Districts

പ്രചാരണം കോഴയില്‍ കുരുങ്ങും; യുഡിഎഫ് സമ്മര്‍ദ്ദത്തില്‍

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത് യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗതി ഇനി ബാര്‍കോഴ കേസില്‍ കേന്ദ്രീകരിക്കും. അഴിമതി ആരോപണങ്ങള്‍ക്കു മറുപടി പറയേണ്ടിവരുമെന്നതാണ് യുഡിഎഫ് നേരിടുന്ന പ്രധാന പ്രതിസന്ധി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതുവരെ ബാര്‍കോഴ തീവ്ര പ്രചാരണായുധമായിരുന്നില്ല. പ്രചാരണ രംഗത്ത് എല്‍ഡിഎഫിനോട് മല്‍സരിച്ച് മുന്നേറുന്നതിനിടെ അപ്രതീക്ഷിതമായി രാഷ്ട്രീയസാഹചര്യം മാറിയത് യുഡിഎഫിനെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.
വിധി വന്നയുടന്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിസമ്മതിച്ചപ്പോള്‍ കോടതിവിധി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പ്രതികരണം. ബാര്‍കോഴ കേസ് അട്ടിമറിച്ചെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. വിജിലന്‍സ് ഡയറക്ടറെ സ്വാധീനിച്ച് കെ എം മാണിക്ക് അനുകൂലമായി റിപോര്‍ട്ടുണ്ടാക്കിയെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് കരുത്തുപകരുന്നതാണ് നിലവിലെ കോടതിവിധിയെന്നതും ശ്രദ്ധേയമാണ്.
കോടതി ഉത്തരവിന് തൊട്ടുപിന്നാലെ വിന്‍സന്‍ എം പോള്‍ ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. വിധിക്കെതിരേ സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിക്കാം. എന്നാല്‍, ഹൈക്കോടതിയില്‍നിന്നു വിമര്‍ശനമുണ്ടായാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ്തന്നെ അപകടത്തിലാവുമെന്നതിനാല്‍ അപ്പീലിനും സാധ്യതയില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.
അതേസമയം, തുടരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ പുതിയ തെളിവുകള്‍ കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി ആര്‍ സുകേശന് മുന്നിലുള്ളത്. തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടതില്‍ പുതുമയില്ലെന്നും തെളിവുകള്‍ ലഭ്യമല്ലെന്ന വിജിലന്‍സിന്റെ അന്തിമറിപോര്‍ട്ടില്‍തന്നെ അന്വേഷണമെത്തുമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അഭയാ കേസ്, കവിയൂര്‍ അനഘ കേസ് തുടങ്ങിയവയില്‍ കോടതിനിര്‍ദേശപ്രകാരം തുടരന്വേഷണം നടന്നെങ്കിലും ആദ്യത്തെ കണ്ടെത്തലിന് അപ്പുറം കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായില്ലെന്നുമാണ് നിയമവിദഗ്ധര്‍ പറയുന്നത്.
Next Story

RELATED STORIES

Share it