പ്രതിമ അനാച്ഛാദനത്തിലെ വിലക്ക്: വിരല്‍ ചൂണ്ടി മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങില്‍ തന്നെ ഒഴിവാക്കിയത് വെള്ളാപ്പള്ളി നടേശനല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വെള്ളാപ്പള്ളിക്ക് ഒരു പങ്കുമില്ലെന്ന് തനിക്കു ബോധ്യമുണ്ട്. ദുഃഖത്തോടെയാണ് വരരുതെന്ന് അഭ്യര്‍ഥിച്ചത്. സമ്മര്‍ദ്ദത്തിനു പിന്നില്‍ ബിജെപിയാണെന്നാണ് മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദ വീക്ക് വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. താന്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന കത്ത് പിഎംഒ തന്നെക്കൊണ്ട് അയപ്പിച്ചതാണ്. പങ്കെടുക്കില്ലെങ്കില്‍ അത് എഴുതി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പിഎംഒ കത്ത് വേണമെന്ന് ആവശ്യപ്പെട്ടത് പ്രോട്ടോകോള്‍ ഓഫിസറോടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പുള്ളതിനാല്‍ പരിപാടിയില്‍ നിന്ന് ഒഴിഞ്ഞുനിന്നു സഹായിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഫോണില്‍ അഭ്യര്‍ഥിച്ചത്. ഇതേത്തുടര്‍ന്ന്, വിട്ടുനില്‍ക്കുകയായിരുന്നെന്നും ഇതില്‍ അതിയായ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേ സമയം, സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പരിപാടിയിലേക്ക് ക്ഷണിച്ച് ഫലകത്തില്‍ അധ്യക്ഷനായി കാണിച്ച് പേരും അച്ചടിച്ച ശേഷം അജ്ഞാതമായ കാരണങ്ങളാല്‍ തന്നെ ഒഴിവാക്കാന്‍ വെള്ളാപ്പള്ളി നിര്‍ബന്ധിതനാവുകയായിരുന്നെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
കാര്യങ്ങളുടെ സത്യാവസ്ഥ അറിയിക്കാനും തെറ്റിദ്ധാരണ ഒഴിവാക്കാനുമാണ് ഈ കത്തെഴുതുന്നത്. വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ആഗ്രഹിക്കുകയാണെങ്കിലും താങ്കള്‍ ഇടപെട്ട് ഈ വിവാദം ഒഴിവാക്കേണ്ടതായിരുന്നു. എന്നാല്‍, വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടില്ല. ഇത് ആശ്ചര്യകരമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഇത്തരത്തിലൊരു സംഭവമുണ്ടായാല്‍ താങ്കളുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാല്‍ താല്‍പര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഓഫിസില്‍ നിന്നുള്ള രേഖകള്‍ പരിശോധിക്കാതെ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങും രാജീവ് പ്രതാപ് റൂഡിയും പാര്‍ലമെന്റില്‍ മറുപടി നല്‍കിയത് നിര്‍ഭാഗ്യകരമാണ്. തന്റെ അസൗകര്യം മൂലം ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്നാണ് പാര്‍ലമെന്റില്‍ രാജീവ് പ്രതാപ് റൂഡി അറിയിച്ചത്. ഒരിടത്തും താന്‍ അങ്ങനെ പറഞ്ഞിട്ടില്ല.
മുഖ്യ സംഘാടകനായ വെള്ളാപ്പള്ളി നടേശന്‍ ക്ഷണിച്ചത് അനുസരിച്ചാണ് ഞാന്‍ പരിപാടിയില്‍ പങ്കെടുക്കാമെന്നു സമ്മതിച്ചത്. ഇതുപ്രകാരമാണ് തന്നെ അധ്യക്ഷനാക്കിയുള്ള ഫലകം തയ്യാറാക്കിയത്. താന്‍ പങ്കെടുത്താല്‍ ചിലര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇന്റലിജന്‍സ് അറിയിച്ചതായി ഇക്കഴിഞ്ഞ 11ന് മന്ത്രി കെ ബാബു മുഖേന വെള്ളാപ്പള്ളി തന്നെ അറിയിച്ചു. എന്നാല്‍, പോലിസുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു ഇന്റലിജന്‍സ് റിപോര്‍ട്ടില്ലെന്നാണ് അവര്‍ അറിയിച്ചത്. 12നു വെള്ളാപ്പള്ളി തന്നെ നേരിട്ട് ബന്ധപ്പെട്ട് പരിപാടിയില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ആവശ്യം സ്വീകരിക്കുകയല്ലാതെ തനിക്ക് മറ്റു വഴികളുണ്ടായിരുന്നില്ല- മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it