Middlepiece

പ്രതിഭാശാലിയായ പത്രപ്രവര്‍ത്തകന്‍

പ്രതിഭാശാലിയായ പത്രപ്രവര്‍ത്തകന്‍
X
slug-madhyamargamവിനയമധുരമായ പെരുമാറ്റത്തിലൂടെ ആരിലും മതിപ്പുളവാക്കിയിരുന്ന പ്രതിഭാശാലിയായ പത്രപ്രവര്‍ത്തകനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച സി എം അബ്ദുറഹ്മാന്‍. പരിചയപ്പെട്ടവരെല്ലാം സ്‌നേഹബഹുമാനത്തോടെ അബ്ദുക്ക എന്നു വിളിക്കുന്ന അദ്ദേഹത്തിന്റെ വേര്‍പാട് മലയാള പത്രപ്രവര്‍ത്തനമേഖലയ്ക്കു കനത്ത നഷ്ടമാണ് വരുത്തിവച്ചത്. സംസ്ഥാനത്തിനകത്തും പുറത്തും അനേകം പത്രപ്രവര്‍ത്തകരുടെ ഗുരുനാഥനാണ് അദ്ദേഹം.
പത്രപ്രവര്‍ത്തനരംഗത്ത് അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. മുഖപ്രസംഗമെഴുത്തിലും പേജ് സംവിധാനത്തിലും പരിഭാഷയിലും ആ കഴിവ് പ്രകടമായി. ഏതു വിഷയത്തെക്കുറിച്ചും ഒറ്റയിരിപ്പിന് മുഖപ്രസംഗവും ലേഖനവും എഴുതാന്‍ കഴിയുന്ന അപൂര്‍വം എഴുത്തുകാരില്‍ ഒരാളായിരുന്നു അബ്ദുറഹ്മാന്‍. പരന്ന വായനയിലൂടെ നേടിയ അറിവും ജനസമ്പര്‍ക്കത്തിലൂടെ നേടിയ അനുഭവങ്ങളും മലയാള പത്രപ്രവര്‍ത്തനരംഗത്ത് സമര്‍ഥമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വിവരം കൂടുമ്പോള്‍ വിനയം കൂടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതശൈലി. തലയെടുപ്പുള്ള പത്രപ്രവര്‍ത്തകനായിട്ടും സാധാരണക്കാരനെപ്പോലെ അദ്ദേഹം ജീവിച്ചു. എന്തു സംശയങ്ങള്‍ക്കും ആര്‍ക്കും ഏതു സമയത്തും അദ്ദേഹത്തെ സമീപിക്കാമായിരുന്നു.
സിപിഎം മുഖപത്രമായ ദേശാഭിമാനിയിലായിരുന്നു 37 വര്‍ഷക്കാലം അദ്ദേഹം സേവനമനുഷ്ഠിച്ചത്. ആ പത്രത്തില്‍നിന്ന് എക്‌സിക്യൂട്ടീവ് എഡിറ്ററായാണ് വിരമിച്ചത്. സിപിഎമ്മിന്റെ സമുന്നത നേതാക്കളായ ഇഎംഎസ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി അദ്ദേഹത്തിനു നല്ല അടുപ്പമായിരുന്നു. പാര്‍ട്ടി ഇക്കാലങ്ങളില്‍ പലതവണ ഭരണത്തിലുണ്ടായിരുന്നു.
തന്റെയോ കുടുംബത്തിന്റെയോ ഏതെങ്കിലുമൊരു കാര്യത്തില്‍ അബ്ദുറഹ്മാന്‍ പാര്‍ട്ടിനേതാക്കളെ സമീപിച്ചിട്ടില്ല. തന്റെ ആദര്‍ശവും വിശ്വാസപ്രമാണങ്ങളും ആരുടെ മുമ്പിലും അടിയറവയ്ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. തന്റെ പാര്‍ട്ടിയുടെ നയത്തില്‍നിന്ന് കടുകിട തെറ്റാനും അദ്ദേഹം തയ്യാറായില്ല. അതേസമയം, പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കും പാര്‍ട്ടി നയത്തിനും അപ്പുറം വിശാലമായ കാഴ്ചപ്പാട് അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു. അതുകൊണ്ടാണ് വിപുലമായ സുഹൃദ്ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത്. മറ്റു പത്രങ്ങളിലെ പത്രപ്രവര്‍ത്തകര്‍ക്കെല്ലാം അബ്ദുറഹ്മാനെ വലിയ ഇഷ്ടമായിരുന്നു. യുവ പത്രപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചു. കക്ഷിരാഷ്ട്രീയത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറം പത്രപ്രവര്‍ത്തനം എന്നത് പ്രഫഷനല്‍ ഏര്‍പ്പാടാണെന്നും അതൊരു സാമൂഹികസേവനമാണെന്നും അദ്ദേഹം കണക്കാക്കി.
ഇന്നത്തെപോലെ കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് അബ്ദുറഹ്മാന്‍ തയ്യാറാക്കിയിരുന്ന പേജുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്നും മാതൃകയാണ്. അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടത്തിന്റെ സെന്‍സറിങും ഭീഷണിയും മറികടന്ന് ദേശാഭിമാനി പത്രം പുറത്തിറക്കുന്നതില്‍ അദ്ദേഹം കാണിച്ച ധീരതയും കഴിവും പ്രത്യേകം ശ്രദ്ധേയമായിരുന്നു. പുതിയ പത്രപ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിലും അവര്‍ക്ക് ആശയപരമായും സംഘടനാപരമായും ദിശാബോധം നല്‍കുന്നതിലും അബ്ദുറഹ്മാന്‍ വലിയ പങ്കുവഹിച്ചു. അബ്ദുറഹ്മാന്റെ ശിഷ്യന്‍മാരായ അനേകം പത്രപ്രവര്‍ത്തകര്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മാധ്യമങ്ങളില്‍ ഉന്നതതലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
അടിയന്തരാവസ്ഥയ്ക്കുശേഷം മലയാള പത്രപ്രവര്‍ത്തനരംഗത്ത് സുവര്‍ണ കാലഘട്ടം ഉണ്ടായി. പത്രപ്രവര്‍ത്തക സംഘടനയുടെ നേതൃത്വത്തിലും അല്ലാതെയും പത്രപ്രവര്‍ത്തകരുടെ വിപുലമായ ഒരു കൂട്ടായ്മ ഇവിടെ രൂപപ്പെട്ടു.
പത്രപ്രവര്‍ത്തനരംഗത്തെ ആധുനികമായ വളര്‍ച്ചയ്ക്ക് ഈ കൂട്ടായ്മ നിര്‍ണായകമായ സംഭാവനകള്‍ നല്‍കി. സ്വന്തം പത്രം എന്നതിലുപരി എല്ലാ പത്രങ്ങളുടെയും പത്രപ്രവര്‍ത്തകരുടെയും നിലവാരം ഉയര്‍ത്തുന്നതില്‍ ഈ കൂട്ടായ്മ പ്രത്യേകം ശ്രദ്ധചെലുത്തി. ഇക്കാര്യത്തില്‍ സി എം അബ്ദുറഹ്മാനെ പോലുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് മഹത്തരമാണ്.
നാടിന്റെയും ജനങ്ങളുടെയും നന്മയ്ക്കുവേണ്ടി ജീവിതകാലമത്രയും പത്രപ്രവര്‍ത്തനം എന്ന ത്യാഗോജ്വല സേവനം നടത്തിയ സി എം അബ്ദുറഹ്മാന്റെ സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍. ി
Next Story

RELATED STORIES

Share it