പ്രതിയെ പരിചയമില്ലെന്ന് ലോഡ്ജ് ഉടമ; കൂട്ടുപ്രതികളുണ്ടോയെന്ന് അന്വേഷിക്കും: ഡിജിപി

ആലുവ: ജിഷ വധക്കേസില്‍ കൂട്ടുപ്രതികളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ വധക്കേസില്‍ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത് പോലീസ് സേനയ്ക്ക് വലിയ മതിപ്പാണ് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇത് സേനയുടെ വീര്യം വര്‍ധിപ്പിക്കും. അന്വേഷണ സംഘത്തിന് പാരിതോഷികം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഡിജിപി പറഞ്ഞു.
അതേസമയം, അമീറുലിനെ പരിചയമില്ലെന്ന് ഇദ്ദേഹം താമസിച്ചിരുന്ന ലോഡ്ജിന്റെ ഉടമസ്ഥന്‍ ജോര്‍ജ് പറഞ്ഞു. അമീറുല്‍ ഇസ്‌ലാം അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് കുറുപ്പംപടി വൈദ്യശാലപ്പടിയിലുള്ള ലോഡ്ജില്‍ താമസമാക്കിയത്. കുറുപ്പംപടി സ്വദേശിയായ ജോര്‍ജ് കളമ്പാട്ടുകുടി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഇരുനില കെട്ടിടം. എന്നാല്‍, തനിക്ക് അമീറുല്‍ ഇസ്‌ലാമിനെ പരിചയമില്ലെന്നും അവിടെ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ വഴിയാണ് ഇയാള്‍ ഇവിടെ എത്തിയതെന്നും ജോര്‍ജ് പറഞ്ഞു.
താന്‍ അന്വേഷണ സംഘവുമായി വേണ്ടവിധം സഹകരിച്ചിരുന്നു. ഇവിടെ താമസിച്ചിരുന്നവരുടെ വിവരങ്ങളും കൈമാറിയിരുന്നു. പ്രതിയെന്ന് പറയുന്ന അമീറുലിനെ പിടികൂടിയ ശേഷമാണ് ഇയാള്‍ തന്റെ കെട്ടിടത്തിലാണ് താമസിച്ചിരുന്നതെന്ന വിവരം അറിയുന്നതെന്നും ജോര്‍ജ് വ്യക്തമാക്കി. എന്നാല്‍, ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുമ്പോള്‍ പാലിക്കേണ്ട യാതൊരുവിധ നടപടിക്രമങ്ങളും ഇവിടെ നടന്നിട്ടില്ലെന്നതാണ് ഇതുവഴി മനസ്സിലാക്കാന്‍ സാധിക്കുന്നത്. അമീറുല്‍ ഇസ്‌ലാമുമായി ബന്ധപ്പെട്ട യാതൊരുവിധ തിരിച്ചറിയല്‍ രേഖകളോ ഒന്നും തന്നെ ഉടമയുടെ കൈവശമുണ്ടായിരുന്നില്ല.
അതെസമയം, ഒരു വര്‍ഷമായി താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി റാം പോള്‍ മുഖാന്തരമാണ് അമീറുല്‍ ഇസ്‌ലാം ഇവിടെ താമസത്തിനെത്തിയതെന്ന് അവിടെയുള്ള മറ്റ് ഇതരസംസ്ഥാനക്കാര്‍ പറയുന്നു. ഏപ്രില്‍ 28ന് അമീറുല്‍ ഇസ്‌ലാം നാട്ടിലേക്ക് പോവുമെന്ന് മറ്റുള്ളവരോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. നന്നായി മദ്യപിക്കുന്ന ആളാണെന്നാണ് മറ്റുള്ളവര്‍ക്ക് അമീറുലിനെ കുറിച്ചുള്ള ഏകവിവരം. ഇയാളുടെ ഭാര്യയും പെരുമ്പാവൂരില്‍ തന്നെയുണ്ടെന്നത് അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്.
Next Story

RELATED STORIES

Share it