പ്രതിയെ കോടതിയില്‍ എത്തിച്ചത് ഹെല്‍മറ്റ് ധരിപ്പിച്ച്

ആലുവ: രാജ്യം എറെ ചര്‍ച്ച ചെയ്ത പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്‌ലാമിനെ പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ കോടതിയിലെത്തിച്ചത് ഹെല്‍മറ്റ് ധരിപ്പിച്ച്.
തമിഴ്‌നാട്ടില്‍ പിടിയിലായ പ്രതിയെ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അന്വേഷണസംഘം ആലുവ പോലിസ് ക്ലബില്‍ എത്തിച്ചിരുന്നത്. തുടര്‍ന്ന് അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി 12 മണിക്കൂറോളം ചോദ്യം ചെയ്തു. ഉച്ചയ്ക്ക് മൂന്നുമണിയോടെ ആലുവ പോലിസ് ക്ലബ്ബിലെത്തിയ ഡിജിപിയുടെ നേതൃത്വത്തിലും പ്രതിയെ ഒരുമണിക്കൂറോളം ചോദ്യം ചെയ്തു. രാവിലെ തന്നെ ആലുവ ഗവ. താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ പോലിസ് ക്ലബ്ബിലെത്തിച്ച് പ്രതിയുടെ വൈദ്യപരിശോധന നടത്തിയിരുന്നു. വൈകീട്ട് 4.10ന് കനത്ത പോലിസ് അകമ്പടിയോടെ പ്രത്യേക പോലിസ് വാനില്‍ കയറ്റിയാണ് അമീറുല്‍ ഇസ്‌ലാമിനെ കോടതിയിലേക്ക് കൊണ്ടുപോയത്. മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള സുരക്ഷയാണ് പ്രതിക്കായി പോലിസ് ഒരുക്കിയത്. മാധ്യമങ്ങളുടെയും പൊതു സമൂഹത്തിന്റെയും കണ്ണില്‍പെടാതെ ഹെല്‍മറ്റ് ധരിപ്പിച്ച് പോലിസ് വാനില്‍ സീറ്റിനു താഴെയിരുത്തിയാണ് പ്രതിയെ പോലിസ് ക്ലബ്ബില്‍ നിന്നു കോടതിയിലേക്ക് കൊണ്ടുപോയത്.
പ്രതിയെ കാണുന്നതിന് ആലുവ പോലിസ് ക്ലബ്ബിനു പരിസരത്തും പെരുമ്പാവൂര്‍ കോടതി പരിസരത്തും വലിയ ആള്‍ക്കൂട്ടം തടിച്ചുകൂടിയിരുന്നു. കേരള പോലിസിന് അഭിവാദ്യങ്ങളുമായി രാവിലെ മുതല്‍ ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിവിധ പ്രകടനങ്ങള്‍ നടന്നിരുന്നു. പോലിസ് ക്ലബ്ബിനു മുന്നില്‍ മാധ്യമപ്രവര്‍ത്തകരോടൊപ്പം മൊബൈല്‍ ക്യാമറയുമായി പ്രതിയുടെ പടം പകര്‍ത്താന്‍ തയ്യാറായി പുറത്തുനിന്നിരുന്ന ജനങ്ങളുടെ കണ്ണുവെട്ടിച്ച് 4.10ഓടെ പ്രതിയെ നീല ഹെല്‍മെറ്റ് ധരിപ്പിച്ച് പോലിസ് വാനില്‍ കയറ്റി.
ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പ്രകോപനപരമായ പ്രതികരണം ഒഴിവാക്കുന്നതിനായി കോടതി പരിസരം വടം കെട്ടി തിരിച്ചിരുന്നു. സുരക്ഷയ്ക്കായി 500ഓളം പോലിസുകാരെ പെരുമ്പാവൂര്‍ കോടതി പരിസരത്ത് നിയോഗിച്ചിരുന്നു. കനത്ത പോലിസ് വലയത്തിന് നടുവിലേക്ക് 4.45ന് പ്രതിയുമായി പോലിസ് വാഹനമെത്തി. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് രണ്ടു കല്ലുകള്‍ പ്രതിയെ ലക്ഷ്യമാക്കി വന്നെങ്കിലും കൂടെയുള്ള പോലിസുകാരുടെ ദേഹത്താണ് പതിച്ചത്.
Next Story

RELATED STORIES

Share it