പ്രതിയെ തിരിച്ചറിഞ്ഞു

കൊച്ചി: കാക്കനാട് ജില്ലാ ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിനെ അയല്‍വാസിയായ വീട്ടമ്മ തിരിച്ചറിഞ്ഞു. പ്രതിയെയും അസം സ്വദേശി ഉള്‍പ്പെടെ മറ്റ് ഏഴുപേരെയും നിരത്തിനിര്‍ത്തി കുന്നുംപുറം മജിസ്‌ട്രേറ്റ് ഷിബു ഡൊമിനിക്കിന്റെ മേല്‍നോട്ടത്തിലായിരുന്നു പരേഡ്. ജിഷയുടെ അയല്‍വാസി ശ്രീലേഖയാണു പ്രതിയെ തിരിച്ചറിഞ്ഞത്.
ഓരോരുത്തരെയും മൂന്നുതവണ സ്ഥാനം മാറ്റിനിര്‍ത്തിയപ്പോഴും പിഴച്ചില്ല. പ്രതി ഇയാള്‍തന്നെയാണെന്നു ശ്രീലേഖ മജിസ്‌ട്രേറ്റിനെ അറിയിച്ചു. ഇക്കാര്യം മജിസ്‌ട്രേറ്റ് കോടതിയില്‍ റിപോര്‍ട്ടായി സമര്‍പ്പിക്കും. ക്രൈംബ്രാഞ്ച് എസ്പി പി കെ മധുവിന്റെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരും സന്നിഹിതരായി. ഇന്നലെ വൈകീട്ട് മൂന്നോടെ ആരംഭിച്ച തിരിച്ചറിയല്‍ പരേഡ് ഒരുമണിക്കൂറിലധികം നീണ്ടു.
ജിഷയുടെ മാതാവ് രാജേശ്വരി, സഹോദരി ദീപ എന്നിവരുള്‍പ്പെടെ ആറുപേരെ പരേഡില്‍ പങ്കെടുപ്പിക്കുമെന്നായിരുന്ന സൂചനയെങ്കിലും ശ്രീലേഖയെ മാത്രമേ ഹാജരാക്കിയുള്ളൂ. മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ വാഹനം ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചാണ് ശ്രീലേഖയെ തിരികെക്കൊണ്ടുപോയത്.
കൊലപാതകത്തിനു ശേഷം പ്രതി കനാലിലിറങ്ങി കാല്‍കഴുകി നടന്നുപോവുന്നതു കണ്ടത് ശ്രീലേഖയായിരുന്നു. അതിനിടെ, പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം പെരുമ്പാവൂര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it