പ്രചാരണത്തിന് അരങ്ങൊരുക്കി നേതാക്കളുടെ വാക്‌പോര്

ഹനീഫ എടക്കാട്

കണ്ണൂര്‍: നിയമസഭാ പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ, നേതാക്കളുടെ വാക്‌പോര് പ്രചാരണത്തിന്റെ ചൂടും ചൂരുമൊരുക്കിത്തുടങ്ങി. വ്യത്യസ്ത പാര്‍ട്ടികളുടെ കേരളയാത്ര തിരുവനന്തപുരത്ത് സമാപിച്ച് തുടങ്ങിയിരിക്കെയാണ് ദേശീയ നേതാക്കളടക്കം വാക്‌പോരുമായി രംഗത്തെത്തിയത്. പലവിധ അഴിമതിയില്‍ മുന്നണി നേതാക്കള്‍ കുരുങ്ങിക്കിടക്കുന്നതിനാല്‍ വരുംദിവസങ്ങളിലും എരിവുംപുളിയുമുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ മാധ്യമങ്ങളുടെ സ്ഥലവും സമയവും കവരുമെന്നുറപ്പ്.
നിയമസഭ തൊട്ട് പാര്‍ട്ടി സമ്മേളനങ്ങളും വാര്‍ത്താസമ്മേളനങ്ങളും പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുള്ള വേദിയായി മാറുന്നു. പതിവുപോലെ വിഎസ് തന്നെയാണ് പഞ്ചിങ് ഡയലോഗുമായി കളം നിറഞ്ഞുനില്‍ക്കുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പ്രതിപക്ഷനേതൃസ്ഥാനത്തിരിക്കുന്നത് തന്നെ നാണക്കേടാണെന്നും നിയമസഭാമന്ദിരത്തിലെ പ്രാര്‍ഥനയില്‍ പോലും സരിത പങ്കെടുത്തെന്നുമുള്ള വിഎസിന്റെ ആരോപണത്തിന് ഭരണപക്ഷത്തു നിന്ന് അതേ അളവിലും തൂക്കത്തിലുമുള്ള എതിര്‍ പ്രസ്താവന ഇതുവരെ വന്നിട്ടില്ല.
എന്നാല്‍, കെ കരുണാകരന്റെ മകന്‍ കെ മുരളീധരന്‍ നിയമസഭയില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിരോധിച്ചും വിഎസിനെ വിമര്‍ശിച്ചും രംഗത്ത് വന്നത് ഏറെ ശ്രദ്ധേയമായി. കരുണാകരനും എ കെ ആന്റണിയും അതുപോലെ മഹാന്മാരായ പലരുമിരുന്ന പ്രതിപക്ഷ പദവി വഹിക്കുന്ന വിഎസിന് ഉമ്മന്‍ചാണ്ടിയുടെ കുടുംബകാര്യങ്ങള്‍ നിയമസഭയില്‍ പറയുന്നതില്‍ അന്തസ്സുണ്ടോയെന്നായിരുന്നു കെ മുരളീധരന്റെ പരിഭവം.
സിപിഎമ്മിനെ തിരുവനന്തപുരം മ്യൂസിയത്തിലാക്കണമെന്നാണ് കേരളയാത്രാ സമാപനസമ്മേളനത്തിനിടെ എ കെ ആന്റണി അഭിപ്രായപ്പെട്ടത്. സ്വന്തം ഗ്രൂപ്പിന്റെ തലവനായ ഉമ്മന്‍ചാണ്ടിയെയും സര്‍ക്കാരിനെയും വാനോളം പുകഴ്ത്താനും ആന്റണി തയ്യാറായി. ആന്റണിയുടെ ഉപ്പേരിക്ക് പിറ്റേദിവസം തന്നെ കോടിയേരിയുടെ ഉരുളയുമുണ്ടായി. കേന്ദ്രത്തില്‍ പ്രതിപക്ഷസ്ഥാനം പോലും നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിനെയാണ് മ്യൂസിയത്തില്‍ പ്രവേശിപ്പിക്കേണ്ടതെന്ന് കോടിയേരി തിരിച്ചടിച്ചു.
മന്ത്രിസ്ഥാനം നഷ്ടപ്പെട്ട കെ എം മാണിയാവട്ടെ സ്വന്തം മുന്നണിക്കെതിരേ ഒളിയമ്പെയ്താണ് ആരോപണാന്തരീക്ഷത്തെ ചൂട് പിടിപ്പിക്കുന്നത്. രാഷ്ട്രീയത്തില്‍ ആരെയും വിശ്വസിക്കാനാവില്ലെന്നും തോളത്തിരുന്ന് കുതികാല്‍വെട്ടുന്നവരുണ്ടെന്നുമുള്ള മാണിയുടെ പ്രസ്താവന ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരേയാണെന്ന് സംശയമില്ല.
ജനരക്ഷാ യാത്രയുടെ സമാപനത്തിന് രാഹുല്‍ ഗാന്ധി എത്തിയെങ്കിലും കേന്ദ്രത്തിനെതിരേ ആഞ്ഞടിക്കാനൊന്നും മിനക്കെട്ടില്ല. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നാണ് ഉമ്മന്‍ചാണ്ടിയെ വേദിയില്‍ ഇരുത്തി രാഹുല്‍ പറഞ്ഞത്. അടുത്ത ദിവസങ്ങളില്‍ സിപിഎം, ബിജെപി, ലീഗ് യാത്രകളും തിരുവനന്തപുരത്ത് സമാപിക്കും. സോളാറും ബാറും ലാവ്‌ലിനും കത്തിനില്‍ക്കുന്നതിനാലും തിരഞ്ഞെടുപ്പ് അടുത്തതിനാലും പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് എതിര്‍പാര്‍ട്ടിക്കെതിരേ ആഞ്ഞടിക്കാനാവും നേതാക്കള്‍ മുതിരുക.
Next Story

RELATED STORIES

Share it