പ്രതാപന്റെ കത്ത്; അബദ്ധം പിണഞ്ഞ് വിഎസ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ 'ടി എന്‍ പ്രതാപന്റെ കത്ത്' ആയുധമാക്കാനുള്ള പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ നീക്കം പാളി. സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച ആലപ്പുഴ പാണാവള്ളിയിലെ റിസോര്‍ട്ട് പൊളിച്ചുകളയണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാത്ത സര്‍ക്കാരിനെതിരേ ഇടപെടണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ എംഎല്‍എ ടി എന്‍ പ്രതാപന്‍ കത്തയച്ചെന്നായിരുന്നു വിഎസിന്റെ പ്രസ്താവന.
ജനകീയ അന്വേഷണസമിതി ജനറല്‍ കണ്‍വീനര്‍ ടി എന്‍ പ്രതാപന്‍ എന്ന പേരിലായിരുന്നു കത്ത്. തമ്മനം സ്വദേശി അയച്ച കത്ത് ടി എന്‍ പ്രതാപന്‍ എംഎല്‍എയുടേതാണെന്നു തെറ്റിദ്ധരിച്ച് വിഎസിന്റെ ഓഫിസ് ആയുധമാക്കുകയായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ സര്‍ക്കാരിനെതിരേ ഇടപെടണമെന്നാവശ്യപ്പെട്ട് തനിക്ക് കത്തു നല്‍കിയത് നിലവിലുള്ള പൊതുസ്ഥിതിയുടെ പ്രതിഫലനമാണെന്നു ചൂണ്ടിക്കാട്ടിയാണ് വിഎസ് പ്രസ്താവനയിറക്കിയത്.
എന്നാല്‍, പ്രതിപക്ഷനേതാവിന് ഇത്തരത്തിലൊരു കത്ത് അയച്ചിട്ടില്ലെന്ന് ടി എന്‍ പ്രതാപന്‍ ചാനലുകളിലൂടെ പ്രതികരിച്ചെങ്കിലും അംഗീകരിക്കാന്‍ ആദ്യം വിഎസിന്റെ ഓഫിസ് തയ്യാറായില്ല. പകരം കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കു നല്‍കുകയും ചെയ്തു. എന്നാല്‍, കത്ത് താന്‍ അയച്ചതാണെന്ന് കാട്ടി തമ്മനം സ്വദേശി ടി എന്‍ പ്രതാപന്‍ രംഗത്തെത്തിയതോടെയാണ് തങ്ങള്‍ക്ക് അബദ്ധം പിണഞ്ഞെന്ന് വിഎസിന്റെ ഓഫിസിനു മനസിലായത്. തുടര്‍ന്ന് ആദ്യം അയച്ച പ്രസ്താവന പിന്‍വലിക്കണമെന്നും അതില്‍ വസ്തുതാപരമായ പിശകുണ്ടെന്നും വിഎസിന്റെ ഓഫിസ് മാധ്യമങ്ങളെ അറിയിച്ചു. സര്‍ക്കാരിനെതിരേ തനിക്ക് പ്രതാപന്‍ കത്ത് നല്‍കിയെന്നു കാട്ടിയുള്ള പ്രതിപക്ഷനേതാവിന്റെ പ്രസ്താവന ഇന്നലെ വൈകീട്ടോടെയായിരുന്നു മാധ്യമങ്ങള്‍ക്കു ലഭിച്ചത്.
കൊച്ചി തമ്മനം അഞ്ചുമുറി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജനകീയ അന്വേഷണ സമിതിയുടെ പേരിലായിരുന്നു കത്ത്. ജനറല്‍ സെക്രട്ടറി ടി എന്‍ പ്രതാപന്റെ ഒപ്പും കത്തിലുണ്ട്.
എന്നാല്‍, ഇത് വേറെ പ്രതാപനാണെന്നു മനസിലാക്കാന്‍ കഴിയാഞ്ഞതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. റിസോര്‍ട്ട് പ്രശ്‌നത്തില്‍ ഇടപെട്ട് നീതി നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലനില്‍പ്പിനായി വിവിധ ടിവി ചാനലുകളിലടക്കം നിരന്തരം വാദിച്ചുപോരുന്ന ടി എന്‍ പ്രതാപന്‍ അഭ്യര്‍ഥിച്ചിരിക്കുന്നതെന്നും മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രസ്താവനയില്‍ വിഎസ് പറഞ്ഞു.
പണം വാങ്ങി റിസോര്‍ട്ട് മാഫിയകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും നിയമവിരുദ്ധ ഇടപെടലുകള്‍ വഴി അനുമതി നല്‍കുന്ന സര്‍ക്കാരിന്റെ നീക്കം അടിയന്തരമായി ഉപേക്ഷിക്കണം, നിയമവിരുദ്ധ നടപടികള്‍ ആവര്‍ത്തിച്ചാല്‍ കോടതിയിലൂടെയും ജനകീയ പ്രക്ഷോഭത്തിലൂടെയും സര്‍ക്കാരിനെ നിലയ്ക്കു നിര്‍ത്താന്‍ ടി എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളുടെ പിന്തുണ അഭ്യര്‍ഥിക്കുന്നതായും വിഎസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
എന്നാല്‍, ഇക്കാലം വരെ താന്‍ വിഎസിനോ, വിഎസ് തനിക്കോ യാതൊരുവിധത്തിലുള്ള കത്തും അയച്ചിട്ടില്ലെന്നും വിഎസിന്റെ ഓഫിസ് കുറച്ചുകൂടി ഉത്തരവാദിത്വപരമായി പ്രവര്‍ത്തിക്കേണ്ടിയിരുന്നുവെന്നും ടി എന്‍ പ്രതാപന്‍ എംഎല്‍എ പ്രതികരിച്ചു.
Next Story

RELATED STORIES

Share it