പ്രതിയുടെ ചിത്രം പുറത്തായത് നിയമപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും: ഡിജിപി

കൊച്ചി: ജിഷ വധക്കേസ് പ്രതിയുടെ ചിത്രം പുറത്തായതു തിരിച്ചറിയല്‍ പരേഡിനുള്ള സാധ്യത ഇല്ലാതാക്കിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മാധ്യമങ്ങളുടെ അമിതാവേശം കേസിനെ പ്രതികൂലമായി ബാധിച്ചാല്‍ മറുപടി പറയേണ്ടിവരുന്നത് താനാണെന്നും ബെഹ്‌റ കൊച്ചിയില്‍ പറഞ്ഞു.
അന്വേഷണത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ കഴിയില്ല. കുറ്റപത്രം നല്‍കാന്‍ കൂടുതല്‍ സമയമെടുക്കും. കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പായി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി ഇതര സംസ്ഥാനക്കാരനായതിനാല്‍ തിരിച്ചറിയല്‍ പരേഡ് വളരെ നിര്‍ണായകമാണ്. പ്രതിയുടെ മൊഴി ശരിയാണോ എന്നറിയാനും പരേഡ് ആവശ്യം തന്നെ. പക്ഷേ, മാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവരുന്നതോടെ അതിനുള്ള സാധ്യത ഇല്ലാതാവുകയാണ്. ഇത് കേസ് നടത്തിപ്പില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
പ്രതിയുടെ ചിത്രം പത്രത്തില്‍ വന്നല്ലോ, അപ്പോള്‍ തിരിച്ചറിയല്‍ പരേഡിന് എന്തു പ്രാധാന്യമാണുള്ളതെന്ന് വിചാരണാവേളയില്‍ ജഡ്ജി ചോദിക്കും. എന്നാല്‍ പത്രത്തില്‍ വന്ന ചിത്രം പ്രതിയുടേതാണോയെന്നു വ്യക്തമാക്കാന്‍ ഡിജിപി തയ്യാറായില്ല. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരവും ഈ ഘട്ടത്തില്‍ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്കുള്ള ഉത്തരവാദിത്തവും പ്രാധാന്യവും അംഗീകരിക്കുമ്പോള്‍ തന്നെ ഉത്തരവാദിത്തമുള്ള റിപോര്‍ട്ടിങും ആവശ്യമാണ്. പ്രതിയില്‍നിന്നു ലഭിക്കുന്ന തെളിവുകള്‍ വിലയിരുത്തി ചിട്ടയായി വേണം അന്വേഷണം മുന്നോട്ടുകൊണ്ടുപോവാന്‍. അതിന് അതിന്റേതായ സമയമെടുക്കും. 90 ദിവസത്തിനകമാണു കുറ്റപത്രം നല്‍കേണ്ടത്. അന്വേഷണം പൂര്‍ത്തിയായാല്‍ അതിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാം. ആദ്യസംഘത്തിന്റെ വീഴ്ച പരിശോധിക്കുകതന്നെ ചെയ്യും. എന്നാല്‍ ഈ ഘട്ടത്തില്‍ അത് പരിശോധിക്കുന്നില്ലെന്നും ഇപ്പോള്‍ അന്വേഷണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഡിജിപി വ്യക്തമാക്കി.
Next Story

RELATED STORIES

Share it