പ്രചാരണ തിരക്കിനിടെ സിനിമാഭിനയം; ശ്രീശാന്തിനെതിരേ പ്രാദേശിക നേതാക്കളുടെ പരാതി

പി എച്ച് അഫ്‌സല്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ച സാഹചര്യത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് സിനിമയില്‍ അഭിനയിക്കാന്‍ പോയ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ നടപടിയി ല്‍ ബിജെപി പ്രാദേശിക നേതൃത്വങ്ങള്‍ക്ക് പ്രതിഷേധം.
ശ്രീശാന്ത് നായകനാവുന്ന ആദ്യ മലയാളചിത്രം ടീം ഫൈവിന്റെ ചിത്രീകരണത്തിനാണ് ശ്രീശാന്ത് കൊച്ചിയിലേക്ക് പോയത്. രണ്ടു ദിവസത്തേക്ക് സ്ഥാനാര്‍ഥിക്കുപ്പായം അഴിച്ചുവച്ച് സിനിമാ നടനാവുകയാണ് ശ്രീശാന്ത്.
മുഴുവന്‍ തിരക്കുകളും മാറ്റിവച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തയ്യാറായിരിക്കുന്ന പ്രവ ര്‍ത്തകരെ നിരാശരാക്കുന്നതാണ് ശ്രീശാന്തിന്റെ നടപടിയെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞു. ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
തലസ്ഥാനത്തെ സീറ്റുകളില്‍ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചവര്‍ പ്രചാരണത്തില്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണു പരാതി. മുന്നണികളെല്ലാം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു പ്രചാരണം ശക്തമാക്കുമ്പോള്‍ ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ കൃത്യമായി മണ്ഡലത്തില്‍ എത്തുന്നില്ലെന്നു ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വത്തിനു പരാതി ലഭിച്ചുകഴിഞ്ഞു.
ശ്രീശാന്തിനെതിരേയാണ് പ്രധാനമായും പരാതി ഉയര്‍ന്നിട്ടുള്ളത്. തിരുവനന്തപുരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കോര്‍ കമ്മിറ്റിയിലെ ഒരുവിഭാഗം തന്നെയാണു പരാതി ഉന്നയിച്ചിട്ടുള്ളത്.
എതിര്‍ സ്ഥാനാര്‍ഥി മന്ത്രി വി എസ് ശിവകുമാര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ്തന്നെ മണ്ഡലത്തില്‍ സജീവമായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം മണ്ഡലത്തിലെ ഒന്നാംഘട്ട പ്രചാരണവും ശിവകുമാര്‍ പൂര്‍ത്തിയാക്കി. എന്നാല്‍, അനിശ്ചിതത്വവും തര്‍ക്കവും പരിഹരിച്ച് ഏറെ വൈകിയാണ് ശ്രീശാന്ത് മണ്ഡലത്തിലെത്തിയത്.
രണ്ട് ദിവസം മാത്രം മണ്ഡലത്തില്‍ തങ്ങിയ ശ്രീശാന്ത് നഗരപ്രദേശങ്ങളില്‍ മാത്രമാണ് വോട്ടര്‍മാരെ കണ്ടത്. ഇതിനിടെയാണ് പ്രചാരണത്തിന് ഇടവേള നല്‍കി ശ്രീശാന്ത് സിനിമയില്‍ അഭിനയിക്കാന്‍ പോയത്.
Next Story

RELATED STORIES

Share it