പ്രതിഷേധം പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയാവരുതെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയ അസഹിഷ്ണുതയ്‌ക്കെതിരേ പ്രതിഷേധിക്കേണ്ടത് പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയാവരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പുരസ്‌കാരങ്ങള്‍ അതതു മേഖലകളിലുള്ള വ്യക്തികളുടെ പ്രാഗല്ഭ്യത്തിനും യോഗ്യതയ്ക്കും പൊതുസമൂഹം നല്‍കുന്ന അംഗീകാരമാണ്. പുരസ്‌കാരങ്ങള്‍ ലഭിക്കുന്നവര്‍ അതിനെ വിലമതിക്കണം. ദേശീയ മാധ്യമദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് രാജ്യത്തെ എഴുത്തുകാരും കലാകാരന്‍മാരും തങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ മടക്കിനല്‍കി പ്രതിഷേധിച്ചതിനെക്കുറിച്ച് രാഷ്ട്രപതി പരാമര്‍ശിച്ചത്. സംവേദനശേഷിയുള്ള വ്യക്തികള്‍ക്ക് സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ ചിലപ്പോ ള്‍ അസ്വസ്ഥത ഉണ്ടാവാം. എന്നാല്‍, അത്തരം സംഭവങ്ങളിലുള്ള ആശങ്ക പ്രകടിപ്പിക്കുമ്പോള്‍ അത് സന്തുലിതമായിരിക്കണം. അഭിപ്രായവ്യത്യാസങ്ങള്‍ വാദപ്രതിവാദങ്ങളിലൂടെയാണു പ്രകടിപ്പിക്കേണ്ടത്. രാജ്യത്തെ പൗരന്‍മാര്‍ എന്ന നിലയില്‍ ഇന്ത്യ എന്ന ആശയത്തോടും ഇന്ത്യന്‍ ഭരണഘടനയിലെ മൂല്യങ്ങളോടും തത്ത്വങ്ങളോടും ആത്മവിശ്വാസമുണ്ടായിരിക്കണം. സ്വയം തിരുത്തേണ്ട സാഹചര്യം ഉണ്ടായപ്പോഴൊക്കെയും രാജ്യത്തിന് അതു സാധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യവും സത്യസന്ധതയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇത് എല്ലാവര്‍ക്കും എന്ന പോലെ മാധ്യമങ്ങള്‍ക്കും ബാധകമാണ്. നിയമനടപടികള്‍ പൂര്‍ത്തിയാവാത്ത വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ ജാഗ്രത പാലിക്കണം. മാധ്യമരംഗത്ത് യശസ്സ് ഉണ്ടാക്കിയെടുക്കാന്‍ വളരെ നാളത്തെ അധ്വാനം ആവശ്യമാണ്. എന്നാല്‍, അത് തകര്‍ക്കാന്‍ ഏതാനും നിമിഷങ്ങള്‍ മതി എന്ന് പത്രപ്രവര്‍ത്തകര്‍ ഓര്‍മിക്കണം. വായനക്കാരോടും പ്രേക്ഷകരോടും ഉത്തരവാദിത്തമുള്ളവരായിരിക്കുന്നതിലൂടെ രാജ്യത്തോട് മുഴുവനും ഉത്തരവാദപ്പെട്ടിരിക്കുന്നുവെന്ന് മാധ്യമങ്ങള്‍ തിരിച്ചറിയണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it