പ്രതിഷേധത്തിനു മുമ്പില്‍ സര്‍ക്കാര്‍ വഴങ്ങി; ഇപിഎഫ് നികുതി നിര്‍ദേശം പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഇപിഎഫ് പിന്‍വലിക്കുമ്പോള്‍ അതിന്റെ 60 ശതമാനത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പാര്‍ലമെന്റിലാണു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇക്കാര്യം പ്രഖ്യാപിച്ചത്. തൊഴിലാളി സംഘടനകളുടെയും പ്രതിപക്ഷ കക്ഷികളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണു നടപടി.
ഏപ്രില്‍ ഒന്നിനു ശേഷം നിക്ഷേപിച്ച ഇപിഎഫ് തുക പിന്‍വലിക്കുമ്പോള്‍ അതിന്റെ 60 ശതമാനത്തിന് നികുതി ഏര്‍പ്പെടുത്തണമെന്നായിരുന്നു ബജറ്റിലെ നിര്‍ദേശം. ഇപിഎഫ് നികുതി പിന്‍വലിച്ചെങ്കിലും ദേശീയ പെന്‍ഷന്‍ പദ്ധതിക്ക് ഏര്‍പ്പെടുത്തിയ 40 ശതമാനം നികുതിയിളവിന്റെ കാര്യത്തില്‍ മാറ്റമൊന്നുമുണ്ടാവില്ലെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
ബജറ്റ് നിര്‍ദേശത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നെങ്കിലും തുടക്കത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തയ്യാറായിരുന്നില്ല. പിന്നീട്, 60 ശതമാനം ഇപിഎഫിന്റെ പലിശയ്ക്കാണു നികുതി ഈടാക്കുകയെന്നു മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചെങ്കിലും അരുണ്‍ ജെയ്റ്റ്‌ലി പഴയ നിലപാടില്‍ ഉറച്ചുനിന്നു. ഇപിഎഫ് തുക മറ്റു പെന്‍ഷന്‍ പദ്ധതികളിലേക്കു മാറ്റിയാല്‍ നികുതി ഉണ്ടാവില്ലെന്ന വിശദീകരണവും ധനമന്ത്രാലയം നല്‍കി. സര്‍ക്കാര്‍ നടപടിക്കെതിരേ തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കെയാണു സര്‍ക്കാര്‍ വഴങ്ങുന്നത്.
വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ നികുതിനിര്‍ദേശം പിന്‍വലിക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു ധനമന്ത്രിയുടെ പ്രഖ്യാപനം.
അവസാനം ജനങ്ങളുടെ സമ്മര്‍ദ്ദത്തിനു സര്‍ക്കാരിന് വഴങ്ങേണ്ടിവന്നിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. തങ്ങളുടെ സമ്മര്‍ദ്ദം ഫലംകണ്ടിട്ടുണ്ട്. ജനവിരുദ്ധമായ നടപടികള്‍ക്കെതിരേ സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിരുന്നു. സര്‍ക്കാരിന്റെ നയങ്ങളില്‍ സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണ്. പുതിയ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
കൂടുതല്‍ വരുമാനമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല ഇപിഎഫിന് നികുതി ഏര്‍പ്പെടുത്തിയതെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. പെന്‍ഷന്‍ പദ്ധതികളില്‍ ചേരാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി മറ്റു വഴികള്‍ സ്വീകരിക്കും. നിരവധി നിയമവിദഗ്ധര്‍ ഇപിഎഫിന് നികുതി ഏര്‍പ്പെടുത്താന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. ജീവനക്കാര്‍ക്കു നിക്ഷേപത്തിനായി കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതുണ്ടോയെന്നതാണു പ്രധാന ചോദ്യം. ഈ ലക്ഷ്യത്തിലേക്കുള്ള വഴിയിലായിരുന്നു സര്‍ക്കാരെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
Next Story

RELATED STORIES

Share it