പ്രചാരണത്തിനിടെ ട്രെയിന്‍ ഇടിച്ച സിപിഐ നേതാവ് മരണത്തിന് കീഴടങ്ങി; അവയവങ്ങള്‍ ദാനം ചെയ്തു

ശാസ്താംകോട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രെയിനിടിച്ച് ഗുരുതരമായി പരിക്കേറ്റു ചികില്‍സയിലായിരുന്ന സിപിഐ നേതാവ് മരിച്ചു. സിപിഐ ശുരനാട് മണ്ഡലം സെക്രട്ടറിയും കൊല്ലം ജില്ലാകമ്മിറ്റിയംഗവുമായിരുന്ന ആനയടി സങ്കേതത്തില്‍ അഡ്വ. ജി ശശി(50)യാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.
എല്‍ഡിഎഫ് കുന്നത്തൂര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റായിരുന്ന ഇദ്ദേഹം കഴിഞ്ഞ നാലിന് പടിഞ്ഞാറെകല്ലട കോതപുരം ഭാഗത്ത് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് പോകവെയാണ് അപകടത്തില്‍ പെട്ടത്. റെയില്‍വേ ട്രാക്കിനടുത്തുകൂടി നടന്നുപോകവെ കോട്ടയത്തുനിന്നും കൊല്ലത്തേക്ക് വരുകയായിരുന്ന മെമു ട്രെയിന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശശിയെ ഉടന്‍തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്നലെ രാവിലെ 11ന് മസ്തിഷ്‌കമരണം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ സമ്മതം അറിയിച്ചു. കണ്ണ്, കരള്‍, വൃക്കകള്‍ എന്നിവയാണ് ദാനം ചെയ്തത്.
ആവണീശ്വരം എപിപിഎം വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ശ്രീദേവിയാണ് ഭാര്യ. തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥി അഭിരാം ഏകമകനാണ്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കെസിടി മുക്കിലെ സിപിഐ മണ്ഡലംകമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വൈകീട്ട് ആറിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
Next Story

RELATED STORIES

Share it