പ്രകൃതിസംരക്ഷണം; ബോധവല്‍ക്കരണത്തിന് ഹരിത ട്രൈബ്യൂണല്‍ ഉപകരിക്കും: ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍

കൊച്ചി: പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ ഹരിത ട്രൈബ്യൂണലിനു സാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍. കൊച്ചിയിലെ ഹരിത ട്രൈബ്യൂണലിന്റെ സ്‌പെഷ്യല്‍ സര്‍ക്യൂട്ട് ബെഞ്ച് ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിക്ക് നമ്മളെ ആവശ്യമില്ല, മറിച്ച് നമുക്കാണ് പ്രകൃതിയെ വേണ്ടത്. ഈ തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടെങ്കില്‍ ഇത്തരത്തിലൊരു ട്രൈബ്യൂണലിന്റെ ആവശ്യം വരില്ലെന്നും അദ്ദേഹം പറഞ്ഞു.
2014ല്‍ ആറുമാസം കൊണ്ട് ബെഞ്ച് 82 കേസുകള്‍ക്ക് തീര്‍പ്പു കല്‍പ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിത ട്രൈബ്യൂണലിന്റെ കൊച്ചിയിലെ സ്‌പെഷ്യല്‍ സര്‍ക്യൂട്ട് ബെഞ്ച് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഓരോ വ്യക്തിയും സ്വയം വിലയിരുത്തുന്നതിനുള്ള സമയമാണിതെന്നും നിലവിലെ സാഹചര്യങ്ങളെക്കാളേറെ വരാനിരിക്കുന്ന തലമുറയ്ക്ക് നല്ലൊരു പ്രകൃതിയെ സമ്മാനിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ (കെഎച്ച്‌സിഎ) പ്രസിഡന്റ് എസ് യു നാസര്‍ അധ്യക്ഷത വഹിച്ചു. കെഎച്ച്‌സിഎഎ സെക്രട്ടറി ജഗന്‍ എബ്രഹാം എം ജോര്‍ജ്, അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി, എന്‍ നാഗരേഷ്, കെഎച്ച്‌സിഎഎ വൈസ് പ്രസിഡന്റ് കൃഷ്ണദാസ് പി നായര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it