പ്രചാരണത്തില്‍ പതിവ് ശൈലികള്‍ മാറ്റിയെഴുതി തോമസ് ഐസക്

ആലപ്പുഴ: കേരള രാഷ്ട്രീയത്തില്‍ ഇടതു ബദല്‍ മാര്‍ഗങ്ങളുടെ ചുക്കാന്‍പിടിക്കുന്ന മുന്‍ ധനമന്ത്രി തോമസ് ഐസക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പതിവ് ശൈലികള്‍ മാറ്റിയെഴുതുകയാണ്. ചുമരെഴുത്തുകള്‍ക്കും പോസ്റ്ററുകള്‍ക്കും ബദലായി സോഷ്യല്‍ മീഡിയകളില്‍ പ്രചാരണ ഇടപെടലുകള്‍ നടത്തിയാണു തിരഞ്ഞെടുപ്പുരംഗം സജീവമാക്കിയിരിക്കുന്നത്.
വാട്‌സ്ആപ്പ് ഗ്രൂപ്പ്, ഫേസ്ബുക്ക്, സ്‌കൈപ് തുടങ്ങിയ നവസാമൂഹിക മാധ്യമങ്ങളുടെ എല്ലാ സാധ്യതകളും തിരഞ്ഞെടുപ്പില്‍ തോമസ് ഐസക് ഉപയോഗപ്പെടുത്തുന്നുണ്ട്. അടുത്തിടെ ഇവിടെ സംഘടിപ്പിച്ച നവമാധ്യമ ശില്‍പ്പശാല സ്‌കൈപ്പ് വഴി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുകയുണ്ടായി. 50,000 പേരെ വിവിധ ആപ്പ് ഗ്രൂപ്പുകളില്‍ ഉള്‍ക്കൊള്ളിച്ച് ഈ നമ്പറുകളില്‍ പരാതികളോ നിര്‍ദേശങ്ങളോ സ്വീകരിക്കുന്നതായിരുന്നു വാട്‌സ്ആപ്പ് വഴിയുള്ള പ്രചാരണരീതി. ഇതുവഴി തോമസ് ഐസക്കുമായി എല്ലാവര്‍ക്കും സംവദിക്കാന്‍ അവസരമൊരുക്കുകയുണ്ടായി.
മണ്ഡലത്തില്‍ നടത്തുന്ന ഓരോ സേവനപ്രവര്‍ത്തനങ്ങളും തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പേജിലും നിറയുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളറിയണമെങ്കില്‍ ഫേസ്ബുക്ക് പേജ് സന്ദര്‍ശിച്ചാല്‍ മതി. ഇതിനു പുറമെ സാമൂഹിക, രാഷ്ട്രീയ സംഭവവികാസങ്ങളിലെ തന്റെ അഭിപ്രായങ്ങളും പേജില്‍ രേഖപ്പെടുത്തുന്നു. ഈ സാധ്യതയില്‍ നിന്നാണ് ഫേസ്ബുക്ക് ഡയറി പ്രകാശനം എന്ന ആശയം രൂപപ്പെടുന്നത്.
ഫേസ്ബുക്കില്‍ താന്‍ നടത്തിയ ഇടപെടലുകള്‍കൊണ്ട് ഒട്ടേറെ പേര്‍ക്കു ഗുണമുണ്ടായിട്ടുണ്ടെന്നു തോമസ് ഐസക് പറയുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയില്‍ പുരോഗമനപരമായ ഒട്ടേറെ ആശയങ്ങള്‍ പങ്കുവയ്ക്കാനും സന്ദേശങ്ങള്‍ കൈമാറാനും നവമാധ്യമ ഇടപെടലിലൂടെ സാധിച്ചു.
ഫേസ്ബുക്ക് ഡയറി ഉള്‍പ്പെടെയുള്ള തന്റെ 20 പുസ്തകങ്ങള്‍ മണ്ഡലത്തിലെ ഓരോ വീടുകളിലുമെത്തിച്ച് പ്രചാരണം നടത്താനും ഉദ്ദേശ്യമുണ്ട്. ''നവമാധ്യമങ്ങളിലെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പരിശീലനം ലഭിച്ച ഒരുസംഘം തന്നെ എംഎല്‍എയ്ക്കായി പ്രവര്‍ത്തിക്കുന്നു. പ്രധാനപ്പെട്ട നേതാക്കള്‍ പങ്കെടുക്കുന്ന ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനുകള്‍ തല്‍സമയം ലോകമെമ്പാടും യൂ ട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്ന തരത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
ദിവസവും ഫേസ്ബുക്കില്‍ ഒന്നിലധികം പോസ്റ്റിടുന്ന തോമസ് ഐസക് കഴിഞ്ഞ ഏതാനും നാളുകളായി തന്റെ പേജില്‍ കൂടുതലും ആലപ്പുഴ വിശേഷങ്ങളാണു പങ്കുവയ്ക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ലാലി വിന്‍സെന്റാണ് പ്രധാന എതിരാളി.
എന്‍ഡിഎ സ്ഥാനാര്‍ഥി രണ്‍ജിത്ത് ശ്രീനിവാസും പ്രചാരണരംഗത്ത് സജീവമാണ്.
Next Story

RELATED STORIES

Share it