Second edit

പ്രകൃതിയുടെ തിരിച്ചടി

എന്തുകൊണ്ടാണ് നാം രോഗികളായിക്കൊണ്ടിരിക്കുന്നത്? പ്രകൃതിയെ പീഡിപ്പിക്കുന്നതിന്റെ ഫലമാണെന്നു പറഞ്ഞാല്‍ അവിശ്വസിക്കരുത്. ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നടക്കുന്ന മണ്ണ്, കഴിക്കുന്ന ഭക്ഷണം എല്ലാം മലിനമാണ്. അതിന്റെ ഫലമായിട്ടാണ് പല തരം രോഗങ്ങള്‍ നമ്മെ വേട്ടയാടുന്നത്. ഇത് വെറും വാചകമടിയല്ല, സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍മെന്റ് ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ബന്ധപ്പെടുത്തി ഇക്കൊല്ലം നടത്തിയ പഠനത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നതാണ്.
ഇന്ത്യയിലെ മരണനിരക്കില്‍ അഞ്ചിലൊന്നിനു കാരണം ഹൃദ്രോഗം, ശ്വാസോച്ഛ്വാസതടസ്സം, ശ്വാസകോശരോഗം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളാണ്. ഇവ ബാധിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിലൂടെയാണെങ്കില്‍ ഡയറിയ പോലുള്ള സാംക്രമിക രോഗങ്ങള്‍ക്കു കാരണം ജലമലിനീകരണമാണ്. ഡയറിയ മൂലം വര്‍ഷംതോറും ഒന്നര ദശലക്ഷത്തിലേറെ കുഞ്ഞുങ്ങളാണ് അകാലചരമം പ്രാപിക്കുന്നത്. ഇനി ഡെങ്കിപ്പനി, മലേറിയ പോലുള്ള പകര്‍ച്ചവ്യാധികളാവട്ടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കീടനാശിനി പ്രയോഗം മൂലമുള്ള മരണനിരക്ക് 15 വര്‍ഷത്തിനകം കാന്‍സര്‍ ദുരന്തത്തേക്കാള്‍ 20 ഇരട്ടി കൂടാനിടയുണ്ടത്രേ. പഞ്ചാബില്‍ നിന്നു ശേഖരിച്ച രക്തസാംപിളുകളില്‍ മാത്രം 15 വ്യത്യസ്ത കീടനാശിനികള്‍ കണ്ടെത്തിയിട്ടുണ്ട്. വിഷമയമായ ജീവിതരീതികളില്‍ നിന്ന് എത്രത്തോളം മനുഷ്യന്‍ അകന്നുനില്‍ക്കുന്നുവോ അത്രത്തോളം അവന്റെ ആരോഗ്യം തന്നെയാണ് മെച്ചപ്പെടുക.
Next Story

RELATED STORIES

Share it