യാറായത്. പക്ഷേ, അതുകൊണ്ടൊന്നും പരമ്പരാഗത സാമൂഹിക ബന്ധങ്ങള്‍ തകര്‍ക്കപ്പെടുകയുണ്ടായില്ല. ക്രൈസ്തവര്‍ പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരേ ഫോര്‍ട്ട് കൊച്ചിയിലെ കൂനന്‍ കുരിശ് തൊട്ടു സത്യം ചെയ്തത് കൊച്ചി രാജാവിന്റെ അറിവോടും അനുമതിയോടും കൂടിയായിരുന്നു.
കേരളത്തിന്റെ ചരിത്രത്തിലെ സങ്കീര്‍ണമായ കാലഘട്ടങ്ങളില്‍ സാമൂഹിക ജീവിതത്തിലെ കെട്ടുറപ്പിന്റെയും സഹകരണത്തിന്റെയും മുഖ്യ ഉത്തോലകമായി പ്രവര്‍ത്തിച്ചത് വ്യത്യസ്ത സമുദായക്കാരായ പ്രമാണിവിഭാഗങ്ങളും ഭരിക്കുന്ന തമ്പുരാക്കന്മാരും തമ്മിലുള്ള അടുപ്പവും സഹകരണവും ബന്ധങ്ങളുമാണ്. തിരുവിതാംകൂറില്‍ തീണ്ടല്‍ജാതിക്കാരായിരുന്നിട്ടുപോലും ചാന്നാന്മാരില്‍ വിദേശികളുമായി കച്ചവടബന്ധമുള്ള കുടുംബങ്ങളുണ്ടായിരുന്നു. മലബാറിലും കൊളോണിയല്‍ ഭരണത്തിന്റെ ആദ്യകാലമായ 1790കള്‍ മുതല്‍ തീണ്ടല്‍സമുദായക്കാരായ തിയ്യരും തീരദേശത്തെ മാപ്പിളമാരും വിദേശികളുമായി വന്‍തോതില്‍ വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നതായി രേഖകളില്‍ കാണാം.
ഇത്തരത്തിലുള്ള സാമൂഹിക ബന്ധങ്ങളുടെ ദീര്‍ഘ ചരിത്രമാണ് സംഘര്‍ഷങ്ങളുടെ കാലത്തുപോലും കേരളീയ സമൂഹത്തെ ഒന്നിച്ചുനിര്‍ത്തിയത്. 1921ലെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് തിരുവിതാംകൂറുകാരനായ കവി കുമാരനാശാന്‍ ദുരവസ്ഥ എന്ന തന്റെ പ്രഖ്യാതമായ കൃതി എഴുതുന്നത്. അതില്‍ സാവിത്രി അന്തര്‍ജനം തന്റെ ഇല്ലം വെടിഞ്ഞത് 'ക്രൂരമുഹമ്മദന്മാരു'ടെ ആക്രമണം കാരണമാണെന്നു പറയുന്നത് പില്‍ക്കാലത്ത് സംഘപരിവാരങ്ങളുടെ വര്‍ഗീയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു സഹായകമായി.
എന്നാല്‍, നമ്പൂതിരി ഇല്ലങ്ങളും ചില നായര്‍ തറവാടുകളും കലാപകാലത്ത് ആക്രമണത്തിന് ഇരയായത് പാട്ടക്കാരും വെറുംപാട്ടക്കാരുമായി കഴിഞ്ഞുകൂടിയ മാപ്പിളമാരുടെ സങ്കടങ്ങളുടെ പൊട്ടിത്തെറിയുടെ ഭാഗമായിട്ടായിരുന്നുവെന്നതു ചരിത്രം. അതുകൊണ്ടാണ് ബ്രാഹ്മണനായ മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും മഞ്ചേരിയിലെ ജന്മികുടുംബാംഗമായ എം പി നാരായണമേനോനും മലബാറിലെ മാപ്പിളകലാപകാരികളുടെ കൂടെ ദീര്‍ഘകാലം ബ്രിട്ടിഷ് തടവറയില്‍ കഴിഞ്ഞുകൂടിയത്. 1921നു ശേഷം ഒരിക്കല്‍ പോലും കലാപം നടന്ന പ്രദേശങ്ങളില്‍ ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ സാമുദായിക സംഘര്‍ഷം ഉണ്ടായിട്ടില്ലെന്ന ചരിത്രവസ്തുതയുടെ കാരണവും ഇതുതന്നെ.
ചുരുക്കത്തില്‍, കേരളത്തിന്റെ ചരിത്രം പറഞ്ഞുതരുന്നത്, പ്രചണ്ഡമായ വര്‍ഗീയ പ്രചാരണങ്ങള്‍ക്കപ്പുറം വസ്തുനിഷ്ഠമായ സാമൂഹിക-സാമ്പത്തിക ഘടകങ്ങളാണ് കേരളത്തിന്റെ സാമുദായിക ഐക്യത്തിനും അതിന്റെ മതേതര സാമൂഹിക ഘടനയ്ക്കും ശക്തി പകരുന്നത് എന്നുതന്നെയാണ്. വസ്തുതാവിരുദ്ധമായ പ്രചാരവേലയും വര്‍ഗീയ നിലപാടുകളും താല്‍ക്കാലികമായി ജനങ്ങളെ തെറ്റായ പാതയിലൂടെ നയിക്കുകയും സാമൂഹികമായ സംഘര്‍ഷങ്ങള്‍ക്കു കാരണമാവുകയും ചെയ്തിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍, അതിനപ്പുറം സ്ഥായിയായ താല്‍പര്യങ്ങളും ബന്ധങ്ങളും ചരിത്രവും സമൂഹത്തെ ഒരേ ചരടില്‍ കോര്‍ക്കാന്‍ പര്യാപ്തമായ ഘടകമായി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാവണം, വര്‍ഗീയ പ്രചാരവേലകളും വിഭാഗീയ പ്രവര്‍ത്തനങ്ങളും അധികം വൈകാതെ കെട്ടടങ്ങുകയും ജനങ്ങള്‍ തങ്ങളുടെ ദീര്‍ഘകാല ചരിത്രാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മതേതര പാരമ്പര്യം നിലനിര്‍ത്തുകയും ചെയ്യുകയാണ് പതിവ്.
ഈ അനുഭവങ്ങളും ചരിത്രവും ജനനേതാക്കള്‍ക്ക് ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ വര്‍ഗീയതയെ പുല്‍കുന്നവരല്ല. ശക്തവും ദിശാബോധമുള്ളതുമായ നേതൃത്വം മുന്‍കാലങ്ങളില്‍ ഇത്തരം വിഷമഘട്ടങ്ങളില്‍ അവരെ ശരിയായ പാതയില്‍ നയിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. ബീഫ് തീറ്റമല്‍സരത്തിന്റെയും ഗോപൂജയുടെയും പ്രചണ്ഡയുഗത്തില്‍ സാധാരണ ജനങ്ങളെ കൂട്ടിയോജിപ്പിക്കുകയും അവരെ സാമൂഹിക ഐക്യത്തിന്റെയും വികസനത്തിന്റെയും മുദ്രാവാക്യങ്ങളുടെ പാതയിലൂടെ നയിക്കുകയുമാണ് പ്രധാനം. $
Next Story

RELATED STORIES

Share it