പ്രചാരണം വാട്‌സ് ആപ്പിലൂടെ;  കാരായിമാര്‍ക്കു വേണ്ടി സിപിഎം വിയര്‍ക്കുന്നു

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: ഫസല്‍ വധക്കേസ് ഗൂഢാലോചനയില്‍ പ്രതികളായതിനാല്‍ കാരായിമാര്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനു കോടതി വിലക്കേര്‍പ്പെടുത്തി. ഇത് സിപിഎമ്മിനു തിരിച്ചടിയാവുന്നു. പ്രചാരണത്തിനായി ജനങ്ങള്‍ക്കു മുന്നിലെത്താന്‍ കഴിയാത്തതിനാല്‍ വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളെ കൂട്ടുപിടിക്കുകയാണ്.
ഇതിനു പുറമെ, പ്രചാരണഘട്ടത്തിന്റെ അവസാനനാളുകളിലെങ്കിലും ഇരുവരെയും ജനങ്ങള്‍ക്കു മുന്നിലെത്തിക്കാനും സിപിഎം വിയര്‍ക്കുകയാണ്. സിപിഎമ്മിനു ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളാണെങ്കിലും ഇരുവരുടെയും സ്ഥാനാര്‍ഥിത്വം സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ചര്‍ച്ചയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും ആശങ്കയുണ്ട്. പ്രചാരണത്തിനെത്താനായില്ലെങ്കില്‍ അതും പ്രതികൂലമായി ബാധിക്കുമെന്നാണു കണക്കുകൂട്ടല്‍. വാട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളും ഫോണ്‍ വഴിയുമാണ് പ്രധാനമായും പ്രചാരണം നടത്തുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് പാട്യം ഡിവിഷനില്‍ നിന്ന് മല്‍സരിക്കുന്ന കാരായി രാജനും തലശ്ശേരി നഗരസഭയിലേക്കു മല്‍സരിക്കുന്ന കാരായി ചന്ദ്രശേഖരനും പത്രിക നല്‍കാന്‍ ജില്ലയിലെത്തിയ ശേഷം എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു. പിന്നീട് ഇതുവരെ നാട്ടിലെത്താനായിട്ടില്ല.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാരായി രാജന് പൊതുവേദിയില്‍ വോട്ടഭ്യര്‍ഥിച്ച് പ്രസംഗിക്കാനാവാത്തത് വന്‍ തിരിച്ചടിയാവുമെന്ന് എല്‍ഡിഎഫിലും അഭിപ്രായമുണ്ട്. ഇതിനെ മറികടക്കാനാണ് വാട്‌സ് ആപില്‍ പ്രചാരണം സജീവമാക്കിയത്. ഒരു മിനിറ്റും 29 സെക്കന്‍ഡും നീളുന്ന വീഡിയോ ക്ലിപ്പ് ഉണ്ടാക്കി വോട്ടര്‍മാരിലെത്തിക്കുകയാണ് ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള വാട്‌സ് ആപ് കൂട്ടായ്മയില്‍ വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കുകയും പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും നിയന്ത്രണത്തിലുള്ളതും അല്ലാത്തതുമായ പ്രാദേശിക ഗ്രൂപ്പുകളിലെത്തിക്കുകയുമാണു ചെയ്യുക.
ചുവപ്പ് നിറത്തിലുള്ള പശ്ചാത്തലത്തില്‍ അരിവാള്‍ ചുറ്റിക അടയാളം പതിച്ച്, വെള്ള വസ്ത്രം ധരിച്ച് ദുഃഖിതനായി വോട്ടഭ്യര്‍ഥിക്കുന്ന കാരായി രാജന്റെ വീഡിയോയാണ് പുറത്തിറക്കിയിട്ടുള്ളത്. പ്രിയപ്പെട്ട നാട്ടുകാരേ, എന്ന് അഭിസംബോധന ചെയ്തു തുടങ്ങുന്ന വീഡിയോയിയില്‍ ഫസല്‍ വധക്കേസ് നുണക്കഥയാണെന്നും നാടുകടത്തപ്പെട്ടതിനാല്‍ നേരിട്ട് വോട്ടഭ്യര്‍ഥിക്കാനാവുന്നില്ലെന്നും നീതിയുടെ പ്രകാശം അനുകൂലമായി വന്നിട്ടില്ലെന്നും കാരായി രാജന്‍ പരാമര്‍ശിക്കുന്നുണ്ട്. കഥാകൃത്ത് ടി പത്മനാഭനില്‍ നിന്ന് കെട്ടിവയ്ക്കാനുള്ള തുക സ്വീകരിച്ച് അന്തരീക്ഷം മയപ്പെടുത്താന്‍ കാരായി രാജന്‍ തുനിഞ്ഞതും വിചാരിച്ചത്ര ഇഫക്റ്റ് ഉണ്ടാക്കിയിട്ടില്ല.
Next Story

RELATED STORIES

Share it