Science

പ്രകാശം എന്ന വിസ്മയം

ശ്രുതി എം.എം






കണ്‍തുറന്ന് ചുറ്റുമൊന്നു നോക്കൂ. പച്ച നിറമുള്ള മരങ്ങള്‍, വിവിധ നിറത്തിലുള്ള പക്ഷി-മൃഗാദികള്‍, ആഴക്കടലിന്റെ നീല നിറം ഇങ്ങനെ വര്‍ണപ്രപഞ്ചമാണ് കാണാന്‍ കഴിയുക. ഇതെല്ലാം പ്രകാശം നമുക്കു സമ്മാനിക്കുന്നത് കാഴ്ചയുടെ വിസ്മയങ്ങളാണ്. വെളിച്ചമില്ലെങ്കില്‍ എങ്ങനെയിരിക്കും ഈ ലോകം? അസ്തമയ സൂര്യനെയും ആകാശവും കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തെയും കാണാന്‍ കഴിയാതിരിക്കുന്നത്. സങ്കല്‍പ്പിക്കാനാവുന്നില്ല അല്ലേ? പ്രകാശം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. പ്രകാശത്തിന്റെ പ്രാധാന്യവും സംഭാവനകളും മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷം അന്താരാഷ്ട്ര പ്രകാശവര്‍ഷമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടന 68ാമത് സമ്മേളനം നടന്ന 2013 ഡിസംബര്‍ 20നാണ് 2015 അന്താരാഷ്ട്ര പ്രകാശവര്‍ഷമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. പ്രകാശത്തിന്റെയും പ്രകാശ ഉപകരണങ്ങളുടെയും പ്രാധാന്യത്തെ കുറിച്ചു ജനങ്ങളെ ബോധവാന്‍മാരാക്കുകയാണ് വര്‍ഷാചരണം കൊണ്ട് യു.എന്‍. ലക്ഷ്യമിടുന്നത്.

സണ്‍ ഡോഗ്‌സ്

പുരാതനകാലം മുതലേ മനുഷ്യര്‍ ശ്രദ്ധിച്ചിരുന്ന പ്രകാശ പ്രതിഭാസങ്ങളിലൊന്നാണിത്. പ്രകാശം അസ്തമയ സൂര്യനു ചുറ്റുമുള്ള ഐസ് ക്രിസ്റ്റലുകളില്‍ തട്ടി ഒരു വലിയ പ്രഭാവലയം ഉണ്ടാക്കുന്നു. ഇതിന്റെ ഇരുവശങ്ങളിലും ഓരോ ബിന്ദു ഉണ്ടായിരിക്കും. പ്രകാശത്തിന്റെ പ്രതിഫലനം ശരിയായ രീതിയിലാണെങ്കില്‍ ഈ ബിന്ദുക്കള്‍ സൂര്യനെപ്പോലെ ശോഭയോടെ കാണപ്പെടുന്നു. അപ്പോള്‍ മൂന്നു സൂര്യന്മാര്‍ ഒന്നിച്ചു നില്‍ക്കുന്നതായി തോന്നും. യഥാര്‍ഥ സൂര്യന്റെ അസ്തമയത്തോടെ ഇവയും അസ്തമിക്കും.

നാണയം പ്രത്യക്ഷപ്പെടുത്താന്‍
പ്രകാശത്തിന്റെ മാജിക്ക് നേരിട്ട് അറിയണോ? അതിനായി ഒരു പരീക്ഷണം നടത്താം. ഒരു പ്ലാസ്റ്റിക് കപ്പ്, നാണയം, കുറച്ചു വെള്ളം ഇവ എടുക്കുക. നാണയം കപ്പില്‍ ഇടുക. ഇനി നാണയത്തിലേക്ക് നോക്കി പിന്നോട്ടു നടക്കണം. നാണയം കാണാന്‍ കഴിയാത്ത അവസ്ഥയിലെത്തുമ്പോള്‍ നടത്തം നിര്‍ത്താം. ഇനി കൂട്ടുകാരോട് കപ്പില്‍ വെള്ളം ഒഴിക്കാന്‍ പറയണം. ജലനിരപ്പ് ഉയരുമ്പോള്‍ കാണാതായ നാണയം ദൃശ്യമാവുന്നതു കാണാം. ഇതിന്റെ കാരണം അറിയണ്ടേ? നാണയത്തില്‍ നിന്നുള്ള പ്രകാശം കണ്ണില്‍ പതിക്കാതെ ആയപ്പോഴാണ് അത് കാണാതായത്. എന്നാല്‍, വെള്ളമൊഴിച്ചപ്പോള്‍ പ്രകാശത്തിന്റെ സഞ്ചാരപാത കുറച്ചു കൂടി താഴുകയും അത് നമ്മുടെ കണ്ണിലെത്തുകയും ചെയ്തു. അതായത് അപ്പോള്‍ നാണയം യഥാര്‍ഥ സ്ഥാനത്തു നിന്ന് അല്‍പ്പം മുകളില്‍ നില്‍ക്കുന്നതായി നമുക്കു തോന്നും.

ഫയര്‍ റെയിന്‍ബൊ

ആകാശത്ത് സിറസ് മേഘങ്ങളും അവയില്‍ പരന്ന ഐസ് പരലുകളും രൂപംകൊള്ളുമ്പോള്‍ കാണപ്പെടുന്ന ഒരു പ്രതിഭാസമാണ് ഫയര്‍ റെയിന്‍ബൊ. സൂര്യന്‍ ഉയര്‍ന്നുകഴിയുമ്പോള്‍ ചില മേഘങ്ങളില്‍ വിവിധ വര്‍ണങ്ങളിലുള്ള തീ പടര്‍ന്നുനില്‍ക്കുന്നതു പോലെ അവ കാണപ്പെടുന്നു. അക്ഷാംശരേഖ 45 ഡിഗ്രി വടക്കും തെക്കുമുള്ള സ്ഥലങ്ങളിലാണ് ഇത് കാണപ്പെടുന്നത്.

മരീചിക
ഭൂതലത്തോടടുത്ത വായുവിലെ അടുത്തുള്ള തലങ്ങള്‍ തമ്മില്‍ ഗണ്യമായ താപനില വ്യത്യാസം ഉള്ള അവസരങ്ങളില്‍ അനുഭവപ്പെടുന്ന ഒരു പ്രകാശിക പ്രതിഭാസമാണ് മരീചിക. ഉയര്‍ന്ന താപനിലാ വ്യത്യാസം മൂലം പ്രകാശത്തിന് സാധാരണയില്‍ കവിഞ്ഞ അപഭംഗം തുടര്‍ച്ചയായി സംഭവിച്ച് വസ്തുക്കളുടെ പ്രതിബിംബം ഉണ്ടാവുന്നു. ഉയരെ നിന്നു താഴേക്കു വരുന്ന രശ്മികള്‍ മുകളിലേക്കു വളയുന്നു. അങ്ങനെ, താഴെ ജലമുണ്ടായെന്ന പോലെ വസ്തുക്കളുടെ തലകീഴായുള്ള പ്രതിബിംബം ഉണ്ടാവുന്നു. ഇതിന് അധോവൃത്തി പ്രതിബിംബം എന്നു പറയുന്നു. നല്ല ചൂടുള്ളപ്പോള്‍ മിനുസപ്പെടുത്തിയ റോഡിലും മറ്റും ഇത് വ്യക്തമായി കാണാം. വെള്ളമുള്ളതായി തോന്നും.തറയോടടുത്ത് തണുത്ത തലങ്ങളായാല്‍ രശ്മികള്‍ താഴേക്കാണ് വളയുക. അതിന്റെ ഫലമായി തറയില്‍ നിന്ന് ഉയര്‍ന്ന്, നിവര്‍ന്നു തന്നെയുള്ള പ്രതിബിംബം ഉണ്ടാവുന്നു. ഇതിന് ഊര്‍ധ്വവൃത്തി പ്രതിബിംബം എന്നു പറയുന്നു. അപ്പോള്‍ വസ്തുക്കള്‍ വായുവില്‍ ഉയര്‍ന്ന് നില്‍ക്കുന്നതുപോലെയാണ് തോന്നുക.

അമ്പെയ്ത് മീന്‍ പിടിക്കല്‍
പണ്ടുകാലത്ത് ആളുകള്‍ മീന്‍ പിടിച്ചിരുന്നത് അമ്പെയ്താണ്. ഇപ്പോഴും ഈ രീതി ആദിവാസികള്‍ പരീക്ഷിക്കാറുണ്ട്. സാധാരണ അമ്പെയ്യുക ലക്ഷ്യസ്ഥാനം നോക്കിയാണ്. എന്നാല്‍, വെള്ളത്തിലെ മീന്‍ പിടിക്കാന്‍ ലക്ഷ്യസ്ഥാനം നോക്കി അമ്പെയ്താല്‍ ഒന്നും കിട്ടില്ല. കാരണം മല്‍സ്യത്തില്‍നിന്നു വരുന്ന പ്രകാശരശ്മികള്‍ അപവര്‍ത്തനത്തിന് വിധേയമാവും. അതിനാല്‍ മീനിന്റെ സ്ഥാനം യഥാര്‍ഥത്തില്‍ നിന്നും അല്‍പ്പം കൂടി മുകളിലായാണ് നമുക്ക് ദൃശ്യമാവുക. അപ്പോള്‍ മല്‍സ്യത്തെ കിട്ടാന്‍ കാണുന്ന സ്ഥാനത്തില്‍നിന്ന് അല്‍പ്പം കൂടി താഴോട്ട് ലക്ഷ്യംവച്ചു വേണം അമ്പെയ്യാന്‍.
Next Story

RELATED STORIES

Share it