പ്രണബ് മുഖര്‍ജി ഇസ്രായേലില്‍

ജറുസലേം: ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇസ്രായേലില്‍ എത്തി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രസിഡന്റ് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്. ഇസ്രായേല്‍ പ്രസിഡന്റ് റോവന്‍ റിവ്‌ലിനുമായും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും രാഷ്ട്രപതി കൂടിക്കാഴ്ച നടത്തി. ഇസ്രായേലിലെ ഇന്ത്യന്‍സമൂഹം സംഘടിപ്പിക്കുന്ന സമ്മേളനത്തിലും രാഷ്ട്രപതി പങ്കെടുക്കും. ജോര്‍ദാന്‍, ഫലസ്തീന്‍ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മുഖര്‍ജി ഇസ്രായേലിലെത്തിയത്. രാഷ്ട്രപതിയുടെ ഫലസ്തീന്‍  സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി റാമല്ലയിലെ പ്രധാന റോഡിന് ഇന്ത്യ റോഡ് എന്നു നാമകരണം ചെയ്തു. ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസും നാമകരണച്ചടങ്ങില്‍ പങ്കെടുത്തു.

പലസ്തീന്‍ നയത്തില്‍ മാറ്റം വരുത്തി ഇസ്രയേലുമായുളള ബന്ധം മെച്ചപ്പെടുത്തുവാന്‍ ഇന്ത്യ തയ്യാറാകില്ലെന്നു രാഷ്ട്രപതി വ്യക്തമാക്കി. ഇന്ത്യയുടെ സാമ്പത്തികവും, രാഷ്ട്രീയവുമായ പിന്തുണ പലസ്തീനുണ്ടാകുമെന്ന് മുഖര്‍ജി അറിയിച്ചു.ആദ്യഘട്ടമെന്ന നിലയില്‍ 50 ലക്ഷം യു.എസ് ഡോളറിന്റെ സഹായധനം കൈമാറി. 1.2 കോടി യു.എസ് ഡോളറിന്റെ ടെക്‌നോ പാര്‍ക്ക് ഉള്‍പ്പെടെയുളള അഞ്ചു പദ്ധതികള്‍ക്കും ധാരണയായി. അതിനിടെ, ഇന്ത്യയുടെ വര്‍ദ്ദിച്ചു വരുന്ന ഇസ്രായേല്‍ അനുകൂല നിലപാടുകളില്‍ പ്രതിഷേധിച്ചു അല്‍ഖുദ്‌സ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ മുഖര്‍ജി പങ്കെടുത്ത വേദിക്കു പുറത്ത് പ്രകടനം നടത്തി.
Next Story

RELATED STORIES

Share it