dwaivarika

പ്രകൃതി സംരക്ഷണത്തിന്റെ ആദിമാതൃക

പ്രകൃതി സംരക്ഷണത്തിന്റെ ആദിമാതൃക
X
drought_EPS

സുന്ദര്‍ലാല്‍ ബഹുഗുണ

പ്രകൃതിസംരക്ഷണത്തില്‍ ഇന്ത്യന്‍ സ്ത്രീകള്‍ എന്നും മുന്നണിയിലായിരുന്നു. ഇന്നും ഇന്ത്യയിലെ പരിസ്ഥിതി പ്രവര്‍ത്തനരംഗത്ത് സ്ത്രീകളുടെ ഊര്‍ജ്ജവും സമരവീര്യവുമാണ് പ്രതിരോധത്തെ സചേതനമാക്കുന്നത്.മദ്ധ്യകാലത്ത് ജീവിച്ചിരുന്ന ഒരു സന്യാസിയാണ് സംഭോജി. മരുഭൂമിയുടെ നാടായ രാജസ്ഥാനിലാണ് അദ്ദേഹം ജനിച്ചത്. മറ്റു കര്‍ഷകരെപ്പോലെ സംഭോജിയും പൈക്കളെ മേച്ചു. ഇന്നത്തെപ്പോലെ അന്നും രാജസ്ഥാനില്‍ കനത്ത വരള്‍ച്ചയുണ്ടായിരുന്നു. ജനങ്ങള്‍ കാലികളുമായി ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് പോവുക സാധാരണമായിരുന്നു. ഇങ്ങനെയുള്ള ഒരു വറുതിക്കാലത്ത് സംഭോജി കാലികളുമായി അവിടെത്തന്നെ കൂടി. അദ്ദേഹം പ്രകൃതികോപത്തിന്റെ കാരണമെന്തെന്ന് വിചാരപ്പെട്ടു. മനുഷ്യന്‍ പ്രകൃതിയോട് മോശമായി പെരുമാറുന്നതാണ് കാരണമെന്ന് അദ്ദേഹം കണ്ടെത്തി. അതിനാല്‍ അദ്ദേഹം നല്ല സ്വഭാവത്തിനുള്ള ഇരുപത്തൊമ്പത് നിയമങ്ങളുണ്ടാക്കി. തിരിച്ചെത്തിയ ജനങ്ങള്‍ വളരെ ശ്രദ്ധയോടെ അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചു. അതുപോലെ പ്രവര്‍ത്തിച്ചു. അക്കാലത്ത് അവര്‍ക്ക് ഇരുപതുവരെ എണ്ണാനേ അറിയുമായിരുന്നുള്ളൂ. അതിനാല്‍ അവര്‍ ഇവയെ ഇരുപതും ഒമ്പതും നിയമങ്ങളെന്നു വിളിച്ചു. ഈ നിയമങ്ങളനുസരിച്ച് ജീവിച്ചവര്‍ 'വിഷ്‌ണോയികള്‍.' ഇവയിലെ രണ്ടു നിയമങ്ങള്‍: (1) പച്ച മരങ്ങള്‍ വെട്ടിമുറിക്കരുത്. (2) വന്യമൃഗങ്ങളെ കൊല്ലരുത്. ഇങ്ങനെ പ്രകൃതിസംരക്ഷണം വിശ്വാസത്തിന്റെ സമഗ്രഭാഗമായി. ഇതിനെ 'സാകാ' (ത്യാഗം) എന്നു വിളിച്ചു. സെപ്തംബറിലെ ഭദ്രപാദത്തില്‍ പത്താം ചാന്ദ്രദിവസം ജോഡ്പൂരിലെ കേദാലി ഗ്രാമത്തിലാണ് ത്യാഗത്തിന്റെ പരമോന്നത രൂപം കൊണ്ടാടിയിരുന്നത്. അജയസിംഹ മഹാരാജാവിന് തന്റെ കൊട്ടാരം പണിയാന്‍ ഇത്തിള്‍ചൂള കത്തിക്കുവാന്‍ വിറക് ആവശ്യമായി വന്നു. മരുഭൂമിയില്‍ വിറകുണ്ടായിരുന്നില്ല. കേദാലിയിലെ വിഷ്‌ണോയ് ഗ്രാമത്തില്‍ വലിയ മരങ്ങളുണ്ടെന്ന് ആരോ പറഞ്ഞു. രാജാവിന്റെ മരംവെട്ടുകാര്‍ അവിടേക്ക് ചെന്നു. അവര്‍ ഒരു മരം മുറിക്കാന്‍ തുടങ്ങിയപ്പോള്‍, തൈരു കടഞ്ഞിരുന്ന അമൃതാദേവി എന്ന ഗ്രാമീണ സ്ത്രീ മഴു വീഴുന്ന ശബ്ദം കേട്ടു. അവര്‍ വെല്ലുവിളിച്ചു: ''നിര്‍ത്തൂ, ഇത് ഞങ്ങളുടെ വിശ്വാസത്തിന് എതിരാണ്.''”മരംവെട്ടുകാര്‍ ഗര്‍ജ്ജിച്ചു: ''നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം കാക്കണമെന്നുണ്ടെങ്കില്‍ രാജാവിന് പിഴയടയ്ക്കുക.'' പക്ഷേ, അമൃതാദേവി ഉറച്ചുനിന്നു. വിശ്വാസം സംരക്ഷിക്കാന്‍ പിഴയടയ്ക്കുന്നത് വിശ്വാസത്തെ നിന്ദിക്കലാണ്.”എങ്ങനെ വൃക്ഷങ്ങളെ രക്ഷിക്കും? ഉടന്‍ അവര്‍ നിശ്ചയിച്ചു. 'മരം രക്ഷിക്കാന്‍ ഒരാളുടെ തലതന്നെ കൊടുക്കുന്നതില്‍ തെറ്റില്ല.' അവര്‍ മരം കെട്ടിപ്പിടിച്ചു. അവര്‍ കൊത്തിനുറുക്കപ്പെട്ടു. അവരെ പിന്തുടര്‍ന്ന് അവരുടെ മൂന്നു മക്കള്‍. ഈ വാര്‍ത്ത കാട്ടുതീപോലെ അയല്‍ഗ്രാമങ്ങളില്‍ പടര്‍ന്നു. 363 പുരുഷന്മാരും സ്ത്രീകളും ജീവത്യാഗം ചെയ്തു. ലോകചരിത്രത്തില്‍ പ്രകൃതിസംരക്ഷണത്തിനുള്ള ജീവന്മരണ പോരാട്ടത്തിലെ ആദ്യത്തെ സംഭവമായിരുന്നു ഇത്.  (അവലംബം: പൂര്‍ണ്ണോദയ, ജൂലൈ 92)
Next Story

RELATED STORIES

Share it