thiruvananthapuram local

പ്രചാരണച്ചൂടില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍; ചട്ടലംഘനവും വ്യാപകം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പ്രചാരണവുമായി സ്ഥാനാര്‍ഥികള്‍ സജീവമായതോടെ ചട്ടലലംഘനവും വ്യാപകം. പ്രചാരണച്ചൂടിനിടെ ചട്ടലംഘനം തടയാന്‍ നിയോഗിച്ച ജില്ലാ ഭരണകൂടത്തിനു കീഴിലെ സ്‌ക്വാഡുകള്‍ നോക്കുകുത്തിയായതായും ആക്ഷേപമുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലോ സ്വകാര്യവ്യക്തികളുടെ വീടിന്റെ ചുവരിലോ മതിലിലോ ചുവരെഴുത്തും പോസ്റ്ററുമൊന്നും പാടില്ലെന്നാണ് തിരഞ്ഞെടുപ്പു ചട്ടം. സ്വകാര്യ വ്യക്തികളുടെ അനുമതിയോടെ മാത്രമേ അവരുടെ മതിലില്‍ പരസ്യം പതിക്കാനാവൂ. എന്നാല്‍, പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ മന്ദിരങ്ങളിലും ഒരു കാരണവശാലും പോസ്റ്ററോ ബാനറോ ഫഌക്‌സോ പാടില്ലെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ കര്‍ശനമായി നിര്‍ദേശിച്ചിട്ടുള്ളത്. അതാതു ജില്ലകളില്‍ കലക്ടര്‍മാരാണ് ഇതു പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത്.
കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഇതു കര്‍ശനമായി പാലിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പല രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഇത് ലംഘിച്ചു. എന്നാല്‍, ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ചട്ടലംഘനം വ്യാപകമാണ്.
പലസ്ഥലങ്ങളിലും സര്‍ക്കാ ര്‍ ഓഫിസുകളുടെയും സ്‌കൂളുകളുടെയും മതിലുകളില്‍ പോസ്റ്ററും ചിഹ്നവും ചുവരെഴുത്തുമെല്ലാമുണ്ട്. നഗരത്തില്‍ എംജി റോഡില്‍ ഫുട്പാത്തില്‍ പോലും സ്ഥാനാര്‍ഥികളുടെ വോട്ടഭ്യര്‍ഥിച്ചുള്ള കൂറ്റന്‍ ഫഌക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു.
കൂടാതെ സ്വകാര്യ വ്യക്തികളുടെ വീടിന്റെ മതിലില്‍ രാത്രികാലങ്ങളില്‍ പോസ്റ്റര്‍ പതിക്കുന്നതും വ്യാപകമാണ്. ഇത് ചോദ്യംചെയ്താല്‍ ഭീഷണപ്പെടുത്തലും അസഭ്യവര്‍ഷവും ഉണ്ടാവുമെന്നതിനാല്‍ വീട്ടുകാര്‍ മൗനം പാലിക്കുകയാണ് പതിവ്. ഇത്തരത്തില്‍ പുതിയ വീടുകളുടെ മതിലുകള്‍ പോലും വൃത്തികേടാക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുണ്ട്.
മുമ്പ് ഇത്തരം ചട്ടലംഘനങ്ങള്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌ക്വാഡുകള്‍ നടപടി സ്വീകരിക്കുമായിരുന്നു. ചുവരെഴുത്ത് മായ്ക്കുകയും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരില്‍ നിന്നു വിശദീകരണം തേടുകയുമാണ് ചെയ്തിരുന്നത്. ഇപ്രാവശ്യവും ജില്ലാ ഭരണകൂടത്തിനു കീഴില്‍ ചട്ടലംഘനം തടയാന്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇലക്ഷന്‍ അര്‍ജന്റ് എന്ന സ്റ്റിക്കറും പതിച്ചു ഉദ്യോഗസ്ഥര്‍ ചുറ്റിയടിക്കുന്നതല്ലാതെ നിയമലംഘനങ്ങള്‍ക്കെതിരേ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വോട്ടെടുപ്പിന് ഒരു മാസം ശേഷിക്കേ ഇതാണ് അവസ്ഥയെങ്കില്‍ പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ എന്താകും സ്ഥിതിയെന്നാണ് നാട്ടുകാരുടെ ഭീതി. ഇതിനെതിരേ ജില്ലാ ഭരണകൂടം ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നഗരത്തിലെ ചില റസിഡന്റസ് അസോസിയേഷനുകള്‍.
Next Story

RELATED STORIES

Share it