പ്രതിയെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു; മാതാവും സഹോദരിയും തിരിച്ചറിഞ്ഞില്ല

പെരുമ്പാവൂര്‍: ദലിത് നിയമവിദ്യാര്‍ഥിനി ജിഷയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനെ കൊലപാതകം നടന്ന കുറുപ്പംപടി വട്ടോളിപ്പടിയിലെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ 6.30ഓടെയാണ് അന്വേഷണസംഘം പ്രതിയെ കൊണ്ടുവന്നത്. കറുത്ത മുഖാവരണം ധരിപ്പിച്ചിരുന്നു.
ജിഷയുടെ വീട്ടില്‍ അതിക്രമിച്ചുകടന്നതും കൊലനടത്തിയ വിധവും തുടര്‍ന്ന് രക്ഷപ്പെട്ടതും അമീര്‍ പോലിസിനോടു വിശദീകരിച്ചു. അന്വേഷണത്തിനു വഴിത്തിരിവായ പ്രതിയുടെ ചെരിപ്പ് കിട്ടിയ കനാല്‍ക്കരയിലും പോയി. തെളിവെടുപ്പ് അതിരാവിലെ നടത്തിയതിനാല്‍ സമീപവാസികള്‍ മാത്രമാണു സംഭവമറിഞ്ഞത്. എന്നാല്‍, കൂടുതല്‍പേര്‍ തടിച്ചുകൂടിയതോടെ വീട്ടിലെ തെളിവെടുപ്പ് പെട്ടെന്നു പൂര്‍ത്തിയാക്കി അന്വേഷണസംഘം മടങ്ങി. തുടര്‍ന്നു പ്രതിയെ തിയേറ്റര്‍ പടിയിലെ ചായക്കടയിലും ചെരിപ്പു വാങ്ങിയ കടയിലും എത്തിച്ചു.
വൈദ്യശാലപ്പടിയില്‍ ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തിച്ചു തെളിവെടുപ്പു നടത്താന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ തിങ്ങിനിറഞ്ഞതോടെ പോലിസ് പിന്‍വാങ്ങുകയായിരുന്നു. അന്വേഷണസംഘത്തിന്റെ പെരുമ്പാവൂരിലെ ഓഫിസായ ട്രാഫിക് സ്റ്റേഷനില്‍ ഹാജരാക്കി വീണ്ടും ചോദ്യംചെയ്തു. ഇതിനുശേഷമാണ് ആലുവ പോലിസ് ക്ലബ്ബിലേക്ക് കൊണ്ടുപോയത്. അതിനിടെ, പ്രതി അമീറുല്‍ ഇസ്‌ലാമിനെ തിരിച്ചറിയാന്‍ ജിഷയുടെ മാതാവ് രാജേശ്വരിക്കും സഹോദരി ദീപയ്ക്കും സാധിച്ചില്ല.
പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കുന്നതിനുമുമ്പ് കാണണമെന്നു രാജേശ്വരി താല്‍പര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ ഇന്നലെ രാവിലെ 11.45ഓടെ ആലുവ പോലിസ് ക്ലബ്ബിലെത്തിച്ചത്. പ്രതിയെ കണ്ടമാത്രയില്‍ തന്നെ രാജേശ്വരി രോഷാകുലയായി. എന്തിനാണു തന്റെ മകളെ കൊന്നതെന്നു ചോദിച്ചപ്പോള്‍ അപ്പോഴത്തെ തോന്നലില്‍ സംഭവിച്ചതാണെന്നായിരുന്നു പ്രതിയുടെ മറുപടി. അമീറിനെ മുന്‍പരിചയമില്ലെന്നും ആദ്യമായാണു കാണുന്നതെന്നും രാജേശ്വരിയും ദീപയും അന്വേഷണസംഘത്തെ അറിയിച്ചു. എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോയെന്നു തിരിച്ചറിയുന്നതിനായി ഒരുമണിക്കൂറോളം പ്രതിയെ കാണിച്ചെങ്കിലും ഫലമുണ്ടായില്ല.
അതേസമയം, കൊലയ്ക്കുപയോഗിച്ചിരുന്ന ആയുധം കനാലിലേക്ക് എറിഞ്ഞതായി പ്രതി ആവര്‍ത്തിച്ചു. ജിഷയുടെ വീടിനടുത്ത പറമ്പില്‍ നിന്നു നേരത്തെ കണ്ടെടുത്ത കത്തി വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്കയച്ചു. കത്തിയുടെ പിടിയില്‍ രക്തക്കറയുള്ളതായി സംശയിക്കുന്നതിനെ തുടര്‍ന്നാണിത്.
Next Story

RELATED STORIES

Share it