Thrissur

പോസ്റ്റ് ഓഫിസ് മാറ്റുന്നതിന് കരാറൊപ്പിട്ടു

തൃശൂര്‍: നഗരവികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോസ്റ്റ് ഓഫിസ് കെട്ടിടം മാറ്റുന്നതിന് നടപടിയായി. കെട്ടിടം പൊളിച്ച് മാറ്റുന്നതിന്റെ ഭാഗമായി പോസ്റ്റ് ഓഫിസ് കോര്‍പറേഷന്‍ വക പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് കരാറൊപ്പിട്ടു. കരാര്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ അനുതി നല്‍കിയതിനെ തുടര്‍ന്നാണ് ഇന്നലെ മേയര്‍ രാജന്‍ ജെ പല്ലന്റെ സാന്നിധ്യത്തില്‍ കോര്‍പറേഷന് വേണ്ടി സെക്രട്ടറി കെ എം ബഷീറും പോസ്റ്റല്‍ വകുപ്പിന് വേണ്ടി സീനിയര്‍ സൂപ്രണ്ട് സി ആര്‍ രാമകൃഷ്ണനും അസി.

സൂപ്രണ്ട് ബിന്ദു വര്‍മയും കരാറില്‍ ഒപ്പുവെച്ചത്. പോസ്റ്റ് ഓഫിസിനു നല്‍കിയ 16.5 സെന്റ് സ്ഥലം രണ്ട് മാസത്തിനകം പോസ്റ്റല്‍ വകുപ്പിന് കോര്‍പറേഷന്‍ ചെലവില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്നതും ഇവിടെ 3500 ച.അടി വിസ്തീര്‍ണത്തില്‍ കെട്ടിടം നിര്‍മിച്ചു നല്‍കണമെന്നതുമാണ് കരാറിലെ പ്രധാന നിബന്ധന. എട്ട് മാസത്തിനകം പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണം.

കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ കോര്‍പറേഷന്‍ വക കെട്ടിടത്തില്‍ പോസ്റ്റ് ഓഫിസ് വാടകയില്ലാതെ പ്രവര്‍ത്തിക്കും. കൗണ്ടറുകളും, ഇലക്ട്രിക് കണക്ഷന്‍, വാട്ടര്‍ കണക്ഷന്‍, വയറിംഗ്, പോസ്റ്റ്ഓഫീസിലെ സാധനങ്ങള്‍ ഷിഫ്റ്റിംഗ് ചെയ്യാനുള്ള ചെലവ് കോര്‍പ്പറേഷന്‍ വഹിക്കണം.പഴയ പോസ്റ്റ് ഓഫിസ് കെട്ടിടത്തിന് വിലയായി 3,52,240 രൂപ കോര്‍പ്പറേഷന്‍ നല്‍കണമെന്നും കരാറില്‍ വ്യവ്‌സഥയുണ്ട്.കരാര്‍ രജിസ്റ്റര്‍ ചെയ്ത് 10 ദിവസത്തിനുള്ളില്‍ പോസ്റ്റ്ഓഫിസ് താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കും.ഡെപ്യൂട്ടി മേയര്‍ പി വി സരോജിനി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ ഗിരീഷ്‌കുമാര്‍, ഡോ. എം ഉസ്മാന്‍, കൗ ണ്‍സിലര്‍ ജയപ്രകാശ് പൂവ്വത്തിങ്കല്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം വി രാജന്‍, റവന്യു ഇന്‍സ്‌പെക്ടര്‍ ഇ ഡി ബെന്നി പങ്കെടുത്തു.
Next Story

RELATED STORIES

Share it