എല്ലാം തീറെഴുതി

കെ എ സലിം

ന്യൂഡല്‍ഹി: ഉദാരവല്‍ക്കരണ നയത്തിനു ഗതിവേഗം കൂട്ടി പ്രതിരോധം, വ്യോമയാനം ഉള്‍പ്പെടെ രാജ്യത്തിന്റെ പരമപ്രധാനമായ മേഖലകളില്‍ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന് (എഫ്ഡിഐ) കേന്ദ്രാനുമതി. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു വിവിധ മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം ലളിതവും ഉദാരവുമാക്കാന്‍ തീരുമാനിച്ചത്.
രാജ്യത്തിന്റെ ഇതുവരെയുള്ള വിദേശനിക്ഷേപ നയത്തില്‍ കാതലായ മാറ്റംവരുത്തിയാണു പുതിയ നടപടി. പ്രതിരോധ മേഖലയില്‍ 49 ശതമാനമാണു നിലവില്‍ അനുവദിച്ചിട്ടുള്ള വിദേശനിക്ഷേപം. അതിനു മുകളില്‍ വേണമെങ്കില്‍ സര്‍ക്കാരില്‍നിന്നു പ്രത്യേകാനുമതി ആവശ്യമാണ്. ഇതുള്‍പ്പെടെയുള്ള സുപ്രധാന വ്യവസ്ഥകളിലാണു വിദേശ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്കു ഗുണംചെയ്യുന്ന വിധത്തില്‍ സര്‍ക്കാര്‍ മാറ്റംവരുത്തിയിരിക്കുന്നത്.
പുതിയ തീരുമാനപ്രകാരം ഔഷധമേഖലയില്‍ 74 ശതമാനം യാന്ത്രികനിക്ഷേപം നടത്താം. സര്‍ക്കാരിന്റെ പ്രത്യേകാനുമതിയോടെ ഇതു നൂറുശതമാനമായി വര്‍ധിപ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ ഉള്‍പ്പെടെ ഭക്ഷ്യോല്‍പ്പന്ന മേഖലയിലും 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കും.
ഡിടിഎച്ച്, ടെലി പോര്‍ട്ട്, കേബിള്‍ നെറ്റ്‌വര്‍ക്ക്, മൊബൈല്‍, ടെലിവിഷന്‍ ഉള്‍പ്പെടുന്ന ബ്രോഡ്കാസ്റ്റിങ് മേഖലയിലും മൃഗഫാമുകള്‍ നടത്തുന്നതിനും വിദേശനിക്ഷേപം 100 ശതമാനമാക്കിയിട്ടുണ്ട്. സ്വകാര്യ സെക്യൂരിറ്റി ഏജന്‍സി മേഖലയില്‍ 49 ശതമാനമാണു വിദേശനിക്ഷേപത്തിന് അനുവദിച്ച പരിധി. പ്രത്യേകാനുമതിയോടെ ഇത് 74 ശതമാനം ആക്കി വര്‍ധിപ്പിക്കാം. ഏക ബ്രാന്‍ഡ് റീട്ടെയില്‍ മേഖലയ്ക്കുള്ള വിദേശനിക്ഷേപ പരിധിയിലും ഇളവുനല്‍കാന്‍ തീരുമാനിച്ചു. നിക്ഷേപം നടത്താന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി വേണമെന്ന ചട്ടവും എടുത്തുകളഞ്ഞു. പകരം ഒരു മാസത്തിനകം ഇക്കാര്യം റിസര്‍വ് ബാങ്കിനെ അറിയിച്ചാല്‍ മതി. ഇതോടെ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇന്ത്യയില്‍ തടസ്സമില്ലാതെ നേരിട്ട് ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനാവും.
ഭൂരിഭാഗം മേഖലകളെയും സര്‍ക്കാര്‍ യാന്ത്രികാനുമതി ലഭ്യമാക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നെഗറ്റീവ് പട്ടികയില്‍ കുറച്ചു മേഖലകള്‍ മാത്രമാണുള്ളത്. നിലവില്‍ രാജ്യത്തെ മരുന്നുകമ്പനികളില്‍ 74 ശതമാനം നിക്ഷേപം നടത്താന്‍ വിദേശകമ്പനികള്‍ക്കു തടസ്സങ്ങളൊന്നുമില്ല. ഷെഡ്യൂള്‍ഡ് എയര്‍ലൈന്‍സില്‍ നേരത്തെ 49 ശതമാനം മാത്രമായിരുന്നു അനുവദിച്ച വിദേശനിക്ഷേപം. ഇതു 100 ശതമാനം വരെ അനുവദിക്കുമെങ്കിലും വിദേശ എയര്‍ലൈന്‍സ് കമ്പനികള്‍ക്ക് ഷെഡ്യൂള്‍ എയര്‍ലൈന്‍സുകളില്‍ 49 ശതമാനം വരെ നിക്ഷേപം നടത്താന്‍ സാധിക്കുകയുള്ളൂ എന്ന വ്യവസ്ഥ നിലനില്‍ക്കും.
വിദേശനിക്ഷേപ വരുമാനം 2015-2016 സാമ്പത്തികവര്‍ഷത്തില്‍ എക്കാലത്തെയും ഏറ്റവുമുയര്‍ന്ന 40 ബില്യണ്‍ ഡോളറില്‍ എത്തിയതോടെയാണു കേന്ദ്രസര്‍ക്കാര്‍ വിദേശനിക്ഷേപ വ്യവസ്ഥകള്‍ ഉദാരമാക്കിയത്.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കാലാവധിക്കുശേഷം തല്‍സ്ഥാനത്ത് തുടരാനില്ലെന്ന് അറിയിച്ചതിനു പിന്നാലെയാണു വിദേശനിക്ഷേപ വ്യവസ്ഥകള്‍ ഉദാരമാക്കിക്കൊണ്ടുള്ള ഉന്നതതല സമിതിയുടെ തീരുമാനം. പ്രതിരോധം, ഔഷധ മേഖലകളിലെ വിദേശ ഇടപെടലുകള്‍ ആശങ്കയോടെയാണു വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. എന്നാല്‍, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു നയങ്ങള്‍ ലളിതമാക്കുന്നതെന്നാണു പ്രധാനമന്ത്രിയുടെ വിശദീകരണം.
Next Story

RELATED STORIES

Share it