kasaragod local

പ്രകാശ് എസ്റ്റേറ്റ്: കൈവശ കര്‍ഷകര്‍ അനിശ്ചിതകാല സമരത്തിലേക്ക്

കാസര്‍കോട്: വെള്ളരിക്കുണ്ട് പ്രകാശ് എസ്‌റ്റേറ്റിലെ ഭൂമി വാങ്ങി വഞ്ചിതായവര്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. അഞ്ചിന് വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസ് ഉപരോധവും അനിശ്ചിത കാല രാപകല്‍ സമരവും നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തലശ്ശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും.
പ്രകാശ് പ്ലാന്റേഷനില്‍ നിന്നും 256.41 ഏക്കര്‍ ഭൂമി 205 കുടുംബങ്ങള്‍ വാങ്ങിയിരുന്നു. വിലയ്ക്ക് വാങ്ങിയ ഭൂമിയുടെ നികുതി നാലു പതിറ്റാണ്ടോളം അടച്ചു. എന്നാല്‍ രണ്ടു വര്‍ഷത്തോളമായി ഭൂനികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഭൂമി വാങ്ങിയവര്‍ ദുരിതത്തിലാണ്. നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും പ്രശ്‌നം പരിഹരിക്കാനുള്ള യാതൊരു നീക്കവും നടന്നിട്ടില്ലെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു.
മന്ത്രിസഭ ഉപസമിതിയെ പ്രശ്‌നപരിഹാരത്തനായി നിയോഗിച്ചെങ്കിലും ഉപസമിതി ചേര്‍ന്നിട്ടില്ല.
വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിന് മുമ്പില്‍ തങ്ങളുടെ ഭൂ നികുതി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാപ്പകല്‍ ഉപരോധം സംഘടിപ്പിച്ചിരുന്നു. ഉപരോധത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഒരു മാസത്തിനകം തീരുമാനം കൈകൊള്ളാമെന്ന് എഡിഎം എച്ച് ദിനേശ് സമര സമിതിക്ക് ഉറപ്പു നല്‍കിയിരുന്നു.
എഡിഎമ്മും ഇ ചന്ദ്രശേഖരന്‍ എംഎല്‍എയും സര്‍ക്കാറുമായി ബന്ധപ്പെട്ടാണ് തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും കര്‍ഷകരുടെ ഭൂ നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് സമര സമിതി രണ്ടാം ഘട്ട സമരത്തിനൊരുങ്ങുന്നത്. എസ്‌റ്റേറ്റിലെ അനധികൃത ഭൂമിയായി ബാക്കി വന്ന 41 ഏക്കര്‍ പ്രകാശ് പ്ലാന്റേഷന്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.ഉപരോധത്തിന് വിവിധ രാഷ്ട്രീയ രാഷ്ട്രീയ പാര്‍ട്ടികളും, സാമൂഹിക നേതാക്കളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വാര്‍ത്തസമ്മേളനത്തില്‍ തലശ്ശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞെരളക്കാട്ട്, ബിജു തുളശ്ശേരിയില്‍, ബേബി പനക്കാത്തോട്ടം, ജോസ് കാക്കക്കൂടുങ്കല്‍, ജോസഫ് കുമ്മിണിയില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it