പോസ്‌കോ നിയമം: ആചാരപ്രകാരം വിവാഹം ചെയ്ത ആദിവാസികള്‍ ജയിലില്‍

ജംഷീര്‍ കൂളിവയല്‍

കല്‍പ്പറ്റ: ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ തടയുന്ന നിയമം (പോസ്‌കോ) നടപ്പാക്കുന്നതിലൂടെ 'ഇരകളാക്കപ്പെടുന്ന പ്രതികള്‍ക്കായി മനുഷ്യാവകാശ പ്രവര്‍ത്തകരും ആദിവാസി സംഘടനാപ്രവര്‍ത്തകരും ഒത്തുചേരുന്നു. ആചാരപ്രകാരം പതിനെട്ട് വയസ്സ് തികയാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്ന കാരണത്താലാണ് പണിയ യുവാക്കള്‍ക്കുമേല്‍ പോസ്‌കോ നിയമം ചുമത്തപ്പെടുന്നത്.
കുറ്റം ചുമത്തപ്പെടുന്നവര്‍ നിയമത്തിന്റെ ഇരകളായി മാറുന്നുവെന്നതാണു യാഥാര്‍ഥ്യം. ഇങ്ങനെ നിരവധി ആദിവാസി യുവാക്കള്‍ ജാമ്യംപോലുമില്ലാതെ ജയിലില്‍ കഴിയേണ്ടി വരുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും ആദിവാസി സംഘടനാ നേതാക്കളും ഒത്തുചേരുന്നത്. വയനാട്ടില്‍ മാത്രം 20 പേരാണ് ജയിലില്‍ കഴിയുന്നത്. മാനന്തവാടി ജില്ലാ ജയിലിലെ പട്ടികവര്‍ഗക്കാരായ 22 തടവുകാരില്‍ ഭൂരിഭാഗവും പോസ്‌കോ ചുമത്തപ്പെട്ടവരാണ്.
വൈത്തിരി സബ് ജയിലില്‍ 25 പട്ടികവര്‍ഗക്കാരില്‍ 15ഓളം പേരും ഇത്തരത്തിലുള്ളവര്‍. എല്ലാവരും 19നും 25നും പ്രായപരിധിക്കുള്ളിലുള്ളവരാണ്. പണിയ വിഭാഗത്തില്‍ പെണ്ണും ചെറുക്കനും ഇഷ്ടപ്പെട്ടാല്‍ ഒന്നിച്ചു താമസിക്കുകയാണു ചെയ്യുക. പെ ണ്‍കുട്ടി വയസ്സറിയിച്ചാല്‍ ചെറുക്കനോടൊപ്പം താമസിക്കുകയാണു രീതി. ഈ ആചാരം സജീവമായി പണിയ വിഭാഗത്തിനിടയില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പെണ്‍കുട്ടിക്ക് 18 വയസ്സ് തികയാത്തതിനാല്‍ പോലിസ് പോസ്‌കോ നിയമപ്രകാരം യുവാക്കള്‍ക്കെതിരേ കേസെടുക്കുകയാണ്. വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയായ ഭാര്യയെ ചികില്‍സയ്ക്കായി ആശുപത്രിയിലെത്തിക്കുമ്പോള്‍ ഡോക്ടറുടെ പരാതിയില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ച സംഭവങ്ങള്‍ നിരവധിയാണ്.
ആദിവാസി പെണ്‍കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവങ്ങളി ല്‍ പ്രതിചേര്‍ക്കപ്പെട്ട പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ നിയമത്തിന്റെ പഴുതുപയോഗിച്ചു രക്ഷപ്പെടുമ്പോഴാണ് 'വിവാഹം ചെയ്ത ഭാര്യയെ സംരക്ഷിക്കുന്ന ഭര്‍ത്താവ് ശിക്ഷിക്കപ്പെടുന്നത്. പണിയ വിഭാഗങ്ങളില്‍ സ്വന്തമായി ഭൂമിയുള്ളവര്‍ ന്യൂനപക്ഷമാണ്. ഭൂരിഭാഗവും കൈവശക്കാര്‍. ഇതുകൊണ്ട് തന്നെ ജാമ്യം ലഭിച്ചാല്‍ നികുതി അടച്ച രശീതി ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ തുടര്‍ന്നും ജയിലില്‍ തന്നെ കഴിയേണ്ടിവരുന്നു.
നിയമം കര്‍ശനമായി നടപ്പാക്കുമ്പോള്‍ ബലാല്‍സംഗത്തിന്റെ 376ാം വകുപ്പും ചുമത്തിയാണ് 'ഭര്‍ത്താവിനെ' ജയിലിലടയ്ക്കുന്നത്. ഇതോടെ ഭാര്യ കൈക്കുഞ്ഞുമായി കേസിനു പിറകെ പോകേണ്ടിവരുന്നു. ജയിലിലുള്ളതു ഭര്‍ത്താവാണെന്നും പരാതിയില്ലെന്നുമുള്ള പെണ്‍കുട്ടിയുടെ നിഷ്‌കളങ്കമായ വാദത്തിനുപോലും കടുത്ത നിയമത്തിനും അധികാരികള്‍ക്കും മുന്നി ല്‍ വിലയില്ലാതാവുകയാണ്.
കാലങ്ങളായി നിലനില്‍ക്കുന്ന ഗോത്രാചാര രീതിയില്‍ കല്യാണം കഴിച്ച് ജീവിതത്തിലേക്കു കൂട്ടിയ പങ്കാളിക്ക് 18 തികഞ്ഞിട്ടില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് ഇവരെ പോസ്‌കോ നിയമത്തിന്റെ ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് ജാമ്യം നിഷേധിച്ച് ജയിലിലടയ്ക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. പി ജി ഹരി പറഞ്ഞു. ഇതി ല്‍ ഏതൊക്കെ തരത്തില്‍ നിരപരാധികള്‍ക്ക് അനുകൂലമായി ഇടപെടാന്‍ കഴിയുമെന്ന് ആലോചിക്കുന്നതിനായി ഏഴിനു രാവിലെ 11 മുതല്‍ കല്‍പ്പറ്റയില്‍ യോഗം ചേരും. പൊതുപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ആദിവാസി സംഘടനാ നേതാക്കള്‍, അഭിഭാഷകര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it