പ്രകോപനപരമായ പ്രസംഗം: മഅ്ദനിയെ വെറുതെവിട്ടു; 22 വര്‍ഷത്തിന് ശേഷം വന്ന വിധി

കൊച്ചി: നിലമ്പൂരിലെ ചന്തക്കുന്നില്‍ നടന്ന പൊതുസമ്മേളനത്തില്‍ മതവിദ്വേഷം ഉണ്ടാവുന്നതരത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചെന്ന കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു.
എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സിജു ഷെയ്ഖ് ആണ് അബ്ദുന്നാസിര്‍ മഅ്ദനിയെ വെറുതെ വിട്ടുകൊണ്ട് ഉത്തരവായത്. പ്രകോപനപരമായി പ്രസംഗിച്ചെന്ന കുറ്റം അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരേ സംശയാതീതമായി തെളിയിക്കാനായില്ലെന്നു കോടതി കണ്ടെത്തി.
1994 നവംബര്‍ 22നു പിഡിപി ചെയര്‍മാനായിരുന്ന മഅ്ദനി നിലമ്പൂര്‍ ചന്തക്കുന്ന് ബസ് സ്റ്റാന്റി ല്‍ നടത്തിയ പൊതുസമ്മേളനത്തില്‍ മത വിദ്വേഷം ഉണ്ടാകുന്ന തരത്തില്‍ പ്രസംഗം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. രാഷ്ട്രപതി, പ്രധാനമന്ത്രി, ആര്‍മി ചീഫ് ഇവരെല്ലാം ഉന്നത ജാതിയില്‍പ്പെട്ടവരാണെന്നു പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തതില്‍ സ ര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും പ്രസംഗത്തില്‍ പറഞ്ഞിരുന്നുവെന്നും മഅ്ദനിക്കെതിരേ ആരോപണമുണ്ടായിരുന്നു.
ബംഗളൂരു, കോയമ്പത്തൂര്‍ ജയിലുകളില്‍ തടവിലായിരുന്നതിനാല്‍ ഈ കേസിന്റെ വിചാരണാ വേളയില്‍ മഅ്ദനി ഹാജരായിരുന്നില്ല. മഅ്ദനിയുടെ പ്രസംഗം വിമര്‍ശനാത്മകമെന്നു കരുതാനാവുകയുള്ളുവെന്നു കോടതി നിരീക്ഷിച്ചു. കേസിലെ അഞ്ചാം സാക്ഷിയായിരുന്ന കൃഷ്ണകുമാറിന്റെ മൊഴിയനുസരിച്ചു മറ്റു മതവിഭാഗത്തെ പരിഹസിക്കുന്ന രീതിയില്‍ ചിലതൊക്കെ ഉണ്ടായിരുന്നെങ്കിലും മത വിദ്വേഷം സൃഷ്ടിക്കുന്ന തരത്തില്‍ യാതൊന്നും ഉണ്ടായിട്ടില്ലെന്ന് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പ്രകോപനപരമായി പ്രസംഗിച്ചുവെന്നു തെളിയിക്കാന്‍ പറ്റുന്ന യാതൊരു തെളിവുകളും മഅ്ദനിക്കെതിരേ പ്രോസിക്യുഷനു ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേരളത്തിലെ വിവിധ പോലിസ് സ്‌റ്റേഷനുകളിലെ കേസുകള്‍ എറണാകുളത്തെ കോടതിയിലേക്ക് മാറ്റിയത്.
Next Story

RELATED STORIES

Share it