Blogs

പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ക്കും പച്ചക്കറി, പയറുവര്‍ഗങ്ങള്‍ക്കും വില കുത്തനെ കൂടിയത് സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.
വിലക്കയറ്റം നേരിടാന്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് കൂടുതല്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വിപണിയില്‍ ഇടപെടാന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന് 35 കോടിയും കണ്‍സ്യൂമര്‍ഫെഡിന് 25 കോടിയും ഹോര്‍ട്ടികോര്‍പിന് അഞ്ചു കോടിയും അനുവദിച്ചു. വിലക്കയറ്റം ചര്‍ച്ചചെയ്യാന്‍ 15ന് വീണ്ടും ഉന്നതതലയോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സിവില്‍ സപ്ലൈസ് കോര്‍പറേഷന് 503 കോടിയും കണ്‍സ്യൂമര്‍ഫെഡിന് 254.5 കോടിയും ഹോര്‍ട്ടികോര്‍പിന് 39.5 കോടി രൂപയും നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലക്കയറ്റം ദേശീയ പ്രതിഭാസമാണെന്നും റേഷന്‍ വിഹിതവും മണ്ണെണ്ണയും വെട്ടിക്കുറച്ചിട്ടില്ലെന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഭക്ഷ്യവകുപ്പിന് അനുവദിച്ച പദ്ധതിവിഹിതം പൂര്‍ണമായി ചെലവഴിച്ചില്ലെന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണ്. കംപ്യൂട്ടറൈസേഷനു നല്‍കിയ പണമാണ് ചെലവഴിക്കാത്തത്.
കേന്ദ്രത്തില്‍നിന്ന് ലഭിക്കേണ്ട എല്ലാ വിഹിതവും കൃത്യമായി വാങ്ങിച്ചെടുത്തിട്ടുണ്ട്. സപ്ലൈേകായില്‍ ചെറിയ രീതിയില്‍ വില കൂട്ടിയത് സ്ഥാപനത്തിന്റെ നിലനില്‍പ്പുകൂടി പരിഗണിച്ചാണ്. ജനങ്ങള്‍ക്ക് ആവശ്യമുള്ള വെളിച്ചെണ്ണയും അരിയുമടക്കം സബ്‌സിഡി ഇനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സപ്ലൈകോയില്‍ നാലരവര്‍ഷത്തിനിടെ 16 എംഡിമാരെ നിയമിച്ചെന്ന ആരോപണം ശരിയല്ല. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പിന്നാക്കംപോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വില വര്‍ധിച്ച പത്തിനം പച്ചക്കറികള്‍ക്ക് 30 ശതമാനം സബ്‌സിഡി നല്‍കി ഹോര്‍ട്ടികോര്‍പ് വഴി വില്‍പ്പന തുടങ്ങിയെന്നും ഇതുവഴി വില നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും കൃഷിമന്ത്രി കെ പി മോഹനന്‍ പറഞ്ഞു. സഹകരണ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കണ്‍സ്യൂമര്‍ഫെഡ് അഴിമതി അന്വേഷിക്കുകയാണെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. വിലക്കയറ്റത്തില്‍ പകച്ചുനില്‍ക്കുന്ന ജനങ്ങളുടെ വായില്‍ സര്‍ക്കാര്‍ മണ്ണിടുകയാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ സി ദിവാകരന്‍ പറഞ്ഞു. പ്രതികാരനിലപാടാണ് സര്‍ക്കാര്‍ ജനങ്ങളോട് സ്വീകരിക്കുന്നത്. പദ്ധതിവിഹിതം ചെലവഴിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റംമൂലം പൊറുതിമുട്ടുന്ന ജനത്തെ ദ്രോഹിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it