ernakulam local

പ്രതിയെ തേടി കൗണ്‍സിലറുടെ ബന്ധുവീട്ടില്‍ പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കാക്കനാട്: ഒളിവില്‍ പോയ പ്രതിയെ തേടി കൗണ്‍സിലറുടെ ബന്ധുവീട്ടില്‍ ക്രിസ്മസ് ദിവസം പോലിസ് നടത്തിയ പരിശോധന പടമുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ പടമുകള്‍ കമ്പിവേലിക്കകം കൗ ണ്‍സിലര്‍ കെ എ നജീബിന്റെ തറവാട്ട് വീട്ടിലും അയല്‍വീടുകളിലും തൃക്കാക്കര പോലിസ് അതിക്രമം കാട്ടിയതെന്നാണ് പരാതി. വീട്ടിലേക്ക് പോലിസ് ഇരച്ച് കയറിയതിനെ തുടര്‍ന്ന് ഭയന്നോടി വീണ് പരിക്കേറ്റ കൗണ്‍സിലറുടെ വൃദ്ധമാതാവായ നൂര്‍ജാഹാന്‍ (75), സഹോദരന്‍ ഷിയാസിന്റെ മകള്‍ അന്‍സിയ (6), അയല്‍വീട്ടില്‍ താമസിക്കുന്ന ലൈല (68) എന്നിവരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് എസ്‌ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ചും നടത്തി. 24ന് വ്യാഴാഴ്ച വൈകീട്ട് കോളനിക്ക് സമീപത്തെ ലോഡ്ജില്‍ താമസിക്കുന്ന യുവതിയെ കൊണ്ട് വന്നാക്കാന്‍ ബൈക്കിലെത്തിയ യുവാവിനെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കൈയേറ്റം നടത്തിയതാണ് സംഭവങ്ങള്‍ക്ക് തുടക്കം. തൃപ്പൂണിത്തുറ സ്വദേശിയായ യുവാവ് പോലിസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് പടമുകള്‍ കമ്പിവേലി വീട്ടില്‍ ഷെമീര്‍ (31), പടമുകള്‍ മാനത്തുണ്ടില്‍ മിഥുന്‍ (25) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇതില്‍ ഒളിവില്‍ പോയ യുവാവിനെ കണ്ടെത്താനാണ് പോലിസ് കോളനിയില്‍ എത്തിയത്.
ക്രിസ്മസ് ദിവസം ഉച്ചയ്ക്ക് കോളനിയിലെത്തിയ പോലിസ് സംഘം വനിത പോലിസ് ഇല്ലാതെ തന്നെ പരിശോധന നടത്തുകയായിരുന്നു. ഈ സമയം സ്ത്രീകള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
പുരുഷന്‍മാര്‍ ജുമാ നമസ്‌കാരത്തിനായി പള്ളിയിലായിരുന്നു. വീട്ടില്‍ പ്രസവിച്ച് കിടക്കുന്ന യുവതി ഉള്‍പ്പെടെ പോലിസ് നടപടിയില്‍ ഭയന്ന് വിറച്ചു. കുട്ടികള്‍ പേടിച്ച് നിലവിളിച്ചോടിയെന്നും കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പോലിസിനെ കണ്ട് ഭയന്നോടി വീണാണ് പലര്‍ക്കും പരിക്കേറ്റത്. പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തൃക്കാക്കര സ്‌റ്റേഷനിലേക്ക് ഇന്നലെ രാവിലെ സിപിഎം നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞു. സിപിഎം കളശ്ശേരി ഏരിയ സെക്രട്ടറി വി എ സക്കീര്‍ഹുസയ്ന്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ എന്‍ പി ഷണ്‍മുഖന്‍, സീതി മാസ്റ്റര്‍, എ ഡി സുജില്‍, കെ എ നെജീബ് സംസാരിച്ചു.
Next Story

RELATED STORIES

Share it