kasaragod local

പ്രകാശ് എസ്റ്റേറ്റ്: നാട്ടുകാര്‍ താലൂക്ക് ഓഫിസ് ഉപരോധിച്ചു

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടിലെ പ്രകാശ് എസ്റ്റേറ്റിലെ കൈവശ കര്‍ഷകരില്‍ നിന്നും നികുതി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കൈവശകര്‍ഷകര്‍ വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസ് ഉപരോധിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കൈവശ കര്‍ഷക കുടുംബങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് താലൂക്ക് ഓഫിസിന്റെ പ്രവര്‍ത്തനം നിലച്ചു. പ്രകാശ് എസ്റ്റേറ്റിലെ കൈവശ കര്‍ഷകരുടെ നികുതി സ്വീകരിക്കേണ്ടന്ന ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് 2013 മുതല്‍ ഈ പ്രദേശത്തെ 205 കര്‍ഷകരുടെ നികുതി സ്വീകരിക്കുന്നില്ല. ഇതുകൊണ്ട് ഇവര്‍ക്ക് ബാങ്ക് വായ്പയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നുമില്ല.
പല കുടുംബങ്ങളും ജപ്തിഭീഷണിയിലാണ്. 1962ലാണ് സര്‍വെ നമ്പര്‍ 4543/64, 4544/64 എന്നീ നമ്പറിലുള്ള 600 ഏക്കര്‍ സ്ഥലം പ്രകാശ് പ്ലാന്റേഷന്‍ ലിമിറ്റഡ് എന്ന കമ്പനി സ്വന്തമാക്കിയത്. ഭൂപരിഷ്‌ക്കരണ നിയമത്തെ തുടര്‍ന്ന് 315 ഏക്കര്‍ സ്ഥലവും മിച്ച ഭൂമിയായി 30 ഏക്കര്‍ സ്ഥലവും സര്‍ക്കാര്‍ എറ്റെടുത്തു. ബാക്കി 275 ഏക്കര്‍ സ്ഥലം പ്ലാന്റേഷന്‍ നിയമ പ്രകാരം കമ്പനിക്ക് ലഭിച്ചു.
പ്ലാന്റേഷന്‍ എന്ന നിലയില്‍ പട്ടയം ലഭിച്ച സ്ഥലം എസ്റ്റേറ്റ് ഉടമകള്‍ മുറിച്ച് വില്‍ക്കുകയായിരുന്നു. ഇത് പ്രകാരം പണം നല്‍കി ഭൂമി വാങ്ങിയ കൈവശക്കാരാണ് ഇപ്പോള്‍ കുടിയിറക്ക് ഭീഷണി നേരിടുന്നത്.
കേരള ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം പ്ലാന്റേഷന്‍ ഭൂമി മുറിച്ച് വില്‍ക്കാന്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചാണ് പ്രകാശ് എസ്റ്റേറ്റ് കൈവശക്കാര്‍ സ്ഥലം വാങ്ങിയതെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ 2013 മെയ് 26ന് ഒരു ഉത്തരവിലൂടെ കൈവശ കര്‍ഷകരുടെ നികുതി വാങ്ങുന്നത് നിഷേധിച്ചു. ഇതോടെ കര്‍ഷകര്‍ ദുരിതത്തിലായി.
നിയമവിരുദ്ധമായി പ്രകാശ് എസ്റ്റേറ്റ് ഉടമകള്‍ ഭൂമി മുറിച്ച് വിറ്റതിനെതിരെ നടപടി സ്വീകരിക്കാനോ ഇത് തടയാനോ ജില്ലാ ഭരണകൂടമോ സര്‍ക്കാരോ ഒരു നടപടിയും സ്വീകരിച്ചില്ല. കുടിയേറ്റ കര്‍ഷകര്‍ ന്യായ വില നല്‍കിയാണ് അന്ന് ഭൂമി വാങ്ങിയത്. വര്‍ഷങ്ങളുടെ അധ്വാനത്തിന്റെ ഫലമായാണ് തരിശായി കിടന്ന സ്ഥലം ഫലപൂയിഷ്ടമായ കൃഷിയിടമായി മാറിയത്. സംസ്ഥാനത്ത് പലയിടത്തും എസ്റ്റേറ്റുകള്‍ മുറിച്ച് വിറ്റിട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്കെതിരെ ഇത്തരം നടപടിയുണ്ടായിട്ടില്ല.
കൈവശ ഭൂമിക്ക് അവകാശം ലഭിക്കുന്നതിന് മരണം വരെ പോരാടുമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. വെള്ളരിക്കുണ്ട് ഫെറോന വികാരി ഫാ. ആന്റണി തെക്കേമുറി ഉദ്ഘാടനം ചെയ്തു. കര്‍മ്മസമിതി ഭാരവാഹികളായ ബിജു തുളുശ്ശേരി, ജോഷ്വാ ഒഴുകയില്‍, ലൂസി ജോസഫ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it